മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ഭേദഗതിബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും

[mbzauthor]

2002 ലെ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്ലിനു കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഇതോടെ, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഭരണവും സുതാര്യതയും മെച്ചപ്പെടുമെന്നും ഉത്തരവാദിത്തം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘങ്ങളില്‍ സമയബന്ധിതമായി സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞടുപ്പ് ഉറപ്പാക്കുന്നതിനു തിരഞ്ഞെടുപ്പ് അതോറിറ്റിയെ നിയോഗിക്കും. ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ വരുന്ന ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

രാജ്യത്തെ ആയിരത്തിയഞ്ഞൂറിലധികം വരുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ സഹകരണ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സഹകരണ ഓംബുഡ്സ്മാന്‍ എന്നിവരെ നിയമിക്കാന്‍ ഭേദഗതി ബില്ലില്‍ നിര്‍ദേശമുണ്ട്. കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താനായി സംഘം ഭരണസമിതിയില്‍ വനിതകള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കും. രണ്ടു സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യും. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിന് ഒരു സീറ്റും. പ്രൊഫഷണല്‍ വൈദഗ്ധ്യം കൈവരിക്കാന്‍ ബാങ്കിങ്, മാനേജ്മെന്റ്, സഹകരണം, ഫിനാന്‍സ് മേഖലകളില്‍ നിന്നുള്ള പരിചയസമ്പന്നരെ ഡയരക്ടര്‍മാരായി കോ-ഓപ്റ്റ് ചെയ്യാം. ആയാസരഹിത ബിസിനസ് പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും ഭേദഗതി ബില്ലില്‍ നിര്‍ദേശങ്ങളുണ്ട്.

സാമ്പത്തിക ക്രമക്കേട്, തിരഞ്ഞെടുപ്പ് വൈകിക്കല്‍, ഒരേ വ്യക്തിതന്നെ നീണ്ട കാലം ഭാരവാഹിയായി തുടരല്‍ തുടങ്ങിയ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘനിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതെന്നു മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. 97-ാമതു ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തും. സംഘം തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുന്നവരെ മൂന്നു വര്‍ഷം അയോഗ്യരാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ യൂണിയന്‍ ലിസ്റ്റില്‍പ്പെടുന്നതാണെങ്കിലും എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ചശേഷമാണു ഭേദഗതികള്‍ കൊണ്ടുവന്നതെന്നു മന്ത്രി പറഞ്ഞു. 500 കോടി രൂപ നിക്ഷേപമോ വിറ്റുവരവോ ഉള്ള മള്‍ട്ടി സ്റേറ്റ് സംഘങ്ങളിലെ ഓഡിറ്റ് കേന്ദ്ര സര്‍ക്കാരിന്റെ പാനലിലുള്ള ഓഡിറ്റര്‍മാരെക്കൊണ്ടേ നടത്തിക്കാവൂ. വഞ്ചനയോ സാമ്പത്തിക ക്രമക്കേടോ കാണിച്ചാലും തിരഞ്ഞെടുപ്പ് നടത്താതിരുന്നാലും കേന്ദ്ര സര്‍ക്കാരിനു സംഘം ഭരണസമിതി പിരിച്ചുവിടാന്‍ ബില്‍ അധികാരം നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേന്ദ്രത്തിന്റെ ഓഹരികള്‍ വില്‍ക്കാന്‍ സംഘങ്ങള്‍ക്കാവില്ല- മന്ത്രി പറഞ്ഞു.

പ്രവര്‍ത്തനത്തിനായി കൂടുതല്‍ ഫണ്ട് ശേഖരിക്കാന്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കു ബില്ലില്‍ അനുമതി നല്‍കുന്നുണ്ട്. ഇതിനായി വോട്ടവകാശമില്ലാത്ത ഓഹരികള്‍ നല്‍കാം.

[mbzshare]

Leave a Reply

Your email address will not be published.