സഹകരണ സംഘങ്ങളിലെ കുടുംബവാഴ്ച അവസാനിപ്പിക്കണം-ഉത്തരാഖണ്ഡ്

[mbzauthor]

സഹകരണ സംഘങ്ങളിലെ കുടുംബവാഴ്ച അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് ഉത്തരാഖണ്ഡ് സഹകരണ മന്ത്രി ഡോ. ധന്‍ സിങ് റാവത്ത് ആവശ്യപ്പെട്ടു. ഇടത്തരം-ദീര്‍ഘകാല വായ്പകള്‍ക്കു കൊളാറ്ററല്‍ സെക്യൂരിറ്റി പരിധി നിശ്ചയിക്കുക, സഹകരണ സര്‍വകലാശാലയുടെ കാമ്പസ് ഓരോ സംസ്ഥാനത്തും സ്ഥാപിക്കുക, സഹകരണ സംഘങ്ങളിലെ നിയമനങ്ങള്‍ സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന സഹകരണ മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉത്തരാഖണ്ഡ് മന്ത്രി. കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഉത്തരാഖണ്ഡിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ മള്‍ട്ടി പര്‍പ്പസ് സംഘങ്ങളാക്കി മാറ്റിയിട്ടുണ്ടെന്നു മന്ത്രി ധന്‍സിങ് റാവത്ത് അറിയിച്ചു. ഇവയ്ക്കു മാര്‍ക്കറ്റിങ് സൗകര്യംകൂടി നല്‍കിയതോടെ 84 ശതമാനം സംഘങ്ങളും ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പല മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലും ക്രമക്കേടു നടന്നതായി രാജസ്ഥാന്‍ സഹകരണ മന്ത്രി ഉദയ്‌ലാല്‍ അഞ്ജന അറിയിച്ചു. ഇങ്ങനെ നഷ്ടപ്പെട്ട നിക്ഷേപത്തുക തിരിച്ചുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. രാജസ്ഥാനിലെ എല്ലാ ഗ്രാമപ്പഞ്ചായത്ത് ആസ്ഥാനങ്ങളിലും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ രൂപവത്കരിച്ചതായി മന്ത്രി പറഞ്ഞു. 1215 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ പുതുതായി മൂന്നു ലക്ഷം കര്‍ഷകര്‍ അംഗങ്ങളായിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം രജിസ്ട്രാറുടെ അധികാരം അതതു സംസ്ഥാനത്തെ അഡീഷണല്‍ രജിസ്ട്രാര്‍ക്കു നല്‍കണമെന്നു ഛത്തിസ്ഗഡ് സഹകരണ മന്ത്രി ഡോ. പ്രേംസായി സിങ് ടക്കാം നിര്‍ദേശിച്ചു. ഇങ്ങനെയാണെങ്കില്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലെ ക്രമക്കേടുകള്‍ക്കു സംസ്ഥാനതലത്തിലും നടപടിയെടുക്കാനാവുമെന്നു അദ്ദേഹം പറഞ്ഞു. ഛത്തിസ്ഗഡില്‍ 13.47 ലക്ഷം കര്‍ഷകരുടെ 5261.43 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതായി മന്ത്രി അറിയിച്ചു. ഇതിനു പുറമേ, സഹകരണ സംഘങ്ങളും ബാങ്കുകളും വഴി കര്‍ഷകര്‍ക്കു അഞ്ചു ലക്ഷം രൂപവരെ ഹ്രസ്വകാല പലിശരഹിത വായ്പയും നല്‍കുന്നുണ്ട് – അദ്ദേഹം പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.