ബാങ്കിംഗ് നിയന്ത്രണ നിയമവും കേരളത്തിലെ സഹകരണ വായ്പ മേഖലയും” ബി.പി. പിള്ളയുടെ ലേഖനം-4

[mbzauthor]

“ബാങ്കിംഗ് നിയന്ത്രണ നിയമവും കേരളത്തിലെ സഹകരണ വായ്പ മേഖലയും” ബി.പി. പിള്ളയുടെ ലേഖനം-4

2016 നവംബര്‍ മാസം എട്ടാം തീയതി 500 രൂപ യുടെയും 1000 രൂപയുടെയും കറന്‍സി നോട്ടുകള്‍ ഡിമോണിറ്റൈസ് ചെയ്ത വേളയില്‍ ഒരു മാസത്തിനു മേലുള്ള കാലയളവില്‍ സര്‍ക്കാരിന്റെ മേല്‍സൂചിപ്പിച്ച നടപടിയുമായി ബന്ധപ്പെട്ടു നടന്ന ടിവി ചാനല്‍ ചര്‍ച്ചകളില്‍ ചില സാമ്പത്തിക വിദഗ്ധരുടെ പരിവേഷം ചാര്‍ത്തി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ നിക്ഷേപത്തില്‍ ഭൂരിഭാഗവും കള്ളപ്പണ നിക്ഷേപമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുകയുണ്ടായി. അങ്ങനെ ഒരു സാഹചര്യത്തില്‍ ആയിരിക്കാം തുടര്‍ന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലെ ജില്ലാ സഹകരണ ബാങ്കിലും ആ ജില്ലയിലെ ഏതാനും പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളിലും പരിശോധന ഉണ്ടായത്. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ രാജ്യത്തെ മൊത്തം പി എ സി എസിന്റെ 1.7 ശതമാനം മാത്രമാണ്. എന്നാല്‍ രാജ്യത്തെ പി എ സി.എസിലെ മൊത്തം നിക്ഷേപമായ 119632 കോടി രൂപയില്‍ കേരളത്തിലെ സംഘങ്ങളുടെ നിക്ഷേപം 83 193 കോടി രൂപയായിരുന്നു 2018 മാര്‍ച്ച് 31 ന് ഉണ്ടായിരുന്നത്. അതായത് മൊത്തം നിക്ഷേപത്തിന്റെ 69.5 ശതമാനം.

രാജ്യത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ ശരാശരി നിക്ഷേപം 859കോടി രൂപ ആണെന്നിരിക്കെ കേരളത്തില്‍ ആയിരം കോടി രൂപയും 1400 കോടി രൂപയും നിക്ഷേപമുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ഉണ്ടെന്നുള്ള വസ്തുത നിയന്ത്രണ മേധാവിയുടെ സംശയകരമായ കാഴ്ചപ്പാടിന് കാരണമാകുന്നു. നിക്ഷേപത്തിനു നല്‍കുന്ന ഉയര്‍ന്ന പലിശ നിരക്ക്, ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീം പരിരക്ഷ,സര്‍ക്കാരിന്റെ ഓഹരി മൂലധന പങ്കാളിത്തം, നിക്ഷേപ രഹസ്യത, മെച്ചപ്പെട്ട ബാങ്കിലെ ഭൗതികസാഹചര്യം, നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങിയ നിരവധി കാരണങ്ങളാലാണ് നമ്മുടെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ നിക്ഷേപ സമാഹരണത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുവാന്‍ സഹായമായത്. എന്നാല്‍ റിസര്‍വ് ബാങ്ക് ഈ നേട്ടം സംശയത്തോടെയാണ് നോക്കിക്കാണുന്നത്.

2018 ഒക്ടോബര്‍ മാസം കേരള ബാങ്കിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് നല്‍കിയ തത്വത്തിലുള്ള അംഗീകാരത്തില്‍ 19 നിബന്ധനകളില്‍ ഒരു നിബന്ധന ഇനിമേലില്‍ രജിസ്ട്രര്‍ ചെയ്യുന്ന സഹകരണസംഘങ്ങളുടെ പേരിനോടൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിച്ചുകൂടെന്ന് നിഷ്‌കര്‍ഷിച്ചിരുന്നതായിരുന്നു. മേല്‍സൂചിപ്പിച്ച റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ എല്ലാം പ്രധാനമായും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ഉദ്ദേശിച്ചു തന്നെയായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ വേണ്ടിയാണ് മേല്‍ വിവരിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ വകുപ്പ് ഏഴിലും വകുപ്പ് 56 (എഫ്) ലും ബാങ്ക്, ബാങ്കര്‍ , ബാങ്കിംഗ് എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സഹകരണ സംഘങ്ങളെ നിരോധിച്ചിട്ടുണ്ട്. 2020 ജൂണ്‍ 26 ലെ ബാങ്കിംഗ് നിയന്ത്രണ നിയമത്തിന്റെ ഭേദഗതി ഓര്‍ഡിനന്‍സില്‍ മൂന്നാം വകുപ്പിലെ ഭേദഗതി വ്യവസ്ഥ ചുവടെ കൊടുത്തിട്ടുള്ള പ്രകാരമാണ്. 1981 ലെ നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ആക്ടില്‍ എന്തു തന്നെ വ്യവസ്ഥ ചെയ്തിരുന്നാലും ഈ നിയമം ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിനോ; അല്ലെങ്കില്‍ കാര്‍ഷിക വികസനത്തിനായി ദീര്‍ഘകാല വായ്പ നല്‍കുക എന്നത് പ്രാഥമിക ലക്ഷ്യവും പ്രധാന ബിസിനസും ആയിട്ടുള്ള ഒരു സഹകരണ സംഘത്തിനോ അങ്ങനെയുള്ള സംഘം അവയുടെ പേരിനോടൊപ്പമോ അല്ലെങ്കില്‍ ബിസിനസുമായി ബന്ധപ്പെട്ടോ ബാങ്ക് , ബാങ്കര്‍ അല്ലെങ്കില്‍ ബാങ്കിങ് എന്ന വാക്ക് ഉപയോഗിക്കാതിരിക്കുകയും ചെക്കിന്റെ ഡ്രോയി ആയി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നു എങ്കില്‍ ബാധകമായിരിക്കുന്നതല്ല. ഇവിടെ പ്രാഥമിക കാര്‍ഷിക വായ്പ സംഘം എന്നതിനു ശേഷം സെമികോളന്‍ ഇട്ടിരിക്കുന്നതിനാലും ‘അല്ലെങ്കില്‍’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതിനാലും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ‘ ബാങ്ക് ‘ എന്ന വാക്ക് ഉപയോഗിച്ചുള്ള ചെക്കിന്റെ ഡ്രോയി ആയിക്കൂട എന്നീ നിബന്ധനങ്ങള്‍ ബാധകമല്ലെന്നും 2020 ജൂണ്‍ 26 ന് മുന്‍പുള്ള സ്ഥിതിതന്നെ ആണെന്നുമുള്ള ചില വിദഗ്ധരുടെ തെറ്റായ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇതില്‍ വിശദമായ പരിശോധന നടത്തേണ്ടിവരുന്നത്.

ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ വകുപ്പ് മൂന്നിലെ ഭേദഗതി കൂടാതെ വകുപ്പ് 45 ലും 56 ലും ഭേദഗതികള്‍ വരുത്തുകയുണ്ടായി. വകുപ്പ് 45 ലെ ഭേദഗതിയിലൂടെ സഹകരണ ബാങ്കുകളുടെ മൊറട്ടോറിയം പ്രഖ്യാപിക്കുവാന്‍ റിസര്‍വ് ബാങ്കിന് ശുപാര്‍ശ ചെയ്യുവാനുള്ള അധികാരമുണ്ട്. ആറുമാസത്തേക്ക് വരെ നീട്ടാവുന്ന മൊറട്ടോറിയം കാലയളവില്‍ വായ്പകള്‍ നല്‍കുന്നതിനോ നിക്ഷേപ തുക മടക്കി നല്‍കുന്ന ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ നിറവേറ്റുവാനോ ബാങ്കിനെ അനുവദിക്കില്ല. ഈ വകുപ്പ് പ്രകാരം ഒരു സഹകരണ ബാങ്കിന്റെ ബാങ്കിംഗ് ബിസിനസ് സസ്പെന്‍ഡ് ചെയ്യുന്നതിനും പ്രസ്തുത ബാങ്കിന്റെ പുനര്‍നിര്‍മ്മാണം നടത്തുന്നതിനും സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ റിസര്‍വ് ബാങ്കിന് അധികാരം ലഭിച്ചിരിക്കുന്നു. പുനര്‍നിര്‍മ്മാണം എന്നാല്‍ സംയോജനമോ, ലയനമോ , ഏറ്റെടുക്കലോ, കൈവശപ്പെടുത്തലോ അല്ലെങ്കില്‍ പുനര്‍ ലയനമോ ആകാം . ബന്ധപ്പെട്ട ബാങ്കിന്റെ നിക്ഷേപകരുയോ പൊതുസമൂഹത്തിന്റെയോ അല്ലെങ്കില്‍ ബാങ്കിങ് മേഖലയുടെ തന്നെയോ താല്‍പര്യം മുന്‍നിര്‍ത്തി മൊറട്ടോറിയം കാലയളവില്‍ മറ്റു ബാങ്കുകളുമായുള്ള സംയോജന നടപടി റിസര്‍വ് ബാങ്കിന് കൈക്കൊള്ളാവുന്നതാണ്. മൊറട്ടോറിയം സമയത്തല്ലാത്ത കാലയളവിലും നിക്ഷേപകരുടെയോ പൊതുജനങ്ങളുടെയോ ബാങ്കിങ് മേഖലയുടെ പൊതു താല്പര്യത്തിനു വേണ്ടിയോ പുനര്‍നിര്‍മ്മാണ പദ്ധതി റിസര്‍വ് ബാങ്കിന് തയ്യാറാക്കുവാന്‍ അധികാരം നല്‍കുന്നു.

കൂട്ടിച്ചേര്‍ക്കപ്പെട്ട 45 -ാം വകുപ്പിന്റെ ഉപവകുപ്പും (4) പ്രകാരം സഹകരണ ബാങ്കിന്റെ ഭരണസമിതിയെ പിരിച്ചുവിടാനുള്ള അധികാരം റിസര്‍വ് ബാങ്കിന് നല്‍കുന്നു. കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 32 ഭരണസമിതി പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടതാണ്. സാധാരണഗതിയില്‍ പിരിച്ചുവിടാന്‍ പോകുന്ന ബാങ്കിന്റെ ഭരണസമിതിക്ക് ആവലാതികള്‍ ഉണ്ടെങ്കില്‍ അതു ബോധിപ്പിക്കാനുള്ള സന്ദര്‍ഭം നല്‍കിയ ശേഷമായിരിക്കും രജിസ്ട്രാര്‍ പ്രസ്തുത ഭരണസമിതിയെ പിരിച്ചുവിടുക . പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെ സ്ഥാനത്ത് നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ക്കോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കോ പരമാവധി ഒരു വര്‍ഷം അധികാരത്തില്‍ തുടരാമെന്ന് സഹകരണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളപ്പോള്‍ പരമാവധി 5 വര്‍ഷം വരെയാണ് ബാങ്കിംഗ് നിയന്ത്രണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. കേരള സഹകരണ സംഘം നിയമത്തിലെ 32-ാം വകുപ്പിന്റെ പ്രൊവിസോയില്‍ ബാങ്കിംഗ് പ്രവര്‍ത്തനം നടത്തുന്ന സഹകരണ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഭരണസമിതിയെ പിരിച്ചുവിട്ടുന്നതും അഡ്മിനിസ്ട്രേറ്ററെ അല്ലെങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിക്കുന്നതുമായ സാഹചര്യങ്ങളില്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടുള്ളതിനാല്‍ ബാങ്കിംഗ് നിയമത്തിലെ വ്യവസ്ഥ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ രണ്ടാം ലിസ്റ്റിലെ 32-ാം എന്‍ട്രി പ്രകാരമുള്ള സംസ്ഥാന എന്ന വിഷയത്തിന്മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കുവാന്‍ സാധിക്കുകയില്ല. സഹകരണ ബാങ്കുകളില്‍ ശരിയായ ഭരണനിര്‍വഹണം ഉറപ്പുവരുത്തുന്നതിനും അതിലൂടെ നിക്ഷേപകരോടും ഓഹരി ഉടമകളോടുമുള്ള ഉത്തരവാദിത്വം ഉറപ്പാക്കുവാന്‍ സാധിക്കുമെന്നതുമാണ് റിസര്‍വ് ബാങ്ക് വീക്ഷിക്കുന്നത്.
തുടരും.
B.P. Pilla
9847471798

[mbzshare]

Leave a Reply

Your email address will not be published.