സഹകരണ മേഖലയ്ക്ക് കടിഞ്ഞാണുമായി റിസര്‍വ് ബാങ്ക്

[mbzauthor]

സ്റ്റാഫ് പ്രതിനിധി

 

സഹകരണ മേഖലയുടെ നിയന്ത്രണവും പരിഷ്‌കാരവും ലക്ഷ്യമിട്ട് പല കമ്മിറ്റികളും റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും എതിര്‍പ്പുകള്‍ കാരണം അവയിലെ ശുപാര്‍ശകളൊന്നും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാലിനി അങ്ങനെയാവില്ല. പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിലുണ്ടായ ക്രമക്കേട് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്കിനെ നിര്‍ബന്ധിക്കുകയാണ്. സഹകരണ സംഘങ്ങളിലെ ഇരട്ട നിയന്ത്രണം മറികടക്കാനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. പി.എം.സി. ബാങ്കിലെ സംഭവങ്ങള്‍ ഒരു ചൂണ്ടുപലകയാണ്. രാജ്യത്തെ സഹകരണ ബാങ്കിങ് മേഖല നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളിലേക്കുള്ള ചൂണ്ടുപലക

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ അര്‍ബന്‍ ബാങ്കിലുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കിങ് മേഖലയില്‍ കുടുതല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ആലോചനയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് ഇപ്പോഴുണ്ടായ ആലോചനയാണെന്ന് കരുതാനാവില്ല. പി.എം.സി. ബാങ്കിലുണ്ടായ സംഭവങ്ങള്‍ ഒരു നിമിത്തമായെന്നുമാത്രം.

നബാര്‍ഡിന്റെ രൂപവത്കരണത്തിന് മുമ്പും പിമ്പും ഇത്തരത്തിലുള്ള പല ആലോചനകളും റിസര്‍വ് ബാങ്ക് നടത്തിയിട്ടുണ്ട്. പല കമ്മിറ്റികളും ഇതിന് സഹായകമായ ശുപാര്‍ശകളും നടത്തിയിട്ടുണ്ട്. പക്ഷേ, സഹകരണ മേഖലയില്‍നിന്നുയര്‍ന്ന എതിര്‍പ്പും സര്‍ക്കാരുകളുടെ താല്‍പര്യമില്ലായ്മയും മൂലമാണ് ഇതൊന്നും പൂര്‍ണമായും നടപ്പാകാതിരുന്നത്. വൈദ്യനാഥന്‍ കമ്മീഷന്‍, ബക്ഷി കമ്മിറ്റി, ആര്‍.ഗാന്ധി കമ്മിറ്റി, വൈ.എച്ച്. മാലേഗം കമ്മിറ്റി എന്നിവയെല്ലാം സഹകരണ മേഖലയുടെ നിയന്ത്രണവും പരിഷ്‌കാരവും ഏറിയും കുറഞ്ഞും ശുപാര്‍ശ ചെയ്ത കമ്മിറ്റികളാണ്. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ശക്തിയുക്തം എതിര്‍ത്തതാണ് ഈ നിര്‍ദേശങ്ങളിലേറിയ പങ്കും. എന്നാല്‍, കാലവും സാഹചര്യവും മാറിയപ്പോള്‍ റിസര്‍വ് ബാങ്ക് കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. സഹകരണ ബാങ്കുകളിലെ നിലവിലെ രീതിയില്‍ ബാങ്കിങ് നിയന്ത്രണ സംവിധാനവും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ തങ്ങള്‍ക്കു കഴിയില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ വാദം. സംസ്ഥാന സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ഇരട്ട നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനമെന്ന പരിമിതിയാണ് ഇതിനു കാരണമെന്ന് ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നു. ഈ ഇരട്ടനിയന്ത്രണം മറികടക്കാനുള്ള വ്യവസ്ഥകളാണ് സഹകരണ ബാങ്കുകള്‍ക്കായി റിസര്‍വ് ബാങ്ക് നടപ്പാക്കാനൊരുങ്ങുന്നത് എന്നാണ് സൂചന.

നിക്ഷേപകരുടെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പാക്കിക്കൊണ്ട് സഹകരണ ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനശൈലി പരിഷ്‌കരിക്കണമെന്നാണ് ബാങ്കിങ് മേഖലയിലെ വിദഗ്ധര്‍ ഇപ്പോള്‍ റിസര്‍വ് ബാങ്കിനു മുന്നില്‍ വെക്കുന്ന നിര്‍ദേശം. കുറേക്കാലമായി ഉയരുന്ന ആവശ്യം പി.എം.സി. ബാങ്കുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടര്‍ന്ന് കൂടുതല്‍ ശക്തമായിത്തുടങ്ങി എന്നു മാത്രമേയുള്ളൂ.

ഏഴു വര്‍ഷമായി പി.എം.സി. യിലെ തമസ്‌കരിക്കപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തുന്നതില്‍ റിസര്‍വ് ബാങ്കും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം പരാജയപ്പെട്ടതാണ് നിലവിലെ രീതി പരിഷ്‌കരിക്കേണ്ടതിന്റെ അനിവാര്യതയായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തുടനീളം സഹകരണ ബാങ്കിങ് മേഖല നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ് പി.എം.സി.യിലെ സംഭവമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതികരണം. ജനകോടികളുമായി ഇടപെടുന്ന സഹകരണ ബാങ്കുകളുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ കാലാനുസൃത പരിഷ്‌കാരവും നടപടികളും അനിവാര്യമാണെന്ന് എച്ച്.ഡി.എഫ്.സി. ബാങ്ക് സി.ഇ.ഒ ആദിത്യ പുരി പരസ്യമായി അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

റിസര്‍വ് ബാങ്കിന്റെ പരിമിതി

സാമ്പത്തിക കാര്യങ്ങളില്‍ സഹകരണ ബാങ്കുകള്‍ക്കു മേല്‍ റിസര്‍വ് ബാങ്കിന് ആത്യന്തിക നിയന്ത്രണമുണ്ടെങ്കിലും ഭരണ മേല്‍നോട്ടം നടത്തുന്നത് സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളാണ്. ഇതുമൂലം പല പരിമിതികളും ഉണ്ടെന്നാണ് ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഇത്തരം ബാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ റിസര്‍വ് ബാങ്കിനു കഴിയുമെങ്കിലും അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ബാങ്ക് മാനേജ്‌മെന്റില്‍ മാറ്റങ്ങളൊന്നും വരുത്താനാവില്ല. ഓരോ സംസ്ഥാനത്തും നിലവിലുള്ള സഹകരണ നിയമം, അല്ലെങ്കില്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റ് , വ്യവസ്ഥകള്‍ പ്രകാരമാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളില്‍ പരിശോധനയും നിയന്ത്രണവും കര്‍ശനമാണ്. എന്നാല്‍, മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ ബാങ്കുകളുടെ സ്ഥിതി ഇതല്ല. പലിശ നിരക്കില്‍പ്പോലും ഏകീകരണമില്ലാതെയും ഇടപാടുകാരുടെ വിശ്വാസം സംരക്ഷിക്കാതെയുമുള്ള പ്രവര്‍ത്തനമാണ് ഇത്തരം ബാങ്കുകള്‍ നടത്തുന്നത് എന്ന പരാതികള്‍ സഹകരണ സംഘം കേന്ദ്ര രജിസ്ട്രാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ സഹകരണം പ്രത്യേക വകുപ്പായും സഹകരണ സ്ഥാപനങ്ങളുടെ നിയന്ത്രണവും പരിശോധനയും ഉറപ്പുവരുത്താന്‍ പാകത്തില്‍ ഉദ്യോഗസ്ഥ സംവിധാനവും നിലവിലില്ല. അതിനാല്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നിയന്ത്രണമുള്ള എല്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാകുന്നവിധം നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.

ആദ്യപാഠം മാധവപുരയില്‍നിന്ന്

സഹകരണ ബാങ്കുകളിലെ ഇരട്ടനിയന്ത്രണം പലപ്പോഴും ക്രമക്കേടിന് കാരണമാകുന്നുണ്ടെന്ന ചിന്ത റിസര്‍വ് ബാങ്കിന് കനപ്പെട്ടത് മാധവപുര മര്‍ക്കന്റൈല്‍ സഹകരണ ബാങ്കിന്റെ തകര്‍ച്ചയോടെയാണ്. 1968-ല്‍ ഗുജറാത്ത് അഹമ്മദാബാദിലെ വ്യാപാരകേന്ദ്രത്തോട് ചേര്‍ന്ന് തുടങ്ങിയ ഒരു സഹകരണ സംഘമാണ് മര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്കായി മാറിയത്. 1994-ല്‍ ഈ സഹകരണ സംഘത്തിന് റിസര്‍വ് ബാങ്ക് ബാങ്കിങ് ലൈസന്‍സ് നല്‍കി. 1996 ഏപ്രിലോടെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം നിയമം അനുസരിച്ച് രജിസ്‌ട്രേഷന്‍ മാറുകയും ബാങ്കിന് ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന പരിധി ലഭിക്കുകയും ചെയ്തു. 1999-2000 ത്തിലെ കണക്കനുസരിച്ച് 50,000 നിക്ഷേപകര്‍ ബാങ്കിലുണ്ടായിരുന്നു. ഈ ഘട്ടമാകുമ്പോഴേക്കും ബാങ്ക് ഓഹരി വിപണിയിലും സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്കും പണം നല്‍കാന്‍ തുടങ്ങി. റിസര്‍വ് ബാങ്കിന്റെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി. 15 കോടി നല്‍കാവുന്ന സ്ഥലത്ത് 1200 കോടി രൂപ വരെ ബാങ്ക് നല്‍കി. കേതന്‍ പരീഖ് എന്ന സ്റ്റോക്ക് ബ്രോക്കര്‍ മാത്രം 300 കോടിയിലേറെ രൂപ ബാങ്കിന് നല്‍കാനുണ്ടായിരുന്നു. ഓഹരി വിപണിയില്‍ വന്‍ ഇടിവുണ്ടായി. ബാങ്ക് നല്‍കിയ പണം പോലും തിരിച്ചടയ്ക്കാന്‍ ബ്രോക്കര്‍മാര്‍ക്ക് കഴിഞ്ഞില്ല.

2001 ല്‍ റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ മര്‍ക്കന്റൈല്‍ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ചു. ഇതേക്കുറിച്ച് ആര്‍.ബി.ഐ. മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായ ഉഷ തൊറാട്ട് പറഞ്ഞത് ഇങ്ങനെയാണ് : ‘ മാധവപുര ബാങ്കിലെടുക്കുന്ന ഏതു നടപടിയും ആ ബാങ്കിനെ മാത്രമല്ല ബാധിക്കുകയെന്നതായിരുന്നു പ്രധാനം. കാരണം, ഒട്ടേറെ സഹകരണ സംഘങ്ങള്‍ മാധവപുര ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടുണ്ടായിരുന്നു. അതിനാല്‍, ബാങ്ക് അടച്ചുപൂട്ടിയാല്‍ മറ്റ് സഹകരണ സംഘങ്ങളും തകരും. ഇക്കാര്യത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ റിസര്‍വ് ബാങ്കില്‍ നടന്നു. റിസര്‍വ് ബാങ്ക്, ഗുജറാത്ത് സര്‍ക്കാര്‍ , കേന്ദ്രസര്‍ക്കാര്‍ എന്നിവയുടെ പ്രതിനിധികളെല്ലാം വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ചയില്‍ പങ്കാളിയായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ മാധവപുര ബാങ്കിനു വേണ്ടി ഒരു പുനരുദ്ധാരണ പാക്കേജ് തയാറാക്കി.’ ഉഷാ തൊറാട്ട് സൂചിപ്പിച്ച ഈ പാക്കേജിനു ശേഷവും മാധവപുര ബാങ്കിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നതാണ് പിന്നീടുള്ള ചരിത്രം. ബാങ്കിലെ ക്രമക്കേടിനെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടന്നു. 2012 മാര്‍ച്ചില്‍ മാധവപുര ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ബാങ്ക് ലിക്വിഡേറ്റ് ചെയ്യണമെന്ന അര്‍ബന്‍ ബാങ്കുകള്‍ക്കുവേണ്ടിയുള്ള സെന്‍ട്രല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു ഇത്.

മാധവപുര ഒരു പാഠമായാണ് ഇപ്പോഴും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. സഹകരണ ബാങ്കുകളിലെ ഇരട്ട ഭരണത്തിന്റെ അപകടമായി ആദ്യം പറയുന്നതും മാധവപുര ബാങ്കിന്റെ കാര്യമാണ്. ആ പട്ടികയിലേക്ക് പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ അര്‍ബന്‍ ബാങ്ക് കൂടി ഇപ്പോള്‍ വന്നിരിക്കുന്നു.

ആദ്യ പരിഷ്‌കാരം 2004-ല്‍

മാധവപുര മര്‍ക്കന്റൈല്‍ ബാങ്കിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സഹകരണ അര്‍ബന്‍ ബാങ്കുകളില്‍ ഭരണപരിഷ്‌കാരം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. 2004-2005 ല്‍ പുതിയ സഹകരണ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും നിലവിലുള്ള ബാങ്കുകള്‍ക്ക് ശാഖ അനുവദിക്കുന്നതും റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചു. സഹകരണ ബാങ്കുകള്‍ക്ക് വേണ്ടി ഒരു പ്രത്യേക മാര്‍ഗ രേഖ റിസര്‍വ് ബാങ്ക് തയാറാക്കി. ഈ മാര്‍ഗ രേഖ അനുസരിച്ച് ഓരോ സംസ്ഥാനവും റിസര്‍വ് ബാങ്കുമായി ഒരു എം.ഒ.യു. ഒപ്പിടണം. അര്‍ബന്‍ ബാങ്കുകള്‍ക്ക് വേണ്ടി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കണമെന്നതായിരുന്നു ഇതിലെ വ്യവസ്ഥ. ഈ ടാസ്‌ക് ഫോഴ്‌സ് തയാറാക്കുന്ന വിദഗ്ധരുടെ പാനലിലുള്ളവരെ ഉള്‍പ്പെടുത്തിയാകണം ഓഡിറ്റ് നടത്തേണ്ടത് എന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. റിസര്‍വ് ബാങ്കിന്റെ റീജിയണല്‍ ഡയരക്ടറും ഓരോ സംസ്ഥാനത്തെയും സഹകരണ സംഘം രജിസ്ട്രാറും ഈ ടാസ്‌ക് ഫോഴ്‌സിന്റെ തലവ•ാരായി ഉണ്ടാകണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.

ഓരോ ബാങ്കിന്റെയും പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കുകയും വിലയിരുത്തുകയും വേണമെന്ന് ആര്‍.ബി.ഐ. നിര്‍ദേശിച്ചു. ആവശ്യപ്പെടുന്ന സംഘങ്ങള്‍ക്കെല്ലാം രജിസ്‌ട്രേഷന്‍ നല്‍കുകയല്ല, അത് പരിശോധിച്ച് ഉറപ്പുവരുത്തി അംഗീകരിക്കുകയാണ് വേണ്ടതെന്നായിരുന്നു ആര്‍.ബി.ഐ. നിബന്ധന. പുതിയ ശാഖകള്‍ അനുവദിക്കുന്നതിലും അതിന് ശുപാര്‍ശ ചെയ്യുന്നതിലും ഇതേ നിബന്ധന ബാധകമാക്കി. ഓരോ ബാങ്കും മൂലധന പര്യാപ്തത ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. ഈ പരിശോധനയ്ക്കും നിബന്ധനയ്ക്കും ഫലമുണ്ടായെന്നാണ് റിസര്‍വ് ബാങ്കിന്റെ 2017-18 ലെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രവര്‍ത്തനശേഷയില്ലാത്ത പല അര്‍ബന്‍ ബാങ്കുകളുടെയും ലൈസന്‍സ് റദ്ദാക്കപ്പെട്ടു. മറ്റു ചിലത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുമായി ലയിച്ചു. 2004-ല്‍ തുടങ്ങിയ പരിഷ്‌കാരം 2018 ലെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ നാല് അര്‍ബന്‍ ബാങ്കുകളില്‍ മാത്രമാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതിലും താഴെ മൂലധന പര്യാപ്തതയുള്ളത് എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിസര്‍വ് ബാങ്കിന്റെ ഇത്രയൊക്കെ നിയന്ത്രണങ്ങളുണ്ടായിട്ടും പി.എം.സി. ബാങ്ക് തകര്‍ച്ചയിലേക്ക് നീങ്ങിയത് എന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നുണ്ട്. അതായത്, റിസര്‍വ് ബാങ്കിനും ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന്് മാറിനില്‍ക്കാനാവില്ലെന്നാണ് വിമര്‍ശകരുടെ വാദം. ഇതിന് ആര്‍.ബി.ഐ. മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ പറയുന്ന മറുപടി ഇങ്ങനെയാണ് : ‘- പി.എം.സി. ബാങ്കില്‍ സംഭവിച്ചത് തട്ടിപ്പാണ്. പല ഇടപാടുകളും ഒളിപ്പിച്ചുവെച്ചു. ഒരാള്‍ക്ക് തന്നെ പലപേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി കോടികള്‍ വായ്പ നല്‍കി. ഇതില്‍ ബാങ്കിന്റെ ഓഡിറ്റര്‍മാര്‍ക്കും വീഴ്ചയുണ്ടെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കുമാണ് പ്രഥമ ഉത്തരവാദിത്തം. അല്ലാതെ ഈ തട്ടിപ്പ് സഹകരണ ബാങ്കുകളിലെ ഇരട്ട നിയന്ത്രണത്തിന്റെ ഭാഗമൊന്നുമല്ല’.

സംഘങ്ങളുടെ പ്രാധാന്യവും പ്രശ്‌നങ്ങളും

ഇന്ത്യയില്‍ സഹകരണ സംഘങ്ങള്‍ വലിയ കുഴപ്പമുണ്ടാക്കുന്ന സ്ഥാപനങ്ങളാണെന്ന കാഴ്ചപ്പാട് ഒരു കേന്ദ്ര ഏജന്‍സിയും ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ല. മാത്രവുമല്ല, സഹകരണ സംഘങ്ങള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നാണ് നബാര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും കര്‍ഷകര്‍ നേരിടുന്ന ചൂഷണം ഒഴിവാക്കുന്നതിനും സഹകരണ സംഘങ്ങളുടെ പങ്ക് വലുതാണെന്നാണ് നബാര്‍ഡ് വിലയിരുത്തിയത്. വാണിജ്യ ബാങ്കുകളില്ലാത്ത ഗ്രാമീണ മേഖലയില്‍ സാമ്പത്തിക അടിത്തറയുണ്ടാക്കിയതും ഗ്രാമീണരെ ബാങ്കിങ്ങിന്റെ ബാലപാഠം പഠിപ്പിച്ചതും സഹകരണ സംഘങ്ങളാണെന്നാണ് ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് റിസര്‍ച്ച് ഡയരക്ടര്‍ എസ്. മാധവേന്ദ്ര ദേവ് അഭിപ്രായപ്പെട്ടത്. എന്നാല്‍, കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സഹകരണ സംഘങ്ങളുടെ പങ്ക് കുറഞ്ഞുവരുന്നുവെന്നാണ് വിലയിരുത്തല്‍. സാങ്കേതികതയുടെ വളര്‍ച്ചയും വാണിജ്യ ബാങ്കുകളുടെ വ്യാപനവും ഇതിന് കാരണമായിട്ടുണ്ട്. പണരഹിത സമ്പദ്ഘടന സൃഷ്ടിക്കാനാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പിന്‍വലിക്കുന്ന പണത്തിന് നികുതി ചുമത്തുന്നത് ഇതിനാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലറില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങള്‍ സഹകരണ സംഘങ്ങള്‍ക്ക് കൂടി ബാധികമാക്കിയത് സാധാരണക്കാരെ പണരഹിത ഇടപാടിന്റെ കണ്ണികളാക്കി മാറ്റാനാണെന്നും ചില സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. മാറുന്ന കാലത്ത് മാറ്റം അംഗീകരിച്ച് മുന്നേറാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയണമെന്ന് സാരം.

ഇന്ത്യയില്‍ അര്‍ബന്‍ ബാങ്കുകളും കേരളത്തില്‍ സഹകരണ ബാങ്കുകളും നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി പെയ്‌മെന്റ് ബാങ്കുകളില്‍നിന്നാണ്. ഇതിനു പുറമെ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്്, നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനി എന്നിവയെല്ലാം സഹകരണ സംഘങ്ങളുടെ വായ്പാമേഖലയില്‍ കയറിക്കഴിഞ്ഞു. ഇന്ത്യയിലാകെയുള്ള 1500 അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും 96,000 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെയും ( പ്രാഥമിക സഹകരണ ബാങ്ക് ) വായ്പാനിരക്ക് കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനി, പേയ്‌മെന്റ് ബാങ്ക്, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ എന്നിവ കൈയടക്കുന്നതാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും കാര്‍ഷിക മേഖലയിലും ഗ്രാമീണ സമ്പദ്ഘടനയിലും വലിയ പങ്കും പ്രാധാന്യവും സഹകരണ സംഘങ്ങള്‍ക്കുണ്ടെന്നുതന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതിനാല്‍, സഹകരണ സംഘങ്ങള്‍ക്ക് തളര്‍ച്ചയുണ്ടാക്കുന്ന നിലപാട് നബാര്‍ഡിന്റെയോ റിസര്‍വ് ബാങ്കിന്റെയോ ഭാഗത്തുനിന്നുണ്ടാകുന്നത് അപകടരമായ സൂചനയാണെന്നും ഇവര്‍ വിലയിരുത്തുന്നു.

മൂന്നു പ്രശ്‌നങ്ങള്‍

സഹകരണ മേഖലയില്‍ മൂന്നു പ്രശ്‌നങ്ങളാണ് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന് – സാമ്പത്തിക ക്രമക്കേടുകള്‍, രണ്ട്- ആഭ്യന്തര നിയന്ത്രണത്തിലെ വീഴ്ച, മൂന്ന്- മൂടിവെക്കുന്ന കണക്കുകള്‍. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ അര്‍ബന്‍ ബാങ്കിലെ ക്രമക്കേട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രശ്‌നങ്ങള്‍ റിസര്‍വ് ബാങ്ക് ഉന്നയിക്കുന്നത് എന്നതുകൂടി ശ്രദ്ധിക്കണം. അതായത്, കേന്ദ്ര ബാങ്കില്‍നിന്ന് ഇനി വരാനിരിക്കുന്ന നിയന്ത്രണങ്ങള്‍ ഈ മൂന്നു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വിധത്തിലായിരിക്കുമെന്നര്‍ത്ഥം. പി.എം.സി. ബാങ്കിന്റെ 73 ശതമാനം വായ്പാ വിഹിതവും എച്ച്.ഡി.ഐ.എല്‍. എന്ന കമ്പനിക്ക് നല്‍കിയതാണ് നിക്ഷേപകരെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താനിടയാക്കിയത് എന്നാണ് മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചുവെന്നതിന് ചില നിഗമനങ്ങളും റിസര്‍വ് ബാങ്ക് നടത്തുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സഹകരണ സംഘങ്ങളിലെ ഇരട്ട നിയന്ത്രണം.

സഹകരണ സംഘം രജിസ്ട്രാര്‍ക്കും റിസര്‍വ് ബാങ്കിനും നിയന്ത്രണമുള്ള വിധത്തിലാണ് സഹകരണ ബാങ്കുകളുടെ ഘടന. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ ഉദ്യോഗസ്ഥ സംവിധാനം മാത്രമാണ് സഹകരണ സംഘം രജിസ്ട്രാര്‍. അതിനാല്‍, സര്‍ക്കാരുകളുടെ രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് സഹകരണ സംഘങ്ങളില്‍ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ഇത്തരം പ്രവര്‍ത്തനം സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. സംഘം ഭരണസമിതി, ഓഡിറ്റര്‍മാര്‍ എന്നിവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും അവര്‍ നിരീക്ഷിക്കുന്നു. ഇത് സഹകരണ ബാങ്കുകളെ മാത്രമല്ല, മൊത്തം ബാങ്കിങ് സംവിധാനത്തിലുള്ള വിശ്വാസ്യതയെത്തന്നെ ബാധിക്കുന്നതാണെന്നാണ് ആര്‍.ബി.ഐ. വിലയിരുത്തല്‍. അതാണ് നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന നിഗമനത്തിലേക്ക് അവരെ എത്തിക്കുന്നത്.

ഇനി നിയന്ത്രണത്തിന്റെ നാളുകള്‍

ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍ എങ്ങനെയൊക്കെ നിയന്ത്രണം ഏര്‍പ്പെടുത്താം എന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്ക് ആലോചിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നാലു വര്‍ഷമായി ഇതിനുള്ള പലവിധ പരിഷ്‌കാരങ്ങളും നടപ്പാക്കാനുള്ള ശ്രമത്തിലാണ് റിസര്‍വ് ബാങ്ക്. സഹകരണ ബാങ്കുകളില്‍ സംസ്ഥാനത്തിനുള്ള നിയന്ത്രണം കുറയ്ക്കുകയും റിസര്‍വ് ബാങ്കിനുള്ള സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള പരിഷ്‌കാരത്തെക്കുറിച്ച് പഠിക്കാനാണ് എച്ച്. മാലേഗം അധ്യക്ഷനായ സമിതിയെ റിസര്‍വ് ബാങ്ക് നിയോഗിച്ചത്. 2011-ലാണ് മാലേഗം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ത്യയില്‍ സഹകരണ ബാങ്കുകളില്‍ പ്രധാനം അര്‍ബന്‍ ബാങ്കുകളാണെന്നതിനാല്‍ ഈ ബാങ്കില്‍ വരുത്തേണ്ട പരിഷ്‌കാരമാണ് മാലേഗം കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. അതാണ് ബാങ്ക് ഭരണസമിതിക്കും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ഇടയിലായി ഒരു ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കണമെന്ന നിര്‍ദ്ദേശം.

വൈ.എച്ച്. മാലേഗം

സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച മൂന്നു പ്രധാന പരിഷ്‌കാരങ്ങളിലൊന്നാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെ രൂപവത്കരണം. ഭരണസമിതിയിലുള്ള അംഗങ്ങള്‍ക്കുപരി ഭരണപാടവും വൈദഗ്ധ്യവുമുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി രൂപവ്തരിക്കുന്നതാണ് ഈ സമിതി. ഭരണസമിതിക്ക് ബാങ്കിലുള്ള നിയന്ത്രണങ്ങളില്‍ പരിധിയിടുകയെന്നതാണ് ഈ ബോര്‍ഡിന്റെ ലക്ഷ്യം. റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന അത്രയും അംഗങ്ങളാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിലുണ്ടാവുക. ഇതിന്റെ നിയന്ത്രണവും റിസര്‍വ് ബാങ്കിനായിരിക്കും. വലിയ ബാങ്കുകള്‍ക്കെല്ലാം ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കാനുള്ള നിര്‍ദേശം നല്‍കുകയും അത് പാലിച്ചില്ലെങ്കില്‍ ബാങ്കിങ് ഇടപാടില്‍ നിയന്ത്രണം വരുത്തുകയും ചെയ്യുകയെന്നതാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. 1500 അര്‍ബന്‍ ബാങ്കുകളില്‍ 60 എണ്ണം മാത്രമാണ് താരതമ്യേന വലിയ ബാങ്കുകളായിട്ടുള്ളത്. ഇവയെ വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമായ വിധത്തിലുള്ള നിയന്ത്രണത്തിലേക്ക് റിസര്‍വ് ബാങ്ക് ഉടനെ കൊണ്ടുവരും.

വലിയ ബാങ്കുകളല്ലാത്ത സഹകരണ ബാങ്കുകളെ സഹകരണ ബാങ്കുകളുടെ സ്വഭാവത്തില്‍നിന്ന് മാറ്റുകയാണ് രണ്ടാമത്തെ പരിഷ്‌കാരം. അതാണ് സഹകരണ ബാങ്കുകളെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളാക്കി മാറ്റുകയെന്നത്. ആര്‍.ബി.ഐ. മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍.ഗാന്ധി അധ്യക്ഷനായ സമിതിയാണ് ഇത്തരമൊരു നിര്‍ദേശം റിസര്‍വ് ബാങ്കിന് മുമ്പില്‍ അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ബന്‍ ബാങ്കുകള്‍ക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറുന്നതിനുള്ള പദ്ധതി റിസര്‍വ് ബാങ്ക് ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഒന്നുകില്‍ അര്‍ബന്‍ ബാങ്കുകള്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിച്ച് റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിനു കീഴിലാവണം. അല്ലെങ്കില്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറി റിസര്‍വ് ബാങ്കിന്റെ കീഴിലാവണം. സഹകരണ ബാങ്കുകളുടെ ഇരട്ട നിയന്ത്രണം മറികടക്കാനുള്ള ഉപാധി എന്ന നിലയിലാണ് ഇത് രണ്ടും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നത്.

ആര്‍.ബി.ഐ. മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍.ഗാന്ധി

മൂന്നാമത്തേതായി നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പരിഷ്‌കാരം സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്ര നിയന്ത്രണ സംവിധാനം പ്രത്യേകമായി കൊണ്ടുവരികയെന്നതാണ്. അര്‍ബന്‍ ബാങ്കുകളിലാണ് ഇത് പരീക്ഷിക്കാനൊരുങ്ങുന്നത്. സഹകരണ ബാങ്കുകളിലെ ക്രമക്കേട്, മറച്ചുവെക്കുന്ന കണക്കുകള്‍, ഭരണസമിതിയുടെ വീഴ്ച, ഓഡിറ്റര്‍മാരുടെ പോരായ്മ എന്നിവയൊക്കെ പരിശോധിക്കാനും നടപടിയെടുക്കാനും അധികാരമുള്ള ഒരു സംവിധാനമാണ് റിസര്‍വ് ബാങ്ക് പരിഗണിക്കുന്നത്. കേരളബാങ്കിലടക്കം ഈ നിയന്ത്രണങ്ങളുടെ പ്രയോഗം റിസര്‍വ് ബാങ്ക് നടപ്പാക്കിത്തുടങ്ങി. ഒരു പരിഷ്‌കാരം കൊണ്ട് ഒരു ബാങ്കിനെ മാത്രമല്ല സഹകരണമേഖലയെ മൊത്തമായാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. അതിനാല്‍, കേരളബാങ്കില്‍ തുടങ്ങിയ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് പരിഷ്‌കാരം കേരളത്തിലെ വായ്പാ സഹകരണ സംഘങ്ങളെ ആകെ ലക്ഷ്യമിട്ടുള്ളതാണെന്ന തിരിച്ചറിവ് സഹകാരികള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.