ഭക്ഷ്യസംസ്കരണ മേഖലയുടെ പ്രാധാന്യം മനസിലാക്കി പ്രവർത്തിക്കാനാകണം.

adminmoonam

ഒരുപാട് സാധ്യതകൾ ഉള്ള മേഖലയാണ് ഭക്ഷ്യസംസ്കരണ മേഖല.ഇതിന്റെ പ്രാധാന്യം മനസിലാക്കി പ്രവർത്തിക്കാൻ നമുക്കാകണം.
കേരളത്തിൻറെ അതിജീവനം..
ചില നിർദ്ദേശങ്ങൾ ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-28.

സംസ്ഥാനത്തെ ഏത് സഹകരണ സ്ഥാപനത്തിനും ഏറ്റെടുക്കാൻ കഴിയാവുന്ന ചില പ്രവർത്തനങ്ങളായിരുന്നു മുൻ ദിവസങ്ങളിൽ ഇവിടെ അവതരിപ്പിച്ചത്. ഒന്നുകിൽ സഹകരണ സ്ഥാപനത്തിന് നേരിട്ടോ, അല്ലെങ്കിൽ വ്യക്തികൾക്കോ, കുടുംബശ്രീ ഗ്രൂപ്പുകൾക്കോ വായ്പ നൽകി നടപ്പിലാക്കാവുന്ന പദ്ധതികളായിരുന്നു അതിലേറെയും. ഇത്തരം പ്രവർത്തനങ്ങൾ പ്രാദേശികതലത്തിൽ വികസനത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കുമെന്നത് വസ്തുതയാണ്. എന്നാൽ കേരളത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരും, ഒരുപക്ഷേ വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിവരാൻ തയ്യാറാകുന്ന പ്രവാസികളും, ഇത്തരം പ്രവർത്തനങ്ങളിൽ ഇടപെടാൻ താല്പര്യം കാണിക്കണമെന്ന് ഇല്ല. കാരണം അവരുടെ ആഗ്രഹവും, അവർ ഇതുവരെ ഏർപ്പെട്ടിരുന്ന പ്രവർത്തനങ്ങളും, ഒരുപക്ഷേ ഇതിലും വ്യാപ്തി ഉള്ളതായിരിക്കും.

നമ്മുടെ സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യുന്ന, കൂടുതൽ മൂലധന നിക്ഷേപം ആവശ്യമായ, ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന, തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന സാഹചര്യങ്ങൾ പരിചയപ്പെടുത്താനാണ് ആലോചിക്കുന്നത് . ഇത്തരത്തിൽ ആലോചിക്കുമ്പോഴാണ് ഭക്ഷ്യസംസ്കരണ മേഖലയുടെ പ്രാധാന്യം നമ്മുടെ മുൻപിൽ ഉയർന്നു വരുന്നത്. നമ്മുടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പഴവർഗങ്ങൾ, പച്ചക്കറികൾ , മത്സ്യം , മാംസം എന്നിവ സംസ്കരണ സൗകര്യം ഇല്ലാത്തതിനാൽ വൻതോതിൽ കേടു വന്നു പോകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇവയുടെ മൂല്യ വർധനവിനും, ദീർഘകാലം സൂക്ഷിക്കുന്നതിനും, സാങ്കേതിക സൗകര്യങ്ങൾ അനിവാര്യമാണ്.

നാമോരോരുത്തരും കുട്ടിക്കാലം മുതൽ ചക്ക കൊണ്ടുണ്ടാക്കുന്ന ചിപ്സ് കഴിക്കാറുണ്ട്. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ചിപ്സ് നൽകുന്ന സ്വാദ് എപ്പോഴെങ്കിലും കടകളിൽ നിന്നും വാങ്ങുന്ന ചിപ്സ് നൽകാറുണ്ടോ? മിക്കവാറും വളരെ മുറുക്കം കൂടിയ, പരുപരുത്ത ,വിറക് കൊള്ളികൾ പോലുള്ള ചിപ്സ് ആണ് ലഭിക്കുന്നത്. ഇത് നേന്ത്രക്കായയുടെ കാര്യത്തിലായാലും, മരച്ചീനിയുടെ കാര്യത്തിലായാലും, ഉരുളക്കിഴങ്ങ് ആയാലും വലിയ വ്യത്യാസം അനുഭവപ്പെടാറില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? മിക്കവാറും ഇത്തരം ഉൽപ്പന്നങ്ങൾ ഉണ്ടാകുന്ന സീസണിൽ അവ വാങ്ങി ഉണക്കി സൂക്ഷിച്ചു ആവശ്യാനുസരണം ചിപ്സ് ഉല്പാദിപ്പിക്കുന്നതുകൊണ്ടാണ് ഇതിൻറെ ജലാംശം നഷ്ടപ്പെടുന്നത്. മറ്റൊരു കാരണം വെളിച്ചെണ്ണ പരമാവധി കുറച്ച് ഉപയോഗിക്കുന്നതിനായി ചിപ്സ് ചെറിയ കഷണങ്ങളായി നുറുക്കി ഉണക്കുന്നത് കൊണ്ടാണ്. ഇതുമൂലം ജലാംശം പൂർണ്ണമായും നഷ്ടപ്പെടുന്നു . ഇത്തരം പ്രക്രിയയിലൂടെ അവയുടെ തനതു രുചി നഷ്ടപ്പെടുന്നു. എന്നാൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ ലഭ്യമാണ് . ഇത്തരം സങ്കേതങ്ങൾ ഫലപ്രദമായി ആയി ഉപയോഗിക്കണം.

1929 ൽ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരായ
Franklin kidd, Cyril west എന്നിവർ വികസിപ്പിച്ച സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് നിർമ്മിക്കുന്ന സംവിധാനങ്ങളെയാണ് Controlled Atmospheric Temperature Rooms (CA Rooms) എന്നു വിളിക്കുന്നത്.1960തോടുകൂടി ഈ സംവിധാനം പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. പ്രധാനമായും ആപ്പിൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുന്നതിന് ആണ് ഇത് ഉപയോഗിച്ചിരുന്നത് . പിൽക്കാലത്ത് ഇത് മറ്റ് പഴവർഗങ്ങളും, പച്ചക്കറികളും സൂക്ഷിക്കാൻ പ്രയോജനപ്പെടുത്താൻ തുടങ്ങി. ഇത്തരം CA room കളിലെ ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് , നൈട്രജൻ എന്നിവയുടെ അളവിൽ വ്യത്യാസം വരുത്തി കൊണ്ടാണ് പഴവർഗങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നത്. ഇതുകൂടാതെ അന്തരീക്ഷ താപനിലയും, അന്തരീക്ഷത്തിലെ ജലാംശം അഥവാ ഈർപ്പം എന്നിവയിലും മാറ്റം വരുത്തിയാണ് പഴവർഗ്ഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നത്.
ഇതുവഴി ഓക്സിജൻറെ അളവിൽ കുറവ് സംഭവിക്കുന്നതിനാൽ പഴവർഗങ്ങളിലെ ക്ലോറോഫില്ലിൽ മാറ്റം വരാതെ തുടരുന്നു. അതിനാൽ നിറത്തിൽ വ്യത്യാസം വരാതെ സൂക്ഷിക്കാൻ കഴിയുന്നു. അതുപോലെതന്നെ കാർബൺ ഡയോക്സൈഡിനെ നിയന്ത്രിക്കുന്നതിനാൽ പഴവർഗങ്ങൾ മുറിക്കുമ്പോൾ ബ്രൗൺ നിറം രൂപപ്പെടുന്നത് കുറയുന്നു. ഇതുകൂടാതെ ഇവയുടെ സ്റ്റോറേജ് ലൈഫ് ( Storage Life ) ടെക്സ്റ്റർ( Texture) എന്നിവയിലും മാറ്റം വരാതെ തുടരാൻ സഹായിക്കുന്നു. ഇതിനായി പലവിധത്തിലുള്ള സാങ്കേതികവിദ്യകളും, സംവിധാനങ്ങളും ലഭ്യമാണ് .ഇത്തരം സംവിധാനങ്ങളുടെ പ്രവർത്തനവും, പ്രവർത്തനഫലവും വ്യത്യസ്തമാണ്. Modified Atmospheric Temperature Rooms (MA rooms), Hypo barric System എന്നിങ്ങനെ വിളിക്കുന്ന സംവിധാനങ്ങൾ നൽകുന്ന സേവന സൗകര്യങ്ങൾ വ്യത്യസ്തമാണ് . ഇവയിൽ MA Rooms മത്സ്യം, മാംസം, മുട്ട, ഇറച്ചി എന്നിവയുടെ സൂക്ഷിപ്പിനായി സഹായിക്കുന്നു.
Hypo Barric System എത്തിലിൻ വാതകത്തിൻറെ ഉത്പാദനത്തെ നിയന്ത്രിക്കുന്നു. ഇത്തരം പദ്ധതികൾ ഉൾക്കൊള്ളുന്ന ഫുഡ് പാർക്കുകൾക്ക് രൂപം നൽകുന്നത് ഗുണകരമായിരിക്കും.

വിദേശത്തുനിന്നും മടങ്ങി വരുന്ന മലയാളികളുടെ കൂട്ടായ്മയും, വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ കൂട്ടായ്മയും ഇത്തരം സംവിധാനങ്ങൾ ആരംഭിക്കുന്നതിന് നേതൃത്വം നൽകേണ്ടതാണ്.

ഡോ.എം.രാമനുണ്ണി 9388555988

Leave a Reply

Your email address will not be published. Required fields are marked *

Latest News