ആകർഷകമായി സർഗാലയ അന്താരാഷ്ട്ര കരകൗശല മേള
കരകൗശല വിദ്യയുടെ പ്രതാപം വിളിച്ചോതി വടകര സർഗാലയയിലെ കരകൗശല മേള. വിവിധ കരകൗശല ഉത്പന്നങ്ങളുടെ 250 സ്റ്റാളുകളാണ് എട്ടാമത് അന്താരാഷ്ട്ര കരകൗശല മേളയിൽ ഉള്ളത്. ഭൂട്ടാൻ, നേപ്പാൾ, ഉസ്ബക്കിസ്ഥാൻ എന്നീ നാല് വിദേശ രാജ്യങ്ങളിൽ നിന്നായി 12 കരകൗശല വിദഗ്ധരും മേളയിൽ പങ്കെടുക്കുന്നുണ്ട്. 21 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്ധരും മേളയുടെ ഭാഗമാണ്. 500 ഓളം കലാകാരന്മാർ ആണ് ഇത്തവണ മേളയിൽ ഉള്ളത്.
കൂടാതെ കേരള ഗോത്ര ഗ്രാമം, കളരി വില്ലേജ്, കേരളീയ ഭക്ഷ്യ മേള, അമ്യൂസ്മെന്റ് റൈഡുകൾ എന്നിവയും മേളയിലുണ്ട്.സംസ്ക്കാരിക വകുപ്പിന് കീഴിലുള്ള റൂറൽ ആർട്ട് ഹബ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 20 പൈതൃക കര കൗശല ഗ്രാമങ്ങളുടെ കൈത്തറി ഗ്രാമ പവലിയനും പ്രധാന ആകർഷണമാണ്. ജനുവരി 7 വരെയാണ് കരകൗശലമേള നടക്കുന്നത്.
സർഗാലയ ഫെസ്റ്റ് സംസ്ഥാനത്തെ ടൂറിസം മേഖലക്ക് വലിയ ഉണർവാണ് നൽകുന്നതെന്ന് മേള ഉദ്ഘാടനം ചെയ്ത് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സർഗാലയ കേരളത്തിന്റെ കരകൗശല വിദ്യയുടെ നഷ്ട പ്രതാപം വീണ്ടെടുക്കുന്നതിൽ അഭിനന്ദനാർഹമായ പങ്ക് വഹിക്കുന്നുവെന്ന് മന്ത്രി ടി.പി രാമകൃഷ്ണനും അഭിപ്രായപ്പെട്ടു.
മേള നടക്കുന്ന മുഴുവൻ ദിവസങ്ങളിലും ആകർഷകമായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.