കുടിശ്ശിക രഹിത ബാങ്കായി കേരള ബാങ്കിനെ മാറ്റുന്നതിനായി സംസ്ഥാന സഹകരണ ബാങ്കിലെ വായ്പകൾ തീർപ്പാക്കുന്നതിൽ കൂടുതൽ ഇളവുകൾ.
കുടിശ്ശിക രഹിത ബാങ്കായി കേരള ബാങ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനായി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ സംസ്ഥാന സഹകരണ ബാങ്ക്നു മാത്രമായി ഒരു പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ/ കുടിശ്ശിക നിവാരണ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പരമാവധി കുടിശ്ശിക കുറയ്ക്കുകയാണ് ലക്ഷ്യം. കേരളത്തിലെ സഹകരണ വായ്പാ മേഖലയിൽ ദ്വിതല സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി സമൂല മാറ്റങ്ങൾക്ക് തുടക്കം കുറയ്ക്കുന്നതിനും അതുവഴി കേരളത്തിന്റെ വികസനപ്രക്രിയയിൽ സഹായകരമായ രീതിയിൽ ഈ മേഖലയിൽ കേരളത്തിന്റേതായ സ്വന്തം ബാങ്ക് എന്ന നിലയിൽ കേരള ബാങ്കിനെ യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സഹകരണ ബാങ്കിൽ പ്രത്യേക പദ്ധതിയിലൂടെ കുടിശ്ശിക പരമാവധി കുറയ്ക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ/ കുടിശ്ശിക നിവാരണ പദ്ധതി നടപ്പാക്കുന്നതെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറിൽ പറയുന്നു.