5 ലക്ഷം രൂപയിൽ താഴെ കുടിശ്ശികയുള്ളവർക്കെതിരെ ജപ്തി നടപടി പാടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി.

[mbzauthor]

5ലക്ഷം രൂപയിൽ താഴെ കുടിശ്ശികയുള്ളവർക്കെതിരെ ജപ്തി നടപടി പാടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 40 -മത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെയും നവകേരളീയം കുടിശ്ശിക നിവാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2 സെന്റ് 3 സെന്റ് ഉള്ള വായ്പകാർക്ക് എതിരെയല്ല, വലിയ വായ്പകാർകെതിരെയാണ് ജപ്തി നടപടി സ്വീകരിക്കേണ്ടതെന്ന് മന്ത്രി നിർദ്ദേശിച്ചു.

കുടിശ്ശിക വായ്പ അധികരിക്കുന്നത് സഹകരണമേഖലയ്ക്ക് ഭീഷണിയാണ്. അതുകൊണ്ട് ക്രിയാത്മകമായ നടപടികളിലൂടെ വായ്പാ കുടിശ്ശിക കുറച്ചു കൊണ്ടുവരണം. പ്രദേശത്തെ മുഴുവൻ വീട്ടുകാരെയും ആ പ്രദേശത്തെ സഹകരണ സംഘങ്ങളുടെ ഇടപാടുകാരുമായി മാറ്റാൻ സംഘങ്ങൾ കർമ്മപദ്ധതി തയ്യാറാക്കണം. 6000 കോടി നിക്ഷേപമാണ് ഇന്ന് മുതൽ ഫെബ്രുവരി 29 വരെയുള്ള ദിവസങ്ങളിൽ സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട് ലക്ഷത്തി 8000 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ന് കേരളത്തിലെസഹകരണ മേഖലയിൽ ഉള്ളത്. സഹകരണമേഖലയ്ക്ക് കേന്ദ്രസർക്കാർ നൽകിവന്നിരുന്ന സംരക്ഷണങ്ങൾ എല്ലാം തന്നെ ഇപ്പോൾ എടുത്തുകളഞ്ഞു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യം സഹകരണ മേഖലയെ സാരമായി ബാധിച്ചു. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് പ്രാഥമിക കാർഷിക സഹകരണസംഘങ്ങളെ കടന്നാക്രമിക്കുകയാണ്. ഇതിനെയെല്ലാം സഹകാരികൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്.

സുശക്തമായ ത്രിതല സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും ആധുനികവൽക്കരണത്തിനും വേണ്ടിയാണ് കേരള ബാങ്കുമായി മുന്നോട്ടുപോകുന്നത്. കാലഘട്ടത്തിനനുസരിച്ച് ശക്തിപ്പെടുത്തുന്നതിനായി ആധുനികവൽക്കരണം അനിവാര്യമാണ്. ഇതിനുവേണ്ടിയാണ് സഹകരണ ബാങ്കിംഗ് മേഖല പുന ക്രമീകരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യം വച്ച് മാത്രം കേരളബാങ്കിനെ എതിർക്കുന്നത് അവസാനിപ്പിക്കണം. കേരള ബാങ്കിൽ ഇപ്പോൾ 65000 കോടിയുടെ നിക്ഷേപം ഉണ്ട്. ഒരു ലക്ഷം കോടിയുടെ ബിസിനസും. ഇത് അടുത്ത ഒരു വർഷം കൊണ്ട് മൂന്നു ലക്ഷം കോടി രൂപയാക്കി വർധിപ്പിക്കണം. സാധാരണക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് കേരള ബാങ്ക് ഉദ്ദേശിക്കുന്നത്. സഹകരണമേഖലയുടെ ലക്ഷ്യം ലാഭമല്ലെന്നും മന്ത്രി ഓർമിപ്പിച്ചു.സഹകരണ മേഖലയിലെ വായ്പാ രീതി കൂടുതൽ ജനകീയം ആക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പാക്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വി. ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കോലിയക്കോട് കൃഷ്ണൻനായർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ. പി.കെ.ജയശ്രീ ഐ.എ.എസ് എന്നിവർ സംസാരിച്ചു.

[mbzshare]

Leave a Reply

Your email address will not be published.