ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..

adminmoonam

ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020
ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..
8. ഓർഡിനൻസ് പ്രഖ്യാപിക്കാനുള്ള ഇന്ത്യൻ രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ച് ഇനി നമുക്കു ചർച്ച ചെയ്യാം.ഭരണത്തിന്റെ അധികാരം മൂന്ന് വിഭാഗങ്ങളിലായി വിഭജിച്ചിരിക്കുന്നു, അതായത് Legislature (നിയമനിർമാണ സഭകൾ- പാർലമെന്റ്, സംസ്ഥാന നിയമസഭകൾ), Executive (ഭരണനിര്‍വ്വഹണ സംവിധാനം-കേന്ദ്ര-സംസ്ഥാന സർക്കാരുകൾ), Judiciary (നീതിന്യായ കോടതികള്‍-സുപ്രീം കോടതി, ഹൈക്കോടതികൾ). ഇവിടെ നിയമ നിർമ്മാണത്തിനുള്ള അധികാരം പാർലമെന്റ് പോലെയുള്ള നിയമ നിർമാണസഭകളിലാണ്. ഭരണനിര്‍വ്വഹണസംവിധാനം, അതായത് ഇന്ത്യൻ രാഷ്ട്രപതിയുടെ നേതൃത്വത്തിലുള്ള ഭരണനിര്‍വ്വഹണ സംവിധാനം നിയമനിർമാണസഭകൾ നിർമ്മിച്ച നിയമം നടപ്പിലാക്കുന്നു. ഒടുവിൽ നിയമനിർമാണസഭകൾ തയ്യാറാക്കിയ നിയമങ്ങൾ ജുഡീഷ്യറി, അതായത് കോടതികൾ വ്യാഖ്യാനിക്കുന്നു.

49. അതിനാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 107 പ്രകാരം പാർലമെന്റിന്റെ സവിശേഷാധികാരമാണ് നിയമനിർമ്മാണം. ഒരു ജനാധിപത്യത്തിൽ ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടി, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെ നിയമങ്ങൾ നിർമ്മിക്കപ്പെടുന്നു. എന്നാൽ ഓർഡിനൻസിന്റെ കാര്യത്തിൽ ഇത് അല്പം വ്യത്യസ്‌തമാണ്. ഓർഡിനൻസ് പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO)ആയ പ്രസിഡണ്ട് ആണ്; നിയമനിർമാണസഭയല്ല. റിപ്പബ്ലിക്ദിനമായി നമ്മൾ ആഘോഷിക്കുന്ന 1959 ജനുവരി 26 മുതൽ പ്രാബല്യത്തിൽവന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 123-ൽ നിന്നാണ് പ്രസിഡണ്ടിന് ഈ അധികാരം കൈവരുന്നത്.

50. ആർട്ടിക്കിൾ 52 അനുസരിച്ച് യൂണിയന്റെ എക്സിക്യൂട്ടീവ് അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. എന്നാൽ, ആർട്ടിക്കിൾ 74 അനുസരിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയുടെ ഉപദേശ പ്രകാരമാണ് രാഷ്ട്രപതി തന്റെ പ്രവർത്തനങ്ങൾ നിർവഹിക്കേണ്ടത്. അതിനാൽ, യഥാർത്ഥ അധികാരം വാസ്തവത്തിൽ പ്രധാനമന്ത്രിയിലും അദ്ദേഹത്തിന്റെ മന്ത്രിസഭയിലും നിക്ഷിപ്തമാണ്. രാഷ്ട്രപതി, പ്രായോഗികതലത്തിൽ മന്ത്രിസഭയുടെ ഉപദേശത്തിന് വിധേയനായാണ് പ്രവർത്തിക്കേണ്ടത്; തന്നെയുമല്ല അത് നിരസിക്കാനുള്ള വിവേചനാധികാരം ഒട്ടും തന്നെയില്ലെന്നു തന്നെ പറയാം . അതിനാൽ ബി.ആർ ഓർഡിനൻസ്, ഫലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ സൃഷ്ടിയാണ്.

51. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 123 (1)-ന്റെ ഉള്ളടക്കം വായനക്കാരുടെ അറിവിലേക്കായി ഞാൻ ഇവിടെ ഉദ്ധരിക്കുന്നു:

ആർട്ടിക്കിൾ 123 (1): പാർലമെന്റിന്റെ ഇരുസഭകളും സമ്മേളന കാലത്താണെങ്കിലൊഴികെ, എപ്പോൾ വേണമെങ്കിലും അടിയന്തരനടപടി സ്വീകരിക്കാൻ പര്യാപ്തമായ സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് രാഷ്ട്രപതിക്ക് ബോധ്യപ്പെടുകയാണെങ്കിൽ, സാഹചര്യങ്ങൾക്ക് അനുസൃതമായി അദ്ദേഹത്തിന് ഓർഡിനൻസുകൾ പുറപ്പെടുവിക്കാവുന്നതാണ്.

52. ആർട്ടിക്കിൾ 123- ലെ വ്യവസ്ഥകളിലൂടെ ഒന്ന് കണ്ണോടിക്കൂ. ഉടനടി നടപടിയെടുക്കാൻ ആവശ്യമായ സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് രാഷ്ട്രപതിക്ക് ബോധ്യപ്പെടുകയാണെങ്കിൽ ഓർഡിനൻസ് പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് ഇത് അധികാരം നൽകുന്നു. അടിയന്തിര സാഹചര്യം നിലവിലുണ്ടെങ്കിൽ മാത്രമേ ഇത് പ്രയോഗിക്കാവൂ. പെട്ടെന്നു തന്നെ ഒരു നിയമം ഉണ്ടാക്കണം; പക്ഷേ പാർലമെന്റിന്റെ ഇരുസഭകളും സമ്മേളനത്തിലല്ല. അത്തരമൊരു സാഹചര്യത്തിൽ എന്ത് ചെയ്യാൻ കഴിയും ? നിയമം നിർമ്മിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകിയിയിരിക്കുന്നു; അദ്ദേഹത്തിന് ഉടൻതന്നെ ഒരു ഓർഡിനൻസ് പുറപ്പെടുവിക്കാവുന്നതാണ്.

53. ഈ അവസരത്തിൽ, 1949 മെയ് 23 ന് നടന്ന ഭരണഘടനാ അസംബ്ലി(Constituent Assembly)യിലെ വാദപ്രതിവാദങ്ങൾക്കിടെ ആർട്ടിക്കിൾ 123 പ്രകാരാമുള്ള രാഷ്ട്രപതിയുടെ അധികാരവുമായി ബന്ധപ്പെട്ട പ്രസക്തമായ നിരീക്ഷണങ്ങൾ നടത്തിയ ഡോ. അംബേദ്കറെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും.

“ആകസ്മികമായി, പെട്ടെന്ന് ഉളവാകുന്ന ഒരു സ്ഥിതിവിശേഷം കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള സാധാരണ നിയമം നൽകുന്ന അധികാരങ്ങൾ പര്യാപ്തമല്ലാതെവരുന്ന അവസ്ഥകളെക്കുറിച്ച് സങ്കൽപ്പിക്കാൻ വലിയ വിഷമമൊന്നുമില്ല എന്നാണു എനിക്ക് സഭയിൽ പ്രസ്താവിക്കാനുള്ളത്. എക്സിക്യൂട്ടീവ് എന്ത് ചെയ്യണം? എക്സിക്യൂട്ടീവിനു മുൻപിൽ അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യേണ്ടുന്ന ഒരു പുതിയ സ്ഥിതിവിശേഷം സംജാതമാകുന്നു; നിലവിലുള്ള നിയമവ്യവസ്ഥയിൽ ആ സാഹചര്യത്തെ കൈകാര്യം ചെയ്യാൻ അതിനൊട്ട് അധികാരവുമില്ല. അടിയന്തരമായ സ്ഥിതിവിശേഷത്തെ കൈകാരയം ചെയ്തേപറ്റൂ; എന്റെ അഭിപ്രായത്തിൽ നിയമനിർമാണ സഭകൾ സമ്മേളിക്കാത്ത സന്ദർഭത്തിൽ, അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യേണ്ടുന്ന ഒരു പുതിയ സ്ഥിതിവിശേഷത്തിൽ, സാധാരണ നിയമവ്യവസ്ഥകൾ ആശ്രയിക്കാൻ നിർവാഹമില്ലാത്ത സന്നിഗ്ധഘട്ടത്തിൽ,എക്സിക്യൂട്ടീവിന് സ്ഥിതിഗതികൾ കൈകാര്യം ചെയ്യാനാവുന്ന തരത്തിൽ ഒരു നിയമം പുറപ്പെടുവിക്കാൻ പ്രസിഡന്റിന് അധികാരം നൽകുക മാത്രമാണ് പോംവഴി എന്ന് എനിക്ക് തോന്നുന്നു. “

54. ആർട്ടിക്കിൾ 123 (1) ന്റെ വിശകലനം ചെയ്യുമ്പോൾ താഴെപ്പറയുന്ന മൂന്നു കാര്യങ്ങൾ വ്യക്തമായി ഉരുത്തിരിഞ്ഞു വരുന്നു.

A) ഓർഡിനസ് പ്രഖ്യാപിക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണ്. പക്ഷെ, പ്രായോഗിക തലത്തിൽ, ഓർഡിനൻസിന്റെ കാര്യത്തിൽ അത്തരമൊരു തീരുമാനം എടുക്കുന്നത് കേന്ദ്ര മന്ത്രിസഭയാണെന്ന്
നമുക്കറിയാം.

B) ലോക് സഭയും രാജ്യസഭയും സെഷനിൽ ഇല്ലെങ്കിൽ മാത്രമേ രാഷ്ട്രപതിക്ക് ഓർഡിനൻസ് പ്രഖ്യാപിക്കാൻ കഴിയൂ.

C) അടിയന്തിര സാഹചര്യം കാരണം പെട്ടെന്നുതന്നെ നിയമം രൂപപ്പെടുത്തണമെന്ന് രാഷ്ട്രപതിയ്ക്ക് ബോദ്ധ്യപ്പെടണം ; പാർലമെന്റെ അടുത്ത സമ്മേളനം ആരംഭിക്കുന്നതുവരെ അദ്ദേഹത്തിന് കാത്തിരിക്കാൻ
നിർവാഹമില്ല. രാഷ്ടപതിയുടെ തൃപ്തിയാണ് ഈ കാര്യത്തിൽ ഏറ്റവും പരമ പ്രധാനം.

55. ഒരു ഹ്രസ്വകാലത്തേക്ക് മാത്രമേ ഓർഡിനൻസ് പ്രാബല്യത്തിൽ ഉണ്ടാവൂ എന്ന് ആർട്ടിക്കിൾ 123 (2) വ്യവസ്ഥ ചെയ്യുന്നു. ഓർഡിനൻസ് പുറപ്പെടുവിച്ച തീയതിക്ക് ശേഷം പാർലമെന്റിന്റെ ആദ്യത്തെ സമ്മേളനത്തിന്റെ തീയതി മുതൽ കണക്കാക്കിയ 6 ആഴ്ചകൾ കഴിഞ്ഞാൽ ഓർഡിനൻസ് സ്വയമേവ റദ്ദാകും. ഇന്ത്യൻ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ഓർഡിനൻസിൽ അടങ്ങിയിരിക്കുന്ന നിയമം, നിശ്ചിത സമയ പരിധിയായ 6 ആഴ്ചയ്ക്കുള്ളിൽപാസ്സാക്കിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ ബി.ആർ ഓർഡിനൻസ് റദ്ദാകും. ഓർഡിനൻസ് അസാധുവാക്കുന്ന പ്രമേയം പാർലമെന്റ് പാസാക്കിയാലും ഓർഡിനൻസ് റദ്ദാകും. രാഷ്ട്രപതിക്ക് തന്നെ ഓർഡിനൻസ് പിൻവലിക്കാനാകുമെന്നത് കൂടി ശ്രദ്ധിക്കേണ്ടതാണ്.
തുടരും…….

SIVADAS CHETTOOR BCOM FCA LL.M
MOB: 9447137057

Leave a Reply

Your email address will not be published. Required fields are marked *

Latest News