സഹകരണസംഘങ്ങൾക്ക് കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മൂല്യ വർദ്ധനവ് ഉറപ്പാക്കാൻ ആകണം.

adminmoonam

സഹകരണസംഘങ്ങൾക്ക് കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മൂല്യ വർദ്ധനവ് ഉറപ്പാക്കാൻ ആകണം. കർഷകരുടെ ഉൽപ്പന്നങ്ങൾക്കും മൂല്യവർധനവിനും സഹകരണസംഘങ്ങൾക്ക് കാര്യക്ഷമമായി ഇടപെടാൻ സാധിക്കണം. ഇതിനായി പഞ്ചായത്തുകളുടെ സഹകരണത്തോടെ കോമൺ സംവിധാനമൊരുക്കാൻ സഹകരണസംഘങ്ങൾക്ക് സാധിക്കും. സഹകരണ പ്രസ്ഥാനം ലോക്ക് ഡൗണിനുശേഷം.. ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-7

കുടുംബശ്രീയുടെ ഇരുപത്തിരണ്ടാം വർഷം ആഘോഷിക്കുകയാണല്ലോ.. നമ്മുടെ സംസ്ഥാനത്ത് സ്ത്രീകൾ നടത്തുന്ന ഒട്ടനവധി ലഘു സംരംഭങ്ങൾ ശക്തമായി പ്രവർത്തിച്ചുവരുന്നു. ഇതിൻറെ പുറകിലെ പ്രധാന ചാലകശക്തി കുടുംബശ്രീയാണ് . ഇവരുടെ വളർച്ച നമുക്കേവർക്കും സന്തോഷം പ്രദാനം ചെയ്യുന്നു .എന്നാൽ കാർഷിക ഉൽപന്നങ്ങളുടെയും, ലഘു സംരംഭങ്ങളുടെയും കാര്യത്തിൽ ഇത്തരം കൂട്ടായ്മകൾ പരസ്പരം മത്സരിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട് .

22 വർഷത്തിന് ശേഷവും ഒരു ബ്രാൻഡ് എന്ന നിലയിൽ ഇത്തരം ഉൽപ്പന്നങ്ങൾ വളർത്തിയെടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ? ഗുണമേന്മ സംബന്ധിച്ച കാര്യത്തിൽ ഉറപ്പുവരുത്താൻ കഴിയുന്നുണ്ടോ? ഇവിടെയാണ് സഹകരണ സ്ഥാപനങ്ങൾക്ക് കാര്യക്ഷമമായി ഇടപെടാൻ കഴിയുക. ഓരോ പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള സ്ഥാപിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്. പഞ്ചായത്തും സഹകരണ സ്ഥാപനവും സംയുക്തമായി ഇത്തരം അടുക്കളകൾ രൂപീകരിക്കുന്നതാണ് ഉചിതം.

ഇവിടെ വിവിധ ആവശ്യങ്ങൾക്ക് ഉപകാരപ്രദമായ യന്ത്രസാമഗ്രികളും, മറ്റു അനുബന്ധ വസ്തുക്കളും ക്രമീകരിക്കാവുന്നതാണ്.

അതത് പ്രദേശത്ത് ലഭ്യമായ കായ ,കപ്പ, ചക്ക ,ചേന എന്നിവ വറുക്കുന്നതിനും, അതുപോലെതന്നെ ജാം, ജല്ലി, സ്ക്വാഷ് എന്നിവ ഉണ്ടാക്കുന്നതിനും ക്രമീകരണം ഒരുക്കാവുന്നതാണ്. ഇതുകൂടാതെ അച്ചാറുകൾ, കടുമാങ്ങ, ഉപ്പുമാങ്ങ, മാങ്ങാതിര, ചക്കവരട്ടിയത് എന്നിവ ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനവും ക്രമീകരിക്കാവുന്നതാണ്. ഇത്തരം സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരിൽ നിന്നും വാടക അല്ലെങ്കിൽ യൂസർ ഫീ ഇടാക്കാവുന്നതാണ് .

ഇത്തരം അടുക്കളകളിൽ ഉത്പന്നങ്ങൾ പാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ആരംഭിക്കാവുന്നതാണ്. ചുരുക്കത്തിൽ എന്തെങ്കിലും അസംസ്കൃത വിഭവങ്ങളുമായി വരുന്ന സംരംഭകന് തൻറെ ഉത്പന്നം വൃത്തിയായി പാക്ക് ചെയ്തു , ലേബൽ ചെയ്തു കൊണ്ടുപോകാൻ കഴിയേണ്ടതാണ് . ഇതുവഴി ഗുണമേന്മയുള്ള ബ്രാൻഡുകൾ സൃഷ്ടിക്കാവുന്നതാണ് . ഫുഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും അംഗീകാരം ഇതുവഴി വഴി നേടിയെടുക്കാൻ ആകും. ഇതോടെ ഭക്ഷ്യസുരക്ഷാ നിയമത്തിൻറെ പരിധിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നതാണ്. ഓരോ പഞ്ചായത്തിലും ഏറ്റവും ചുരുങ്ങിയത് ഒരു അടുക്കള എന്ന നിലയിൽ ക്രമീകരിച്ചാൽ വിപണിയിൽ നമ്മുടെ ഉൽപ്പന്നങ്ങൾക്ക് ആധിപത്യം നേടാൻ കഴിയും. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മൂല്യ വർദ്ധനവ് ഉറപ്പാക്കാനും അതുവഴി വഴി കൂടുതൽ വരുമാനം നേടുന്നതിനും സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News