300 കോടിയുടെ വിപണി ഇടപെടലാണ് ഓണ ചന്തയിലൂടെ കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി.

[mbzauthor]

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്ന പ്രവണതയെ തടുത്ത് നിര്‍ത്തുന്നതിനും സാധാരണക്കാര്‍ക്ക് ഓണം ഹൃദ്യമായ അനുഭവമായി മാറ്റിയെടുക്കുന്നതിനുമായി സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് സഹകരണ മേഖല ഓണവിപണിയുമായി മുന്നോട്ട് വന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 2 മുതല്‍ 10 വരെ സംഘടിപ്പിക്കുന്ന ഓണ വിപണിക്ക് തുടക്കമായി. വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിര്‍വഹിച്ചു. വിപണിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 3500 ഓളം വിപണ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ വിപണികളിലൂടെ സംസ്ഥാനത്തെ 26.25 ലക്ഷം കുടുംബങ്ങള്‍ക്ക് 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കുന്നതിന് സമാനമായ നിരക്കില്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ വില്‍പ്പന നടത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ ഓണക്കാലത്ത് ഒരു കുടുംബത്തിന് ആവശ്യമായ സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്നും വാങ്ങുമ്പോള്‍ ഏകദേശം 800/- രൂപ നല്‍കേണ്ടി വരുമെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് ഒരുക്കുന്ന ഓണച്ചന്തകളില്‍ അത് 500/- രൂപയ്ക്ക് ലഭ്യമാകും. ഇത്തവണത്തെ ഓണചന്തകളില്‍ സബ്‌സിഡി സാധനങ്ങള്‍ മാത്രമല്ല ഒരുക്കിയിരുന്നത്. മറ്റിനം സാധനങ്ങളും 30% വരെ വിലക്കുറവില്‍ കണ്‍സ്യൂമര്‍ഫെഡ് ഓണ ചന്തകളില്‍ ലഭ്യമാണ്. ഉപഭോക്താവിന് ആവശ്യമായ പരമാവധി സാധനങ്ങള്‍ ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡും ഓണ വിപണിയില്‍ പങ്കാളികളാകുന്ന സഹകരണ സംഘങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. 300 കോടിയുടെ വിപണി ഇടപെടലാണ് ലക്ഷ്യമിടുന്നത്. 200 കോടിയിലേറെ രൂപയ്ക്കുള്ള 13 ഇനം സബ്‌സിഡി സാധനങ്ങളാണ് വിപണിയില്‍ എത്തിയ്ക്കുന്നത്. ഇതില്‍ 60 കോടി രൂപയോളം സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നു. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി കൃത്യമായ നിഷ്‌കര്‍ഷ ഇത്തവണ കണ്‍സ്യൂമര്‍ഫെഡ് പാലിച്ചിട്ടുണ്ട് എന്നും സഹകരണവകുപ്പ് മന്ത്രി പറഞ്ഞു.

സഹകരണപ്രസ്ഥാനങ്ങള്‍ എക്കാലത്തും ജനങ്ങളോട് ഒപ്പം നിന്ന ചരിത്രമാണ് കേരളത്തിനുള്ളത്. ഇത്തവണ ഓണച്ചന്ത ഒരുക്കുന്നതിന് ഗ്രാമീണതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതാണ്ട് എല്ലാ സഹകരണ സ്ഥാപനങ്ങളും മുന്നിട്ട് ഇറങ്ങിയിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 200 തൃവേണികള്‍ കൂടാതെ പ്രാഥമിക സഹകരണ സംഘങ്ങള്‍, വനിതാ സഹകരണസംഘങ്ങള്‍, കാര്‍ഷിക സഹകരണ സംഘങ്ങള്‍, എസ്.സി/എസ്.റ്റി സഹകരണസംഘങ്ങള്‍, മത്സ്യ തൊഴിലാളി സഹകരണസംഘങ്ങള്‍, ജീവനക്കാരുടെ സംഘങ്ങള്‍, മറ്റ് വിഭാഗം സംഘങ്ങള്‍ തുടങ്ങി നമ്മുടെ നാടിന്റെ വിവിധ വിഭാഗം ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഏവരും ചേര്‍ന്നാണ് 3500 ഓണച്ചന്ത ഒരുക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി പ്രാദേശിക തലത്തില്‍ പച്ചക്കറി കൃഷി നടത്തുന്ന കര്‍ഷകരില്‍ നിന്നും ജൈവ പച്ചക്കറികള്‍ വാങ്ങി ഓണം വിപണിയുടെ കൂടി വില്‍പ്പന നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഓണവിപണിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി വി എസ് ശിവകുമാർ എം.എൽ.എ.ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

[mbzshare]

Leave a Reply

Your email address will not be published.