സഹകരണത്തില്‍ സംഭവിക്കുന്നത് മാന്ദ്യകാലത്തിന്റെ ആഘാതം
സഹകരണമേഖലയില്‍ പ്രതിസന്ധി കണ്ടുതുടങ്ങിയിട്ട് നാലു വര്‍ഷമായി. പ്രളയാനന്തരം സംഭവിച്ച താല്‍ക്കാലികപ്രതിസന്ധി എന്ന നിലയിലാണ് ആദ്യം അതിനെ കണ്ടത്. പക്ഷേ, ഓരോ വര്‍ഷം കഴിയുമ്പോഴും അതിന്റെ കാഠിന്യം കൂടിവന്നു. സംഘങ്ങള്‍ നഷ്ടത്തിലേക്കു പോകുന്നതിന്റെ എണ്ണം കൂടി. നിക്ഷേപം തിരിച്ചുനല്‍കാനാവാത്ത സഹകരണസംഘങ്ങളും വര്‍ധിച്ചു. ഇതെല്ലാം സഹകരണമേഖലയുടെ എന്തോ പിടിപ്പുകേടുകൊണ്ടാണെന്ന പ്രചാരണത്തിനാണ് ഊന്നല്‍ ലഭിച്ചത്. ഇതിനിടയില്‍ കരുവന്നൂരിലുണ്ടായതു പോലെ ഒറ്റപ്പെട്ട ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം തട്ടിപ്പാണെന്ന പൊതുധാരണ സൃഷ്ടിക്കാനാണു ശ്രമമുണ്ടായത്. സഹകരണമേഖലയ്ക്കുണ്ടാകുന്ന ആഘാതം നാടിന്റെ സാധാരണജീവിതാവസ്ഥയെ ബാധിക്കുന്നതാണെന്ന ജാഗ്രത വേണമെന്ന് അന്നും സഹകാരികളെല്ലാം ആവര്‍ത്തിച്ചുപറയുന്നുണ്ടായിരുന്നു. ആരും ചെവിക്കൊണ്ടില്ല. ഇന്നിതാ, അതിന്റെ ഭീതിദമായ സ്ഥിതിയിലെത്തി നില്‍ക്കുന്നു. സംസ്ഥാനത്തെ നാലിലൊന്നു സഹകരണസംഘങ്ങളും നഷ്ടത്തിലാണ്. അതിന് ഒറ്റക്കാരണമേയുള്ളൂ- സാമ്പത്തികമാന്ദ്യം.
സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി മാത്രം ചര്‍ച്ച ചെയ്തപ്പോള്‍ നാടിന്റെ സാമ്പത്തികസ്ഥിതിയിലുണ്ടാകുന്ന ശോഷണം പരിഗണിക്കപ്പെട്ടതേയില്ല. നാലു വര്‍ഷമായി അതിന്റെ ആഘാതം കുറച്ചതു സഹകരണമേഖലയിലെ ഫണ്ട് കൊണ്ടായിരുന്നു. ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ കൊടുത്തു. കെ.എസ്.ആര്‍.ടി.സി. പെന്‍ഷനും കൃത്യമായി നല്‍കി. ഇതിനെല്ലാം സഹകരണസ്ഥാപനങ്ങള്‍ പണം നല്‍കി. ഇപ്പോള്‍ സഹകരണസംഘങ്ങള്‍ക്കു പണം നല്‍കാന്‍ കഴിയാത്ത സ്ഥിതി വന്നതോടെ എല്ലാം മുടങ്ങി. സഹകരണസംഘങ്ങളില്‍ വായ്പയ്ക്കു തിരിച്ചടവ് വരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ആരും, സര്‍ക്കാരുപോലും, മിണ്ടിയില്ല. വായ്പകളില്‍ 50 ശതമാനത്തിലധികം കുടിശ്ശികയായ സംഘങ്ങള്‍ ഏറെയുണ്ട് കേരളത്തില്‍. ഇതു സംഘങ്ങളുടെ വീഴ്ചയായി അവതരിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍, കര്‍ഷകരുടെയും സാധാരണക്കാരുടെയും തിരിച്ചടവുശേഷിയും വാങ്ങല്‍ശേഷിയും ഇല്ലാതാകുന്നവിധം വരുമാനശോഷണം ഉണ്ടായതാണ് ഇതിനു കാരണമെന്നു തിരിച്ചറിയാന്‍ ശ്രമിച്ചില്ല. നെല്‍ക്കര്‍ഷകര്‍ക്കു സംഭരിച്ച നെല്ലിന്റെ പണംപോലും സര്‍ക്കാരിനു കൊടുക്കാനാകുന്നില്ല. കാര്‍ഷികവിളകള്‍ക്കെല്ലാം വിലയിടിഞ്ഞു. നാളികേരകര്‍ഷകര്‍ പ്രതിസന്ധിയിലായി. പഴം-പച്ചക്കറികള്‍ക്കു താങ്ങുവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതുപോലും കര്‍ഷകന് ഉറപ്പുവരുത്താനായില്ല. നിര്‍മാണമേഖല സ്തംഭിക്കുന്ന സ്ഥിതിയിലായി. ഉള്ള തൊഴിലില്‍ മറുനാടന്‍ തൊഴിലാളികള്‍ നിറഞ്ഞു. അവര്‍ക്കു കിട്ടുന്ന പണം കേരളത്തിന്റെ വിപണിയിലേക്ക് എത്തിയതേയില്ല. ഇതെല്ലാം കേരളത്തെ സാമ്പത്തികമാന്ദ്യത്തിലേക്കു നയിച്ചു. ആ മാന്ദ്യത്തിന്റെ പ്രതിഫലനമാണു സഹകരണസംഘങ്ങളില്‍ നിഴലിച്ചുതുടങ്ങിയത്.
കേരളം നേരിടുന്ന സാമ്പത്തികമാന്ദ്യത്തിന്റെ ഭീതിദമായ ചിത്രമാണു ‘മൂന്നാംവഴി’ മാസികയുടെ ഫെബ്രുവരി ലക്കം അവതരിപ്പിക്കുന്നത്. ഇത്ര സമഗ്രമായും ഗൗരവത്തോടെയും ഈ വിഷയത്തെ ഇതുവരെ ഒരു മാധ്യമവും കൈകാര്യം ചെയ്തിട്ടില്ല. സഹകരണമേഖലയെ ബാധിച്ചതു കേരളത്തിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കു സംഭവിക്കുന്ന ആഘാതമാണെന്ന് ഈ ലേഖനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ പ്രാദേശിക ധനകാര്യസ്ഥാപനങ്ങളാണു സഹകരണസംഘങ്ങള്‍. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ആ സംഘങ്ങളില്‍ പ്രതിഫലിക്കുക. ഇനിയെങ്കിലും അതു തിരിച്ചറിഞ്ഞ് ഇടപെടാനായില്ലെങ്കില്‍ കേരളം അതിഗുരുതരമായ പ്രതിസന്ധിയിലേക്കു പോകും. സഹകരണസംഘങ്ങളിലൂടെ അടിസ്ഥാനജനവിഭാഗത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളാണു വേണ്ടത്. ജാഗ്രതയോടെയുള്ള ഇടപെടലും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുള്ള നടപടികളും ഉണ്ടാകണം. അതു സര്‍ക്കാരും സഹകാരികളും ഉള്‍ക്കൊണ്ടിട്ടില്ലെങ്കില്‍ നേരിടേണ്ടിവരുന്നതു സാമ്പത്തികമാന്ദ്യത്തിന്റെ രൂക്ഷമായ പ്രത്യാഘാതമായിരിക്കും.