2020-21 വര്‍ഷത്തെ സഹകരണ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം
ജൂലായിലെ അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തു മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്കു 2020-21 വര്‍ഷത്തെ അവാര്‍ഡുകള്‍ നല്കുമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുക.
അര്‍ബന്‍ ബാങ്ക്, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, എംപ്ലോയീസ് സഹകരണ സംഘം, വനിതാ സഹകരണ സംഘം, പട്ടികജാതി / പട്ടിക വര്‍ഗ സഹകരണ സംഘം, ആശുപത്രി / വിദ്യാഭ്യാസ സഹകരണ സംഘം, ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം / പലവക സഹകരണ സംഘം, മാര്‍ക്കറ്റിങ് സഹകരണ സംഘം എന്നീ വിഭാഗങ്ങളിലായാണ് അവാര്‍ഡ് നല്‍കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം ബന്ധപ്പെട്ട അസി. രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. താലൂക്ക്, ജില്ലാ, സംസ്ഥാനതലങ്ങളില്‍ നടക്കുന്ന പരിശോധനയിലൂടെയാണു മികച്ച സംഘങ്ങളെ തിരഞ്ഞെടുക്കുക.
താലൂക്ക് തലങ്ങളില്‍ നിന്നു കിട്ടുന്ന അപേക്ഷകള്‍ പരിശോധിച്ച് ജില്ലാതലത്തിലേക്ക് ഓരോ വിഭാഗത്തില്‍ നിന്നും ഏറ്റവും മികച്ച അഞ്ചു സംഘങ്ങളെ തിരഞ്ഞെടുക്കും. ഇവയുടെ പട്ടിക ജൂണ്‍ 15 നു വൈകിട്ട് അഞ്ചു മണിക്കു മുമ്പായി സഹകരണ രജിസ്ട്രാറുടെ ഓഫീസില്‍ എത്തിക്കണമെന്നാണു ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ക്കുള്ള നിര്‍ദേശം.