2000 കോടി കുടുംബശ്രീ വായ്പ പദ്ധതി: സഹകരണ സംഘങ്ങൾ വഴി നടപ്പാക്കുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

adminmoonam

കുടുംബശ്രീ മുഖേനയുള്ള 2000 കോടി രൂപയുടെ വായ്പാ പദ്ധതി സഹകരണ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്നത് സംബന്ധിച്ച് സഹകരണസംഘം രജിസ്ട്രാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതി എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് അക്കൗണ്ടുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് ശാഖകൾ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ മറ്റ് സഹകരണ സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് പദ്ധതി നടപ്പാക്കേണ്ടത്.

കോവിഡ് 19 പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ച ആളുകൾക്കുള്ള അടിയന്തര ധനസഹായം എന്ന നിലയിൽആണ് പദ്ധതി നടപ്പാക്കുന്നത്. ലോക് ഡൌൺ മൂലം തൊഴിൽ നഷ്ടമോ, കച്ചവടനഷ്ടമോ, വരുമാനനഷ്ടംമോ ഉണ്ടായവരെയും ഇതിൽ ഉൾപ്പെടുത്തും. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കുള്ള ഉപഭോക്തൃ വായ്പയായി ഇതിനെ കണകൂട്ടാം. 2019 ഡിസംബർ 31 ന് മുമ്പ് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കാണ് പദ്ധതി.

ഈ അയൽക്കൂട്ടങ്ങൾ ഒരുതവണയെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കിൽ അതേ ബാങ്കുകളും വായ്പ എടുത്തിട്ടില്ലെങ്കിൽ അവർക്ക് സേവിങ്സ് അക്കൗണ്ട് ഉള്ള ബാങ്കുകൾ മുഖേനയാണ് വായ്പ അനുവദിക്കേണ്ടത്. ബാങ്കുകൾ പുതിയ ലിങ്കേജ് വായ്പയായോ നിലവിലുള്ള വായ്പയുടെ പരിധി ഉയർത്തിയോ ഈ വായ്പ അനുവദിക്കാം. ബന്ധപ്പെട്ട സിഡിഎസ് ന്റെ ശുപാർശയോടെ സഹകരണ ബാങ്കുകളെ/ സഹകരണസംഘങ്ങളെ സമീപിക്കുന്ന അയൽക്കൂട്ടങ്ങൾക്ക് ആണ് വായ്പ നൽകേണ്ടത്.

കോവിഡ് 19 നിമിത്തം അയൽക്കൂട്ടത്തിന്/ കുടുംബത്തിന് ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടിനും അവരുടെ സാമ്പത്തിക സ്ഥിതിക്കു ആനുപാതികമായി ഒരംഗത്തിന് പരമാവധി 20,000 രൂപവരെ വായ്പ നൽകാം. നിലവിൽ ബാങ്കുകൾ അയൽക്കൂട്ടങ്ങൾക്ക് അനുവദിക്കുന്ന പരമാവധി വായ്പാ തുകയായ 10 ലക്ഷം രൂപയുടെ പരിധിക്കു വിധേയമായി ഒരു അയൽക്കൂട്ടത്തിന് ഈ പദ്ധതി പ്രകാരം അനുവദിക്കാവുന്ന പരമാവധി തുക നാല് ലക്ഷം രൂപ വരെയാണ്. പദ്ധതിപ്രകാരം ഒരു കുടുംബത്തിലെ ഒരംഗത്തിന് മാത്രമേ വായ്പ അനുവദിക്കാവൂ. ഒരു അയൽക്കൂട്ടത്തിന് അനുവദനീയമായ പരമാവധി തുകയിൽ അധികരിക്കാതെ ഒന്നിൽ കൂടുതൽ വായ്പകൾ അനുവദിക്കാം. പദ്ധതിപ്രകാരമുള്ള വായ്പകൾക്ക് സെക്യൂരിറ്റിയോ മാർജിൻ മണിയോ ഉണ്ടായിരിക്കുന്നതല്ല.

ബാങ്കുകൾ 8.5 ശതമാനം മുതൽ 9 ശതമാനം വരെ പലിശ നിരക്കിൽ അയൽക്കൂട്ടങ്ങൾക്ക് വായ്പ ലഭ്യമാക്കണം. അയൽക്കൂട്ടങ്ങൾ ബാങ്കുകൾക്ക് മുതലും പലിശയും നിശ്ചയിച്ച് നൽകിയിട്ടുള്ള സമയപരിധിക്കുള്ളിൽ തിരിച്ചടക്കണം. ആറുമാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസമാണ് വായ്പാ കാലാവധി. വായ്പാ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യമുണ്ടായാൽ അയൽക്കൂട്ടങ്ങളിൽ നിന്ന് വായ്പാതുക തിരിച്ചുപിടിക്കാൻ ബാങ്കുകൾക്ക് നിലവിലെ രീതിയിൽ നിയമ നടപടികൾ സ്വീകരിക്കാം.

ഈ പദ്ധതിപ്രകാരം ഓരോ മാസവും അനുവദിച്ചിട്ടുള്ള വായ്പയുടെ വിശദാംശങ്ങൾ ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ അടുത്തമാസം അഞ്ചാം തീയതിക്ക് മുൻപായി സഹകരണസംഘം രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകണമെന്നും സഹകരണ സംഘം രജിസ്ട്രാർ എ.അലക്സാണ്ടർ ഇന്ന് ഇറക്കിയ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published.