14,200 കോടിയുടെ ബിസിനസും 67 കോടിലാഭവുമായി സത്താറ ജില്ലാ ബാങ്ക് കുതിക്കുന്നു
മഹാരാഷ്ട്രയിലെ ലീഡിങ് ബാങ്കായ സത്താറ ജില്ലാ കേന്ദ്ര സഹകരണ ബാങ്ക് 2021-22 സാമ്പത്തികവര്‍ഷം 14,200 കോടി രൂപയുടെ ബിസിനസ് കൈവരിച്ചു. ഈ കാലയളവില്‍ ബാങ്കിന്റെ ലാഭം 67 കോടി രൂപയാണ്.
എന്‍.സി.പി. നേതാവായ നിതിന്‍ പാട്ടീല്‍ ചെയര്‍മാനായ ഈ ബാങ്കിനു ഈയിടെ മികച്ച പ്രവര്‍ത്തനത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ബാങ്കിന്റെ നിക്ഷേപം മുന്‍വര്‍ഷത്തെ 8,577 കോടി രൂപയില്‍ നിന്നു 2021-22 ല്‍ 9,122 കോടി രൂപയായി ഉയര്‍ന്നു. അതേസമയം, വായ്പ കുറഞ്ഞിരിക്കുകയാണ്. മുന്‍വര്‍ഷം 5562 കോടി രൂപ വായ്പ നല്‍കിയ സ്ഥാനത്ത് ഇക്കൊല്ലം 5112 കോടി രൂപയായി കുറഞ്ഞു.
ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 0.20 ശതമാനമാണെന്നു സി.ഇ.ഒ. രാജേന്ദ്ര സര്‍ക്കാലെ അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ബിസിനസ് വര്‍ധിപ്പിച്ച് ലാഭം 200 കോടി രൂപയിലെത്തിക്കാനാണു ശ്രമമെന്നു അദ്ദേഹം പറഞ്ഞു. ബിസിനസ് കൂട്ടാന്‍ നിരവധി വായ്പകളുടെ പലിശ കുറച്ചിട്ടുണ്ട്. പഞ്ചസാര ഫാക്ടറികള്‍ക്കു നല്‍കുന്ന വായ്പപ്പലിശ നിലവിലുള്ള 12-13 ശതമാനത്തില്‍ നിന്നു 10 ശതമാനമാക്കി കുറച്ചിട്ടുണ്ട്. 2022 മാര്‍ച്ച് 31 നു ബാങ്കിന്റെ CRAR 14.23 ശതമാനമാണ്. സ്വന്തം ഫണ്ട് 780 കോടി രൂപയാണ്. കരുതല്‍ ശേഖരം 518 കോടി വരും.
സത്താറ ജില്ലയിലെ കര്‍ഷകരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യംവെച്ച് 1950 ലാണു ഈ സഹകരണ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. 307 ശാഖകളും 12 എക്സ്റ്റന്‍ഷന്‍ കൗണ്ടറുകളുമാണു ബാങ്കിനുള്ളത്.