13 അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് 50.5 ലക്ഷം രൂപയുടെ പിഴ ചുമത്തി

moonamvazhi

കഴിഞ്ഞ ഒരാഴ്ചക്കിടെ റിസര്‍വ് ബാങ്ക് രാജ്യത്തെ പതിമൂന്നു അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമേല്‍ പിഴ ചുമത്തി. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സഹകരണ ബാങ്കുകള്‍ക്കെതിരെയാണു നടപടി കൈക്കൊണ്ടത്. പിഴശിക്ഷയ്ക്കു വിധേയമായ ബാങ്കുകളില്‍ കൂടുതലും ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവയെല്ലാംകൂടി മൊത്തം 50.5 ലക്ഷം രൂപ പിഴയായി അടയ്ക്കണം.

സാന്ദ്രഗച്ചി സഹകരണ ബാങ്ക്, വിദ്യാസാഗര്‍ സെന്‍ട്രല്‍ സഹകരണ ബാങ്ക് ( രണ്ടും പശ്ചിമ ബംഗാള്‍ ), കര്‍ണാവതി സഹകരണ ബാങ്ക്, അഹമ്മദാബാദ്, ഗാണ്ഡവി പീപ്പിള്‍സ് സഹകരണ ബാങ്ക് , നവ്‌സാരി, എസ്.ബി.പി.പി. സഹകരണ ബാങ്ക്, കില്ല പര്‍ദി, ( മൂന്നും ഗുജറാത്ത് ), സഹ്യാദ്രി സഹകാരി ബാങ്ക്, മുംബൈ, റഹ്‌മത്ത്പൂര്‍ സഹകാരി ബാങ്ക്, സത്താറ, ഗധിംഗ്ലജ് അര്‍ബന്‍ സഹകരണ ബാങ്ക്, കല്യാണ്‍ ജനത സഹകാരി ബാങ്ക്, കല്യാണ്‍ ( നാലും മഹാരാഷ്ട്ര ) എന്നിവയ്ക്കാണു കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്. ഇവയില്‍നിന്നെല്ലാംകൂടി 33.5 ലക്ഷം രൂപ പിഴയായി ഈടാക്കും. ഏറ്റവും വലിയ തുക പിഴയായി അടയ്‌ക്കേണ്ടതു എസ്.ബി.പി.പി. ബാങ്കാണ് – 13 ലക്ഷം രൂപ. സഹ്യാദ്രി സഹകരണ ബാങ്ക് ആറു ലക്ഷം രൂപ പിഴയൊടുക്കണം.

ഒക്ടോബര്‍ മൂന്നിനു ഗുജറാത്തിലെ മറ്റു നാലു സഹകരണ ബാങ്കുകളെയും ഇതേപോലെ ശിക്ഷിച്ചിരുന്നു. മണിനഗര്‍ സഹകരണ ബാങ്ക്, അഹമ്മദാബാദ്, ജനതാ സഹകരണ ബാങ്ക്, ഗോദ്ര, ധനേറ മെര്‍ക്കന്റൈല്‍ സഹകരണ ബാങ്ക്, സര്‍വോദയ സഹകാരി ബാങ്ക്, മൊദാസ എന്നീ ബാങ്കുകളെയാണ് അന്നു ശിക്ഷിച്ചത്. ഇവയ്‌ക്കെല്ലാംകൂടി മൊത്തം 17 ലക്ഷം രൂപയാണു പിഴയായി വിധിച്ചത്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക് ഷന്‍ 47 എ ( 1 ), 46 ( 4 ) ( 1 ), 56 എന്നിവയനുസരിച്ചാണു സഹകരണ ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് നടപടിയെടുത്തത്.

Leave a Reply

Your email address will not be published.