സഹകരണ ചിട്ടി സ്‌കീം ഏകീകരിക്കും – മന്ത്രി വി.എന്‍. വാസവന്‍
സഹകരണ സംഘങ്ങളിലെ മാസ നിക്ഷേപ പദ്ധതി (ചിട്ടി സ്‌കീം) ഏകീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമ സഭയില്‍ അറിയിച്ചു. സഹകരണ നിയമ ഭേദഗതിയില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തുമെന്ന് ഐ.ബി. സതീഷിന്റെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് നടത്തും. ഓഡിറ്റര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ ഓഡിറ്റിങ്ങ് സംവിധാനത്തില്‍ പരിശീലനം നല്‍കും. സി.ഡിറ്റുമായി സഹകരിച്ച് ഐ.സി.ഡി.എം.എസ് പദ്ധതിയുടെ ഭാഗമായി ഓഡിറ്റ് നോട്ടും ഓഡിറ്റ് റിപ്പോര്‍ട്ടും തയ്യാറാക്കാന്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചതായും മന്ത്രി പറഞ്ഞു.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ അക്കൗണ്ടിങ് പൊതു സോഫ്റ്റ്വെയറിലാക്കും. ബാങ്കിങ് ദേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥകള്‍ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ് ഇതിനെതിരെ നടപടികള്‍ സ്വീകരിച്ചു വരികയാണ് എന്നും മുരളി പെരുനെല്ലി, എം.എം. മണി, കെ.എം. സച്ചിന്‍ ദേവ്, ജി. സ്റ്റീഫന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി.ജെ. വിനോദ്, കെ.കെ. രമ, എം. വിന്‍സന്റ്, ശാന്തകുമാരി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.