ഹൈക്കോടതി ഇടപെട്ടു: മധ്യപ്രദേശില്‍ പത്തു വര്‍ഷത്തിനുശേഷം സഹകരണസംഘം തിരഞ്ഞെടുപ്പ്

moonamvazhi

മധ്യപ്രദേശില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നു പത്തു വര്‍ഷത്തിനുശേഷം സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു വഴി തെളിഞ്ഞു. 2014 ലാണ് ഇതിനു മുമ്പു സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പു സഹകരണസംഘം തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കാനാണു ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

2024 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ വിവിധ ഘട്ടങ്ങളിലായാണു സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു നടക്കുക. 4500 ലധികം പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളാണു സംസ്ഥാനത്തുള്ളത്. അഞ്ചു വര്‍ഷമായി സംഘങ്ങളില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും സര്‍ക്കാരുകള്‍ ഭരിച്ചിട്ടും സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ആരും മുന്‍കൈയെടുത്തില്ല. ഇതേത്തുടര്‍ന്നാണു സഹകാരികള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയത്. സഹകാര്‍ ഭാരതിയുടെ സംസ്ഥാന ഘടകം തിരഞ്ഞെടുപ്പു നടത്താത്തതില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു.

2024 മാര്‍ച്ച് പത്തിനകം സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കാനാണു കോടതിനിര്‍ദേശം. ഇതനുസരിച്ചു സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് ഓഫീസര്‍ വോട്ടെടുപ്പു നാലു ഘട്ടമായി നടത്താനാണു നിശ്ചയിച്ചിരിക്കുന്നത്. പല സംഘങ്ങളിലും വര്‍ഷങ്ങളായി ഭരണം നടത്തുന്നത് അഡ്മിനിസ്‌ട്രേറ്റര്‍മാരാണ്. സംസ്ഥാന സഹകരണനിയമപ്രകാരം സംഘങ്ങളില്‍ ആറു മാസത്തേക്കേ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാന്‍ പാടുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

Latest News