ഹിമാചല്‍ സംസ്ഥാന സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം
ഹിമാചല്‍ പ്രദേശ് സംസ്ഥാന സഹകരണ ബാങ്കിന്റെ ഡയരക്ടര്‍ ബോര്‍ഡിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. മത്സരം നടന്ന എട്ടു സീറ്റുകളില്‍ ഏഴും കോണ്‍ഗ്രസ്സിനു ലഭിച്ചപ്പോള്‍ ബി.ജെ.പി.ക്കു ഒരു സീറ്റേ കിട്ടിയുള്ളു.
നിലവിലുള്ള ചെയര്‍മാന്‍ ദേവേന്ദ്ര ശ്യാം തന്നെയാവും ബാങ്കിന്റെ പുതിയ ചെയര്‍മാന്‍ എന്നറിയുന്നു. ഷിംല – സോണ്‍ രണ്ടില്‍ മത്സരിച്ച ദേവേന്ദ്രശ്യാമിനു 93 വോട്ട് കിട്ടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ ഷെര്‍സിങ് ചൗഹാനു 20 വോട്ടേ കിട്ടിയുള്ളു. മണ്ഡി സോണ്‍ രണ്ടില്‍ നിന്നാണു ബി.ജെ.പി.യുടെ ഏകസ്ഥാനാര്‍ഥി ജയിച്ചത്. 2022-23 സാമ്പത്തികവര്‍ഷം 303 കോടി രൂപയുടെ അറ്റലാഭമുണ്ടാക്കിയ ബാങ്കാണു ഹിമാചല്‍ പ്രദേശ് സംസ്ഥാന സഹകരണ ബാങ്ക്. ബാങ്കിന്റെ ആകെയുള്ള ബിസിനസ് 22,700 കോടി രൂപയിലധികമാണ്.