‘ഹരിതം സഹകരണം’ ഈ വർഷം സഹകരണസംഘങ്ങൾ ലക്ഷം തെങ്ങിൻ തൈകൾ നടും.
പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് 5 വർഷം കൊണ്ട് 5 ലക്ഷം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നത്തിന്റെ ഭാഗമായി ഈ വർഷം ലക്ഷം തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി പ്ലാവ്, കശുമാവ്, തെങ്ങ്, മാവ്, പുളി എന്നീ മരങ്ങൾ ആണ് നടുന്നത്.കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയായ കയർ വെളിച്ചെണ്ണ എന്നിവയ്ക്ക് ആവശ്യമായ വിഭവങ്ങൾ ലഭ്യമല്ലാത്തതിന്റെ പേരിൽ ഈ വ്യവസായങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിലാണ് ഈ വർഷം തെങ്ങിൻതൈകൾ വെച്ചുപിടിപ്പിക്കാൻ തീരുമാനിച്ചത്. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിലാണ് സഹകരണ വകുപ്പ് പദ്ധതി നടപ്പിലാക്കുക.
എല്ലാ സഹകരണ സ്ഥാപനങ്ങളും തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ പൊതുസ്ഥലങ്ങളിലും തെങ്ങിൻതൈകൾ നടണം. സംസ്ഥാന, ജില്ലാ, താലൂക്ക്, സംഘം തലങ്ങളിൽ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കണം. ഓരോ സംഘവും പരമാവധി തെങ്ങിൻ തൈകൾ നടണം. പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കാൻ പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹ്യപ്രവർത്തകർ എന്നിവരെ സംഘടിപ്പിച്ച് ക്ലാസുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കണം. ഹരിത ചട്ടങ്ങൾ പാലിച്ചിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയുടെ പ്രചരണാർത്ഥം ഫ്ലക്സുകളും ബാനറുകളും മറ്റ് പരസ്യ മാർഗ്ഗങ്ങളും ഉപയോഗിക്കുന്നത് പ്രകൃതി സൗഹൃദമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ആയിരിക്കണം. ഇതോടനുബന്ധിച്ച് ശുചിത്വ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും ഉറവിട മാലിന്യ സംസ്കരണത്തെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള പരിപാടികളും സംഘടിപ്പിക്കണം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് ആയിരിക്കണം പരിപാടികൾ നടത്തേണ്ടത്. പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ ചെലവ് സംഘങ്ങളുടെ പൊതുനന്മ ഫണ്ടിൽ നിന്നും സഹിക്കാവുന്നതിനും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന സ്ഥാപനത്തിന് ജില്ലാതലത്തിൽ അവാർഡുകൾ നൽകാവുന്നതുമാണ്.
ജില്ലാതലത്തിൽ പദ്ധതിയുടെ ഏകോപനവും അവലോകനവും നടത്തുന്നതിന് ജില്ലാ ജോയിന്റ് രജിസ്ട്രാർമാരുടെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ച് പുരോഗതി റിപ്പോർട്ട് സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ നൽകണമെന്നും സഹകരണ സംഘം രജിസ്ട്രാറുടെ ഇന്ന് ഇറങ്ങിയ സർക്കുലറിൽ പറയുന്നു.