സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് അംഗീകാരം. ജൂൺ1നു പ്രാബല്യത്തിൽ.
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജൂൺ ഒന്ന് മുതൽ പദ്ധതി നടപ്പിൽ വരും. മെഡിക്കൽ ഇൻഷുറൻസ് സ്‌കീം ഫോർ സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് പെൻഷനേഴ്സ് എന്നാണ് പദ്ധതിയുടെ പേര്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പേഴ്സണൽ ജീവനക്കാർക്കും ഇവരുടെ ആശ്രിതരും ആണ് ഇതിന്റെ ഗുണഭോക്താക്കൾ. മൂന്നുവർഷമാണ് ഇൻഷുറൻസ് പദ്ധതിയുടെ കാലാവധി.
ഓരോ കുടുംബത്തിനും ഇൻഷുറൻസ് കാലയളവിൽ പ്രതിവർഷം രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അവയവ മാറ്റം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് മൂന്നു വർഷക്കാലയളവിൽ ഒരു കുടുംബത്തിന് പരമാവധി 6 ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. നേരത്തെ പ്രതിവർഷം ലഭിക്കുന്ന രണ്ട് ലക്ഷം രൂപയുടെ പരിരക്ഷക് പുറമേയാണിത്. ഗുരുതര രോഗത്തിന് ഈ തുകയും തികയുന്നില്ലെങ്കിൽ ഈ മൂന്നു വർഷ കാലയളവിനുള്ളിൽ മൂന്നു ലക്ഷം രൂപയുടെ അധിക പരിരക്ഷ കൂടി ലഭിക്കും. ഇതിനായി 25 കോടി രൂപയുടെ സഞ്ചിത നിധി രൂപീകരിക്കും. ഇതിൽ നിന്നായിരിക്കും ഈ തുക അനുവദിക്കുക.
2992.48 രൂപ (ജി.എസ്.ടി ഉൾപ്പെടെ) പ്രീമിയം തുക കോട്ട് ചെയ്ത റിലയൻസ് ഇൻഷുറൻസ് കമ്പനികാണു സ്‌കീം നടപ്പാക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. സർക്കാർ ജീവനക്കാരിൽ നിന്ന് 250 രൂപയും പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് നിന്ന് 300 രൂപയും ഇതിനായി പിടിക്കും. പദ്ധതി നടപ്പാകുന്നതോടെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമാകും. ഇൻഷൂറൻസ് പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്താത്തത് വ്യാപക പ്രതിഷേധമാണ് ഇതിനകം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പദ്ധതിയിൽ സഹകരണ ജീവനക്കാരെ എത്രയും വേഗം ഉൾപ്പെടുത്തണമെന്ന് സഹകരണ എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യുവും ജന.സെക്രട്ടറി ചാൾസ് ആന്റണിയും ആവശ്യപ്പെട്ടു.