സർക്കാരിന്റെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് സ്കീമിൽ അംഗത്വം ലഭിക്കുന്നതിന് എസ്.എൽ.ഐ., ജി.ഐ.എസ് പദ്ധതികൾ നിർബന്ധമാക്കി.
സർക്കാരിന്റെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് സ്കീമിൽ അംഗത്വം ലഭിക്കുന്നതിന് എസ്.എൽ.ഐ., ജി.ഐ.എസ് പദ്ധതികൾ നിർബന്ധമാക്കി. ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് സ്കീമിൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റി, എയ്ഡഡ് സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരെ കൂടി 3 വർഷം മുമ്പ് ഉൾപ്പെടുത്തിയിരുന്നു.എന്നാൽ അടുത്ത വർഷം മുതൽ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിലും സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതിയിലും നിർബന്ധമായും മുഴുവൻ സർക്കാർ, സഹകരണ സൊസൈറ്റി, എയ്ഡഡ് സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ 50 വയസ്സിനു താഴെയുള്ള മുഴുവൻ ജീവനക്കാർ അംഗമായിരിക്കണം എന്ന് നിർബന്ധമാക്കി ഇപ്പോൾ ഉത്തരവിട്ടു. 2020 മുതൽ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതിയിൽ അംഗം ആകണമെങ്കിൽ എസ്.എൽ.ഐ, ജി.ഐ.എസ് പദ്ധതികളിൽ ചേർന്നിരിക്കണം എന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. 2020 മുതൽ മേൽപ്പറഞ്ഞ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജി.പി.എ.ഐ.എസ് പദ്ധതിയിൽ എൻട്രോൾ ചെയ്യുന്നതിന് മുമ്പായി ഈ ജീവനക്കാർ എസ്.എൽ.ഐ, ജി.ഐ.എസ് പദ്ധതികളിൽ അംഗത്വം തേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ബന്ധപ്പെട്ട ഡി.ഇ.ഒ മാർക്ക് ആയിരിക്കുമെന്നും അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് കൂടുതൽ സാമ്പത്തിക ഭദ്രതയുള്ള വകുപ്പായി മാറ്റുന്നതിന്റെ ഭാഗമായാണ് സർക്കാർ ജീവനക്കാർക്ക് പുറമേ സഹകരണ സംഘങ്ങളിലെയും എയ്ഡഡ് സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരെ ഉൾപ്പെടുത്തിയത്. ഈ ജീവനക്കാരിൽ നിന്നുള്ള പ്രീമിയം കൂടി ലഭിക്കുന്നതോടെ വകുപ്പ് സാമ്പത്തികമായി മെച്ച പെടുമെന്ന് സർക്കാർ വിലയിരുത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമുള്ള ഇൻഷുറൻസ് പദ്ധതിയായ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതിയിൽ മറ്റുള്ളവരെ കൂടി ചേർത്തത് വലിയ നേട്ടമായിരുന്നു.
എന്നാൽ ജി.ഐ.എസ്, എസ്.എൽ.ഐ എന്നീ റിട്ടയർമെന്റ് പോളിസികളിൽ ജീവനക്കാർ ചേരാൻ വൈമുഖ്യം കാണിക്കുന്നതിനാലാണ് വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകാൻ സർക്കാർ തീരുമാനിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എസ്.ഇ.ബി, കെ.എസ് .ആർ.ടി.സി എന്നിവിടങ്ങളിലെ ജീവനക്കാരുടെ ജി.പി.എ.ഐ.എസ് പ്രീമിയം മറ്റ് സർക്കാർ ജീവനക്കാരുടെ വർഷത്തിലെ പ്രീമിയം ആയ 400 രൂപ അല്ല. അപകട സാധ്യതയുള്ള ഈ മേഖലകളിൽ കെ.എസ് .ഇ.ബി ജീവനക്കാർക്ക് 850 രൂപയും കെ.എസ് .ആർ.ടി.സി ജീവനക്കാർക്ക് 550 രൂപയുമാണ് പ്രതിവർഷ പ്രീമിയം. എല്ലാ വർഷവും നവംബർ മാസത്തിലാണ് പ്രീമിയം അടയ്ക്കേണ്ട സമയം.ജീവനക്കാരൻ അപകടത്തിലൂടെ മരണപ്പെടുകയാണെങ്കിൽ പദ്ധതി വഴി 10 ലക്ഷം രൂപയാണ് ഇൻഷുറൻസ് ലഭിക്കുക.റിട്ടയർമെന്റ് പോളസിയായ എസ്.എൽ.ഐ, ജി.ഐ.എസ് എന്നീ പദ്ധതികളിലെ പ്രതിമാസ പ്രീമിയം ജീവനക്കാരുടെ ശമ്പള സ്കെയിലിനു ആനുപാതികമായാണ്. ഇത് റിട്ടയർമെന്റ് സമയത് ഒരുമിച്ച് ലഭിക്കുമെന്നതുകൊണ്ടുതന്നെ ജീവനക്കാരനും റിട്ടയർമെൻറ് സമയത്ത്ജീവനക്കാരന് നൽകിയാൽമതി എന്നതുകൊണ്ട് വകുപ്പിനും ഒരുപോലെ ഗുണമാണ്.
പദ്ധതിയിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെയും എയ്ഡഡ്, സഹകരണ സംഘം ജീവനക്കാരെയും ഉൾപ്പെടുത്തിയത് വഴിയും എസ്.എൽ.ഐ, ജി.ഐ.എസ് നിർബന്ധമാക്കിയതുവഴിയും ജീവനക്കാർക്ക് വലിയ ആശ്വാസവും ഒപ്പം കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനു വലിയ നേട്ടവുമാണ്.