സ്വര്‍ണം കുതിയ്ക്കുമ്പോള്‍
പി.ആര്‍. പരമേശ്വരന്‍
മാസ്‌ക്കുകളാണല്ലോ ഈ കാലത്തിന്റെ സാക്ഷി. എക്കാലവും ( രേഖപ്പെടുത്തപ്പെട്ട ചരിത്ര നിര്‍മിതികളുടെ യുഗത്തിനു പിന്നാലെ ) മനുഷ്യനെ മോഹിപ്പിച്ച ഒരു വസ്തുവാണ് സ്വര്‍ണം. സ്വര്‍ണത്തിനു മുന്നില്‍ മയങ്ങി വീഴാത്തവര്‍ വിരളമാണ്. ഇസ്രായേലിലെ ഒരു ആഭരണശില്‍പ്പി രത്നങ്ങള്‍ പതിച്ച്, 18 കാരറ്റിന്റെ വെളുത്ത സ്വര്‍ണത്തില്‍ ഒരു മാസ്‌ക് സൃഷ്ടിക്കുകയാണെന്നതാണ് പൊതുവെ മാന്ദ്യത്തിന്റെയും മാന്ദ്യത്തില്‍ നിന്ന് ഉണരുന്നതിന്റെയും ഇടയിലെ ഒരു കൗതുക വാര്‍ത്ത. വെളുത്തതും നിറമുള്ളതുമായ 3600 ഓളം രത്നങ്ങള്‍ പതിച്ച ഈ സ്വര്‍ണ മാസ്‌ക് വെറും കാഴ്ചക്കുവേണ്ടി മാത്രമല്ല. ഒരു എന്‍ 99 മാസ്‌ക് ഇതില്‍ ഒളിപ്പിക്കാനും ഈ മുഖാവരണത്തിനാകും. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ലോകത്തിലെ ഏറ്റവും വിലയേറിയ മുഖാവരണമാകും അതെന്നതില്‍ ആ ആഭരണശില്‍പ്പിക്ക് സംശയമില്ല. കാരണം, അയാളുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്താണല്ലോ ഇപ്പോള്‍ സ്വര്‍ണ വിപണിയില്‍ അതിന്റെ വിലക്കുതിപ്പ്.
ലോകമാകെ കോവിഡ് രോഗികളുടെ എണ്ണം മൂന്നു കോടിയോടടുക്കുന്നു. മരണ സംഖ്യ മൂന്നു ലക്ഷത്തോടും അടുക്കുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. രോഗികളുടെ എണ്ണം 30 ലക്ഷത്തോടടുക്കുന്നു. ഇവിടെ മരണക്കണക്കും ലോക ശരാശരിയില്‍ നിന്ന് അത്ര വ്യത്യസ്തമല്ല. പൊതുവെ യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഡ് ഭീതിയില്‍ നിന്ന് പതുക്കെപ്പതുക്കെ മുക്തരായി വരുന്നുണ്ട്. വലിയ തോതിലുള്ള ഒരു രണ്ടാം വരവ് മാത്രമേ സാധാരണ ജീവിതത്തില്‍ നിന്ന് അവരെ വിലക്കുന്നുള്ളൂ. രോഗവും രോഗഭീതിയും സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവുമായി ഒരു മല്‍പ്പിടിത്തത്തിലാണ് അമേരിക്ക. ചൈനയും വിയറ്റ്‌നാമും ഉത്തരകൊറിയയും തെക്കനേഷ്യയിലെ മറ്റു ചെറു രാഷ്ട്രങ്ങളും ഒട്ടാകെ മുക്തരായെന്ന ആശ്വാസത്തിലാണ്. ഇതില്‍ ചൈനയാണ് പ്രതിരോധത്തിലും മടങ്ങിവരവിലും മുന്‍പന്തിയില്‍.
നിക്ഷേപകര്‍ സ്വര്‍ണത്തിനു പിന്നാലെ
ലോകമാകെ സാമ്പത്തിക മാന്ദ്യം , വാണിജ്യത്തകര്‍ച്ച, ഉല്‍പ്പാദന മാന്ദ്യം എന്നിങ്ങനെ ഒരു നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ ഉറപ്പുള്ള നിക്ഷേപം എന്ന മുദ്രയുള്ള സ്വര്‍ണത്തിനു പിന്നാലെയാണ് ലോകമാകെയുള്ള നിക്ഷേപകര്‍. ആഗസ്റ്റ് പകുതി വരെയുള്ള കണക്കെടുത്താല്‍ ആറു മാസത്തിനിടയില്‍ സ്വര്‍ണവില വര്‍ദ്ധിച്ചത് 28 ശതമാനത്തിലേറെയാണ്. ഇതിനിടയില്‍ ഏറ്റവും കുറഞ്ഞ വില 3565 രൂപയും കൂടിയ വില 4959 രൂപയുമാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയാണിത്. ഈ വര്‍ഷം ജനുവരി ഒന്നിലെ കണക്കെടുത്താല്‍ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ത്യയില്‍ 3635 രൂപയായിരുന്നു. എന്നാല്‍, ജൂലായ് 31ന് അത് ഗ്രാമിന് 5000 രൂപയായി ഉയര്‍ന്നു. ആഗസ്റ്റില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു ട്രോയ് ഔണ്‍സിന് ( 31.1 ഗ്രാം ) 1934 ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. ഇതിനു തൊട്ടുമുമ്പായിരുന്നു സ്വര്‍ണ വിപണിയിലെ ഏറ്റിറക്കങ്ങളില്‍ ഒരു ട്രോയ് ഔണ്‍സിന് 1900 ഡോളര്‍ എന്ന നിലയിലേക്കു താഴ്ന്നത്. ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചക്കണക്കുകള്‍ തുടരുന്ന മാന്ദ്യത്തിന്റെ സൂചനകളുമായി പ്രസിദ്ധീകരിച്ചതേയുള്ളൂ സ്വര്‍ണവില വീണ്ടും പഴയ 1934 ഡോളറിലേക്കുയര്‍ന്നു.
ലോകത്തെ സ്വര്‍ണ ഉല്‍പ്പാദനം, വിപണനം, ഖനനം, സ്വര്‍ണ ശുദ്ധീകരണം എന്നിങ്ങനെ എല്ലാ മേഖലകളിലും പഠനവും ഗവേഷണവും ഉപദേശവും നല്‍കുന്ന ആഗോള സമിതിയാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. ഇതില്‍ ഉല്‍പ്പാദകര്‍, ഉപയോക്താക്കള്‍, ആഭരണ നിര്‍മാതാക്കള്‍, സ്വര്‍ണ വിപണി വിദഗ്ധര്‍ എന്നിങ്ങനെ എല്ലാത്തരം മേഖലകളില്‍ നിന്നുള്ളവര്‍ക്കും പ്രാതിനിധ്യമുണ്ട്. സ്വര്‍ണവില ഉയരുകയാണെങ്കിലും സ്വര്‍ണ ഉല്‍പ്പാദനം , ഉപയോഗം, വില്‍പ്പന എന്നിവയില്‍ പോയ വര്‍ഷത്തേക്കാള്‍ ഏറെ പിന്നിലാണ് ഈ വര്‍ഷം എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്. വില ഉയര്‍ത്തുന്നത് ആഭരണ നിര്‍മാതാക്കളോ ഉപഭോക്താക്കളോ അല്ല, സ്വര്‍ണ വിപണിയെയും സ്വര്‍ണത്തെയും നിക്ഷേപമായി മാത്രം കണക്കാക്കുന്ന വമ്പന്മാരാണ് വില നിശ്ചയിക്കുന്നത് എന്നാണ് ഇവരുടെ കണ്ടെത്തല്‍. മഹായുദ്ധങ്ങളും മഹാമാരിയും വരുമ്പോള്‍ ഉറപ്പുള്ള നിക്ഷേപങ്ങളിലാണല്ലോ എല്ലാ നിക്ഷേപകരുടെയും കണ്ണ്.
സ്വര്‍ണ ലഭ്യത കുറഞ്ഞു
2019 ലെക്കാള്‍ ലോക വിപണിയില്‍ ആകെ സ്വര്‍ണലഭ്യത ആറു ശതമാനം കണ്ട് കുറവാണ് ഈ വര്‍ഷമെന്നാണ് ഇവരുടെ കണക്കുകളില്‍ വ്യക്തമാവുന്നത്. കാരണം, കോവിഡ് മഹാമാരി സ്വര്‍ണത്തിന്റെ ഖനനം, ശുദ്ധീകരണം, വിപണനം എന്നിവയെയും ബാധിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് മൊത്ത ഉപഭോക്താക്കള്‍ രണ്ടു കൂട്ടരാണ്. ഒന്ന,് വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍. തങ്ങളുടെ കറന്‍സിയുടെയും വിപണിഭദ്രതയുടെയും മൂല്യം നിലനിര്‍ത്താന്‍ നമ്മുടെ റിസര്‍വ് ബാങ്ക് പോലെ പ്രമുഖ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ ഓരോ വര്‍ഷവും സ്വര്‍ണം വാങ്ങിക്കൂട്ടും. എന്നാല്‍, 2020 ല്‍ ആഗസ്റ്റ് വരെ ലോകത്തെ സെന്‍ട്രല്‍ ബാങ്കുകള്‍ 233 ടണ്‍ സ്വര്‍ണമേ വാങ്ങിയിട്ടുള്ളൂ. 2019 ല്‍ ഇതേ സമയത്തേക്കാള്‍ 39 ശതമാനം കുറവാണിത്. ഇനി മറ്റൊരു കൂട്ടരുണ്ട്. ഇവര്‍ സ്വര്‍ണം കട്ടികളായും നാണയങ്ങളായുമാണ് വാങ്ങിക്കുക. 2019 ല്‍ 218.9 ടണ്‍ സ്വര്‍ണം ഈ രീതിയില്‍ വിറ്റപ്പോള്‍ ഇതേ കാലയളവില്‍ ഈ വര്‍ഷം വിറ്റത് 148.8 ടണ്‍ മാത്രം. ഇനി മറ്റൊരു കൂട്ടരുണ്ട്. ഇവര്‍ക്ക് ഓഹരി വിപണി പോലെ മറ്റൊരു നിക്ഷേപ മേഖലയാണ് സ്വര്‍ണ വിപണി. ഇക്കൂട്ടരാണ് സ്വര്‍ണ വിപണിയില്‍ ഇത്തവണ വമ്പന്‍ കൊയ്ത്തു നടത്തിയത്. അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന അളവില്‍ 1130.7 ടണ്‍ സ്വര്‍ണമാണ് നിക്ഷേപാവശ്യത്തിനായി ഈ സ്വകാര്യ ഉപയോക്താക്കള്‍ ഈ വര്‍ഷം വാങ്ങിക്കൂട്ടിയത്. ഇതില്‍ വലിയൊരു ഭാഗം സ്വര്‍ണത്തിന്റെ പിന്‍ബലമുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടി ( ഒരു തരം നിക്ഷേപ ഫണ്ട് ) ന്റെ സംഭാവനയാണ്. 2019 ലെക്കാള്‍ മൂന്നിരട്ടിയാണ് സ്വര്‍ണത്തിന്റെ പിന്‍ബലമുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് വരെ ഇത്തരം ഫണ്ടുകള്‍ 76.1 ടണ്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയപ്പോള്‍ ഈ വര്‍ഷത്തെ കണക്ക് 436.1 ടണ്‍ ആണ്.
ഈ കണക്കുകളില്‍ കാണപ്പെടുന്ന മറ്റൊരു സവിശേഷത പാശ്ചാത്യ രാഷ്ട്രങ്ങളിലേയും ഏഷ്യയിലേയും കിഴക്കനേഷ്യയിലേയും സ്വര്‍ണ വില്‍പ്പന തമ്മിലുള്ള വലിയ അന്തരമാണ്. പാശ്ചാത്യരാജ്യങ്ങളിലെ ഉപയോക്താക്കള്‍ സ്വര്‍ണത്തെ നിക്ഷേപാവസരമായി കാണുമ്പോള്‍ ഏഷ്യന്‍, ചൈനീസ്, ഇന്ത്യ ഉപയോക്താക്കള്‍ക്ക് സ്വര്‍ണം തങ്ങള്‍ക്ക് ഒഴിവാക്കാനാകാത്ത അടുത്ത സുഹൃത്താണ്. ചൈനയിലും ഇന്ത്യയിലും ജപ്പാനിലും കൊറിയന്‍ മേഖലയിലും സ്വര്‍ണാഭരണങ്ങള്‍ക്കാണ് പ്രിയം. തെക്കേയിന്ത്യയിലെ സ്വര്‍ണഭ്രമം രാജ്യത്തെ മറ്റേത് മേഖലയെയും കടത്തിവെട്ടും. മലയാളിയ്ക്കും തമിഴനും കല്യാണത്തിനും വിശേഷാവസരങ്ങള്‍ക്കും സ്വര്‍ണം കൂടിയേ കഴിയു. ഈ വര്‍ഷം വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ചൈനയിലും ആഭരണ വില്‍പ്പന കുത്തനെ കുറഞ്ഞു. ചൈനയില്‍ വില്‍പ്പനയില്‍ ഇന്ത്യയോളം ഇടിവുണ്ടായില്ല എന്നു മാത്രമേ ആശ്വസിക്കാനാകൂ.
ആഭരണ വില്‍പ്പന ഇടിഞ്ഞു
കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയില്‍ ആകെ വിറ്റഴിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ 168.6 ടണ്ണിന്റെതായിരുന്നു. എന്നാല്‍, 2020 ല്‍ ഇതേ കാലയളവില്‍ ആഭരണ വില്‍പ്പന കുത്തനേ ഇടിഞ്ഞു. വെറും 44 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് ആകെ വിറ്റത്. മാര്‍ച്ചില്‍ തുടങ്ങിയ തുടര്‍ച്ചയായ ലോക്ക്ഡൗണും തൊഴില്‍ നഷ്ടവും ഉല്‍പ്പാദന നഷ്ടവും മറ്റെല്ലാ മേഖലയിലുമെന്ന പോലെ സ്വര്‍ണ വിപണിയെയും ബാധിക്കുകയായിരുന്നു. ഇന്ത്യയില്‍ സ്വര്‍ണ വില്‍പ്പനയില്‍ 74 ശതമാനം കുറവു കണ്ടപ്പോള്‍ ചൈനയില്‍ അത് 33 ശതമാനം മാത്രമായിരുന്നു. ലോകമാകെയുള്ള കണക്കിലും ആഭരണങ്ങള്‍ക്കായുള്ള സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ 2020 ല്‍ 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
സ്വര്‍ണ വില എക്കാലത്തെയും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ ഇനി എങ്ങോട്ട് എന്നാവും എല്ലാവരുടെയും ചോദ്യം. ഇക്കാര്യത്തിലും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിദഗ്ധര്‍ക്ക് രണ്ടഭിപ്രായമാണ്. നിക്ഷേപം എന്ന അര്‍ഥത്തില്‍ പാശ്ചാത്യവിപണിയില്‍ സ്വര്‍ണത്തിന് പ്രിയം വര്‍ധിക്കുമ്പോള്‍ ലോകമാകെ വില ഉയരാതെ വയ്യ. പക്ഷേ, ആഭരണ വിപണിയുടെ പ്രത്യേകത കണക്കിലെടുക്കുമ്പോള്‍ പാശ്ചാത്യവിപണിയും പൗരസ്ത്യ വിപണിയും തമ്മില്‍ വിലയില്‍ ചെറിയൊരു അന്തരം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ചൈനയിലും ഏഷ്യയിലും ഇന്ത്യയിലും ഇനി ഉത്സവ നാളുകളാണ് വരുന്നത്. കേരളത്തില്‍ ഇനി കല്ല്യാണങ്ങളുടെ കാലമാണ്. മറ്റ് സംസ്ഥാനങ്ങള്‍ ദീപാവലിയെ കാത്തിരിക്കുകയാണ്. ചൈനയിലും കൊറിയയിലും ജപ്പാനിലും മഞ്ഞുകാലത്തിനു മുമ്പുള്ള ആഘോഷാവസരങ്ങള്‍ സ്വര്‍ണത്തിനു ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.
സ്വര്‍ണത്തിന്റെ അവധിവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 2300 ഡോളര്‍വരെ പ്രവചിച്ച വിപണി വിദഗ്ധര്‍ ആഗസ്റ്റിലെ ഏറ്റിറക്കങ്ങള്‍ കണ്ടപ്പോള്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ ആകുമ്പോഴേക്കും സ്വര്‍ണം സാധാരണക്കാരന് അങ്ങനെ പിടികിട്ടാത്ത വസ്തുവാകുമെന്ന ഭീതി തത്ക്കാലം വേണ്ടെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്. യൂറോപ്പ് കോവിഡ്ഭീതി മറികടന്ന് സാധാരണ നിലയിലേക്കു മടങ്ങുന്നതും അമേരിക്ക ക്ലേശിച്ചെങ്കിലും മടങ്ങിവരവിന്റെ പാതയിലാണെന്നതും സ്വര്‍ണ വിലയുടെ അനിയന്ത്രിതമായ കുതിപ്പിനു തടയായിട്ടുണ്ട്. എങ്കിലും, സ്വര്‍ണത്തില്‍ കണ്ണുള്ള എല്ലാവര്‍ക്കും ആശ്വസിക്കാം. ട്രോയ് ഔണ്‍സിന് 1900 ഡോളര്‍ എന്ന നിലവാരത്തില്‍ നിന്ന് ഇനി സ്വര്‍ണം താഴേക്കിറങ്ങാന്‍ മടിക്കും. അതായത് ഗ്രാമിന് 5000 രൂപ എന്ന തോതിലായിരിക്കും സ്വര്‍ണത്തിന്റെ ഇനിയുള്ള പോക്ക് എന്നുറപ്പ്.