സ്‌കൂള്‍ യൂണിഫോം പദ്ധതി; കൈത്തറി സംഘങ്ങള്‍ക്ക് വിലകൂട്ടില്ല
സ്‌കൂള്‍ കൈത്തറി യൂണിഫോം പദ്ധതി കൂടുതല്‍ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. എന്നാല്‍, നിലവില്‍ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് തുണിക്ക് നല്‍കുന്ന വില കൂട്ടേണ്ടതില്ലെന്നാണ് തീരുമാനം.
സംഘങ്ങള്‍ക്ക് ആവശ്യമായ നൂല്‍ സൗജന്യമായാണ് നല്‍കുന്നത്. അതിനാല്‍, സംഘങ്ങള്‍ക്ക് നഷ്ടമുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. സ്‌കൂള്‍ തുണിക്ക് ആവശ്യമായ നൂല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഹാന്‍ഡ് ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേനയാണ് പ്രാഥമിക കൈത്തറി സംഘങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. ഈ നൂല്‍ ഉപയോഗിച്ചാണ് പ്രാഥമിക കൈത്തറി സംഘങ്ങള്‍ യൂണിഫോം തുണി ഉല്‍പാദിപ്പിക്കുന്നത്. സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനവും സംഘങ്ങള്‍ക്ക് മാര്‍ജിന്‍ മണിയും സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. ഇതേരീതിയില്‍ പദ്ധതി തുടരാനാണ് തീരുമാനം.
2021 ജൂണ്‍ മുതലുള്ള കൂലി ഇപ്പോള്‍ തൊഴിലാളികള്‍ക്ക് നല്‍കാനുണ്ട്. ഇത് ഉടന്‍ നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിനിടെ 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കൈത്തറി യൂണിഫോം നല്‍കിക്കഴിഞ്ഞു. കോവിഡ് വ്യാപനത്തെ ത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം യൂണിഫോം നല്‍കാനായിട്ടില്ല. ഇതിനുവേണ്ടി, സംഘങ്ങള്‍ തുണി തയ്യാറാക്കിയിരുന്നു. 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് യൂണിഫോം നല്‍കേണ്ടത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴു വരെയും എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ നാലു വരെയുമുള്ള കുട്ടികളാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. ഇത് കൂടുതല്‍ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനിയിലാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ കേരളം നടപ്പാക്കിയ യൂണിഫോം പദ്ധതി മാതൃകാപരമാണെന്ന് കേന്ദ്രസര്‍ക്കാരും വിലയിരുത്തിയിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കുന്നത് എല്ലാ സംസ്ഥാനങ്ങളും പരിഗണിക്കണമെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം ഓരോ സംസ്ഥാനത്തേയും കൈത്തറി ഡയറക്ടര്‍മാര്‍ക്ക് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലൂടെ നെയ്ത്തുകാര്‍ക്ക് തുടര്‍ച്ചയായി ജോലി നല്‍കാനും മെച്ചപ്പെട്ട കൂലി നല്‍കാനും കേരളത്തിന് സാധിച്ചെന്നാണ് ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. കൈത്തറിത്തൊഴിലാളികള്‍ക്ക് മിനിമം കൂലി നിശ്ചയിച്ച് ഉത്തരവിറക്കിയതും കേരളത്തിന്റെ മികവായി വിലയിരുത്തുന്നു.
[mbzshare]