സോഫ്റ്റ്‌വെയറിൽ സാങ്കേതിക തടസ്സം – പെൻഷൻ മസ്റ്റ്റിംഗ് താൽക്കാലികമായി നിർത്തി.

adminmoonam

സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിങ് തടസ്സപ്പെട്ടു. സോഫ്റ്റ്‌വെയറിലെ പ്രശ്നം പൂർണമായി പരിഹരിക്കാൻ സമയമെടുക്കും എന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ സോഫ്റ്റ്‌വെയറിലെ പ്രശ്നം പരിഹരിക്കാനായി നാളെ മസ്റ്ററിങ് ഉണ്ടാകില്ലെന്ന് ധനവകുപ്പ് അറിയിച്ചു. എന്നാൽ നാളത്തോടെ പൂർണ്ണമായി പരിഹരിക്കപ്പെടുമെന്ന് വിശ്വാസം അക്ഷയകേന്ദ്രങ്ങൾക്ക് ഇല്ല. സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങൾ ഒരേസമയം സോഫ്റ്റ്‌വെയർ ഉപയോഗിച്ച്തോടെ സോഫ്റ്റ്‌വെയർ തകരാറിലാവുകയായിരുന്നു. സോഫ്റ്റ്‌വെയറിലെ പിഴവുമൂലം സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഗുണഭോക്താക്കളെ വഞ്ചിച്ച് മസ്റ്ററിങ് നടത്തി എന്ന് പറയുകയും 50രൂപ ഫീസ് ഈടാക്കുകയും ചെയ്തതായി വ്യാപകമായ പരാതിയുണ്ട്.ഇത്തരക്കാർക്കെതിരെ സൈബർ നിയമം അനുസരിച്ച് കേസെടുക്കണമെന്ന് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയിസ് ജനറൽ സെക്രട്ടറി എ.ഡി. ജയൻ ആവശ്യപ്പെട്ടു.

ഈമാസം 13നാണ് മസ്റ്ററിങ് സംബന്ധിച്ച ഉത്തരവ് സർക്കാർ ഇറക്കിയത്. ഡിസംബർ 15നകം സംസ്ഥാനത്തെ മുഴുവൻ പെൻഷൻകാരും മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. സംസ്ഥാനത്ത് ഏകദേശം47 ലക്ഷം പേരാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ഇതിൽ അഞ്ച് ശതമാനത്തിലധികം പേർ അനർഹരായവരാണ് പെൻഷൻ വാങ്ങുന്നതെന്നാണ് സർക്കാർ കണ്ടെത്തൽ. എല്ലാ ഗുണഭോക്താക്കളും ബയോമെട്രിക് മസ്റ്ററിങ് നടത്തുന്നതിന്റെ ഭാഗമായി അക്ഷയ കേന്ദ്രങ്ങളിലേക്ക് ഒരുമിച്ച് എത്തിയതോടെ ഇതിനായി തയ്യാറാക്കിയ ജീവൻ രേഖ എന്ന സോഫ്റ്റ്‌വെയർ സാങ്കേതികമായി തകരാറിലാവുകയായിരുന്നു. ഇതുമൂലം കഴിഞ്ഞ ശനിയാഴ്ച മുതൽ മസ്റ്ററിങ് നടപടികൾ തടസ്സപ്പെട്ട് തുടങ്ങിയിരുന്നു.

സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിങ് തടസ്സപ്പെട്ടതോടെ വയോധികരായ പെൻഷൻകാർ ഏറെ കഷ്ടപ്പെടുന്നുണ്ട്. സോഫ്റ്റ്‌വെയർ സംബന്ധിച്ച സർവർ തകരാറിലായതാണ് തടസ്സപ്പെടാൻ കാരണം എന്ന് അക്ഷയ കേന്ദ്രം അധികൃതർ പറയുന്നു. മസ്റ്ററിങ്ങിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലായിടത്തും അക്ഷയ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുറച്ചു ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കാൻ നിർദ്ദേശിച്ചതോടെ പ്രായമായവർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. മുഴുവൻ അക്ഷയ കേന്ദ്രങ്ങളിലും ഒരേ സമയം ഇത് ഉപയോഗിച്ചതിനാൽ സർവർ മന്ദഗതിയിൽ ആവുകയായിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി നാളെ മസ്റ്ററിംഗ് നടപടികൾ ഉണ്ടായിരിക്കുന്നതല്ല എന്ന് അക്ഷയ കേന്ദ്രം അധികൃതർ അറിയിച്ചു. എൻ.ഐ.ടി ആണ് മസ്റ്ററിങ്ങിനായുള്ള ജീവൻ രേഖ സോഫ്റ്റ്‌വെയർ നിർമ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News