സിനിമാനിര്‍മാതാവായ സഹകരണജീവനക്കാരന് ഉപഹാരം നല്‍കി
വിദ്യാഭ്യാസാവകാശത്തെക്കുറിച്ചു ബോധവത്കരിക്കുന്ന സാമൂഹികനീതിപ്രധാനമായ ‘ആര്‍ട്ടിക്കിള്‍ 21’ എന്ന സിനിമയുടെ നിര്‍മാതാവും എറണാകുളം ജില്ലയില്‍ കേരള ബാങ്കിന്റെ സ്ഥാപനമായ കാക്കനാട് ഇ.എം.എസ്. സഹകരണഗ്രന്ഥശാലയിലെ ബുക്ക് എന്‍ട്രി ഓപ്പറേറ്ററുമായ ജോസഫ് ധനൂപിനെയും സംവിധായകന്‍ ലെനിന്‍ ബാലകൃഷ്ണന്‍ അടക്കമുള്ള മറ്റു സിനിമാപ്രവര്‍ത്തകരെയും കേരള ബാങ്ക് അനുമോദിച്ച് ഉപഹാരം നല്‍കി. സാമൂഹികനീതിക്കുവേണ്ടിയുള്ള സിനിമ ഒരുക്കിയതിനാണ് അനുമോദനം. ഇ.എം.എസ്. സഹകരണഗ്രന്ഥശാലയില്‍ നടന്ന ചടങ്ങ് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. ഉപഹാരവും അദ്ദേഹം നല്‍കി. ബാങ്ക് ജനറല്‍ മാനേജര്‍ ജോളി ജോണ്‍ അധ്യക്ഷനായിരുന്നു. റീജിയണല്‍ മാനേജര്‍ ജില്‍സ് മോന്‍ ജോസ്, ഡി.ജി.എം. ഷാജു പി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
ജോസഫ് ധനൂപ് തന്റെ വരുമാനത്തില്‍നിന്നു മിച്ചംപിടിച്ചും വായ്പയെടുത്തമാണു സിനിമ നിര്‍മിച്ചത്. ധനൂപിനു പുറമെ പ്രസീനയും ഈ സിനിമയുടെ നിര്‍മാതാവാണ്. രോമാഞ്ച് രാജേന്ദ്രന്‍, സൈജുസൈമണ്‍ എന്നിവര്‍ സഹനിര്‍മാതാക്കളാണ്. അജുവര്‍ഗീസ്, ജോജുജോര്‍ജ്, ലെന എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലെനിന്‍ ബാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിന്‍ തമ്പു, നന്ദന്‍ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരും അഭിനേതാക്കളാണ്. നിര്‍മാതാവ് ജോസഫ് ധനൂപും അഭിനയിച്ചിട്ടുണ്ട്. അഷ്‌കര്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നതു ഗോപി സുന്ദറാണ്.
ആക്രി പെറുക്കി ജീവിക്കുന്ന താമര എന്ന തമിഴ്‌സ്ത്രീയുടെയും അവരുടെ രണ്ടു മക്കളുടെയും കഥയാണിത്. വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 21-ാം വകുപ്പിനെക്കുറിച്ചു ബോധവത്കരണം നടത്തുന്നതും സാമൂഹികനീതിനിഷേധങ്ങളിലേക്കു വിരല്‍ചൂണ്ടുന്നതുമായ സിനിമയാണിത്. ഇതിലെ മേക്കപ്പിനു റഷീദ് അഹമ്മദിനു 2020 ല്‍ മികച്ച മേക്കപ്പ് ആര്‍ടിസ്റ്റിനുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചു. 2020 ല്‍ സാമൂഹികപ്രസക്തിയുള്ള സിനിമയ്ക്കു കേരള സംസ്ഥാന ഫിലം ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം ലഭിച്ചു. 2021 ല്‍ അഹമ്മദാബാദ് അന്താരാഷ്ട്ര ബാലചലച്ചിത്രോത്സവത്തിലേക്കും ആര്‍ട്ടിക്കിള്‍ 21 തിരഞ്ഞെടുക്കപ്പെട്ടു.
[mbzshare]