സാരസ്വത് അര്‍ബന്‍ സഹകരണബാങ്കിന്റെ 300-ാമതു ശാഖ പുണെയില്‍ തുടങ്ങി

moonamvazhi
രാജ്യത്തെ ഏറ്റവും വലിയ അര്‍ബന്‍ സഹകരണബാങ്കായ സാരസ്വത് ബാങ്ക് തങ്ങളുടെ മൂന്നൂറാമത്തെ ശാഖ തുറന്നു. പുണെ ( മഹാരാഷ്ട്ര ) യിലെ മാഷിയിലാണു പുതിയ ശാഖ തുറന്നത്. തങ്ങളുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പരമാവധി ആളുകളിലെത്തിച്ച് അവരെ പിന്തുണയ്ക്കുക എന്ന ലക്ഷ്യംവെച്ചാണു പുതിയ ശാഖയ്ക്കു തുടക്കം കുറിച്ചതെന്നു സാരസ്വത് ബാങ്ക് അഭിപ്രായപ്പെട്ടു. ബാങ്ക് ചെയര്‍മാന്‍ ഗൗതം താക്കൂറടക്കമുള്ള സാരഥികള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

2022-23 ല്‍ സാരസ്വത് ബാങ്കിന്റെ മൊത്തം ബിസിനസ് 75,559 കോടി രൂപയുടേതാണ്. നിഷ്‌ക്രിയ ആസ്തി പൂജ്യമാണ്. അറ്റലാഭം 352 കോടി രൂപയാണ്. 1918 ല്‍ മുംബൈയില്‍ രൂപംകൊണ്ട സാരസ്വത് അര്‍ബന്‍ സഹകരണബാങ്കിന്റെ സ്ഥാപക ചെയര്‍മാന്‍ ജെ.കെ. പരുല്‍ക്കറാണ്. 1988 ല്‍ റിസര്‍വ് ബാങ്ക് സാരസ്വത് ബാങ്കിനു ഷെഡ്യൂള്‍ഡ് ബാങ്ക് പദവി നല്‍കി.

മര്‍ച്ചന്റ് ബാങ്കിങ് സര്‍വീസ് നല്‍കിയ ആദ്യത്തെ സഹകരണബാങ്കാണിത്. 58 രാജ്യങ്ങളിലെ 162 ബാങ്കുകളുമായി കറസ്‌പോണ്ടന്റ് ബന്ധമുണ്ട്. രണ്ടായിരത്തിനുശേഷമുള്ള 20 വര്‍ഷത്തിനുള്ളില്‍ വന്‍വളര്‍ച്ചയാണു സാരസ്വത് ബാങ്ക് നേടിയത്. 2000 ല്‍ 4000 കോടി രൂപയായിരുന്ന ബിസിനസ് 2020 ല്‍ 63,422 കോടി രൂപയായി വര്‍ധിച്ചു. മഹാരാഷ്ട്രക്കു പുറമേ ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലും ബാങ്കിനു ശാഖകളുണ്ട്. അമേരിക്കന്‍ ബിസിനസ്മാസികയായ ഫോര്‍ബ്‌സ് 2020 ല്‍ ലോകത്തെ മികച്ച ബാങ്കുകളെക്കുറിച്ചു നടത്തിയ സര്‍വേയില്‍ ഇന്ത്യയിലെ രണ്ടാമത്തെ മികച്ച ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടതു സാരസ്വത് അര്‍ബന്‍ ബാങ്കാണ്.

Leave a Reply

Your email address will not be published.