സാമൂഹ്യ സുരക്ഷാ പെൻഷൻ – ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുന്നതിലെ ധാർമികത ചർച്ചയാകുന്നു..

adminmoonam

സാമൂഹ്യ സുരക്ഷാ പെൻഷൻ, സഹകരണസംഘങ്ങൾ വിതരണം ചെയ്ത് ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുന്നതിലെ ധാർമികത ചർച്ചയാകുന്നു..അർഹതപ്പെട്ടവർക്കു ആനുകൂല്യങ്ങൾ നൽകുന്നത് കടമയല്ലേ ? നൽകുന്നത് പ്രസിദ്ധപ്പെടുത്തുന്നത് ശരിയാണോ? സഹകരണമേഖലയിലെ ഈ പ്രവണത നല്ലതിനാണോ …

പുതിയ തലമുറയ്ക്ക് നമ്മൾ നൽകുന്ന സന്ദേശം ശരിയാണോ എന്നതാണ് ഇവിടെ വിഷയം. സമൂഹത്തിൽ അർഹതപ്പെട്ടവർക്ക് നൽകുന്ന ആനുകൂല്യങ്ങൾ സ്ഥാപനങ്ങളും വ്യക്തികളും ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും ഇന്നത്തെ കാലത്ത് സർവ്വസാധാരണമായിരിക്കുകയാണ്. ഇവിടെയാണ് ഇതിന്റെ പ്രസക്തി.

കഴിഞ്ഞ രണ്ടാഴ്ച കാലമായി സഹകരണമേഖലയിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടക്കുകയാണ്. അർഹതപ്പെട്ടവർക്ക് പെൻഷൻ നൽകുന്നത് ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിലൂടെ നൽകുകയാണ് ഒട്ടുമിക്ക സഹകരണസംഘങ്ങളും. ഒപ്പം ഒരു ദിവസംകൊണ്ട് പെൻഷൻ മുഴുവൻ വിതരണം ചെയ്തുവെന്ന തരത്തിലും വാർത്തകൾ. അത് സാധിക്കില്ല എന്ന് സഹകരണ മേഖലയിലെ എല്ലാവർക്കുമറിയാം. സംഘങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ സമൂഹത്തെ അറിയിക്കുക എന്നത് മാത്രമാണ് ഇവിടെ സഹകാരികൾ ഉദ്ദേശിക്കുന്നത്. എന്നാൽ അത് കൈപ്പറ്റുന്ന ആളുടെ മാനസിക അവസ്ഥ നമ്മൾ പരിഗണിക്കുന്നുണ്ടോ.. അവർ സമൂഹത്തിൽ ആ ആനുകൂല്യത്തിന് അർഹത പെട്ടവർ ആയത് അവരുടെ മാത്രം കുറ്റം കൊണ്ടാണോ.. നമുക്ക് ഓരോരുത്തർക്കും ഇല്ലേ അതിൽ ഉത്തരവാദിത്വം. പല ഉത്തരവാദിത്തങ്ങളും നമുക്ക് ഒറ്റയ്ക്ക് നടപ്പാക്കാൻ സാധിക്കില്ലെങ്കിലും ഇത്തരത്തിൽ മാനസിക വിഷമങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കാൻ ഓരോ സഹകാരിക്കും സഹകരണ ജീവനക്കാരനും സാധിക്കും. ഇത്തരത്തിൽ ഒരു വാർത്ത തയ്യാറാക്കാൻ കാരണം ഒരുവായനക്കാരൻ മൂന്നാംവഴിയിലേക്ക് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ്..

സമൂഹത്തിനു മുന്നിൽ അവർ കൂടുതൽ ചെറുതായി എന്ന അപകർഷതാബോധം ആണ് അവരെ വിളിക്കാൻ പ്രേരിപ്പിച്ചത്. സഹകാരികൾ ചെയ്യുന്ന നല്ല കാര്യങ്ങൾ സമൂഹം അറിയേണ്ടത് ആവശ്യമാണ്. എന്നാൽ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ശരിയാണോ എന്ന ചിന്ത നമ്മളിൽ വരേണ്ട കാലം അതിക്രമിച്ച് ഇല്ലേ. അതിലെ ധാർമികത ചർച്ചചെയ്യപ്പെടേണ്ടതല്ലേ.. പാവപ്പെട്ടവനെന്നും കഴിവില്ലാത്തവനെന്നും മുദ്ര കുത്തുന്നതിനുമുമ്പ് അവർ ആ സാഹചര്യത്തിൽ ആയതിൽ നമ്മൾക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നു എന്ന് ചിന്തിക്കുമ്പോൾ അർഹതപ്പെട്ട കൈകളിലേക്ക് അതു നൽകുന്നതിൽ നമുക്ക് അഭിമാനം ഉണ്ടാകും. അതായിരിക്കണം നമ്മുടെ കടമയും ഉത്തരവാദിത്വവും.

മത്സരിച്ച് പെൻഷൻ വിതരണം നടത്തുന്നതും പുബ്ലിസിറ്റിക് വേണ്ടി അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും നല്ലതാണോ? ഇവിടെയെല്ലാം സർക്കാറിന്റെ സദുദ്ദേശം അട്ടിമറിക്കപ്പെടുന്നില്ലേ? നിരവധി സഹകരണ സംഘങ്ങളിലെ പെൻഷൻ വിതരണത്തിലെ പാളിച്ചകൾ ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ സംഭവിച്ചത് നാം കണ്ടതാണ്.2500/-നു മുകളിലുള്ള പെൻഷൻ നൽകാൻ തിരഞ്ഞെടുത്ത അംഗീകൃത കളക്ഷൻ ഏജന്റ് മാർക്ക് മാത്രമാണ് അധികാരം . പെൻഷൻ നൽകാൻ വീടുകളിലേക്ക് പോകാതെ ഒരു സ്ഥലത്തേക്ക് അവരോട് വരാൻ ആവശ്യപ്പെടുന്ന കാഴ്ചയും ഇന്നുമുണ്ട്. ഇത് നിരവധി തവണ സഹകരണവകുപ്പ് വിലക്കിയിട്ടും ഇപ്പോഴും തുടരുന്നതായി അറിയുന്നു.
വീട്ടിലില്ലാത്ത ആളുടെ പെൻഷൻ മറ്റാർക്കും നൽകാൻ പാടില്ലെന്നിരിക്കെ വിതരണം നടക്കുന്നു.
മരിച്ചവരുടെ പെൻഷൻ നൽകിയതും, പിടിക്കപ്പെട്ടതും നമ്മുടെ മുമ്പിലുണ്ട്. ഇത്തരത്തിൽ സഹകരണസംഘങ്ങളുടെ പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന പ്രചരണങ്ങളിൽ നിന്നും പിന്മാറാൻ സഹകാരികളും സഹകരണ ജീവനക്കാരും തയ്യാറാകണം. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്.. സമൂഹനന്മക്കായി.. പ്രതിബദ്ധതയോടെ.. മൂന്നാംവഴി.

Leave a Reply

Your email address will not be published. Required fields are marked *

Latest News