സഹകരണ സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ അന്വേഷണം
സഹകരണസംഘങ്ങളില്‍ സംഘത്തിന്റെ ഘടന, പ്രവര്‍ത്തനം, സാമ്പത്തികനില എന്നിവ സംബന്ധിച്ച് അന്വേഷണവിചാരണ നടത്താന്‍ കേരള സഹകരണസംഘം നിയമത്തിലെ 65 -ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സഹകരണസംഘം രജിസ്ട്രാറോ അല്ലെങ്കില്‍ രജിസ്ട്രാര്‍ അധികാരപ്പെടുത്തുന്ന വ്യക്തിയോ ഈ വകുപ്പനുസരിച്ച് അന്വേഷണം നടത്തുമ്പോള്‍ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വകുപ്പ് 65 എ അനുസരിച്ച് സംസ്ഥാന സര്‍ക്കാരിനും പൊതുതാല്‍പ്പര്യാര്‍ഥം ഒരു സഹകരണസംഘത്തിന്റെ പ്രവര്‍ത്തനം, സാമ്പത്തികസ്ഥിതി, സര്‍ക്കാര്‍സഹായത്തിന്റെ വിനിയോഗം എന്നിവ സംബന്ധിച്ച് അന്വേഷണം നടത്താമെന്നു ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. സര്‍ക്കാരിനു സ്വമേധയാലോ ആല്ലെങ്കില്‍ ധനസഹായബാങ്കിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ സംഘത്തിലെ ഭൂരിപക്ഷം അംഗങ്ങളുടെ അപേക്ഷയനുസരിച്ചോ അല്ലെങ്കില്‍ രജിസ്ട്രാറുടെയോ സഹകരണ ഓഡിറ്റ് ഡയറക്ടറുടെയോ ശുപാര്‍ശയുടെ അടിസ്ഥാനത്തിലോ ഒരു പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിടാം. ഈ ടീമിന്റെ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പോ പണാപഹരണമോ വ്യാജരേഖ ചമയ്ക്കലോ കണ്ടെത്തിയാല്‍ വകുപ്പ് 68 എ പ്രകാരം പോലീസിനോ വിജിലന്‍സിനോ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രത്യേകസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍, ധനസഹായബാങ്ക് എന്നിവരുമായി കൂടിയാലോചിച്ച് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുന:സംഘടിപ്പിക്കാന്‍ ആവശ്യമെങ്കില്‍ സ്‌കീമോ പ്ലാനോ സര്‍ക്കാര്‍ തയാറാക്കേണ്ടതാണെന്നും കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള വകുപ്പ് 65 എ യില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വകുപ്പ് 68 എ പ്രകാരം 1860 ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലോ 1988 ലെ അഴിമതി നിരോധനനിയമത്തിലോ ഉള്ള വ്യവസ്ഥകള്‍പ്രകാരം സംഘത്തില്‍ കണ്ടെത്തിയ പണാപഹരണമോ ക്രമക്കേടുകളോ അഴിമതിയോ സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിനോ രജിസ്ട്രാര്‍ക്കോ അതതു സംഗതിപോലെ പോലീസിനോ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്‌ക്കോ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി അയച്ചുകൊടുക്കാവുന്നതാണ്. വകുപ്പ് 65 എ പ്രകാരം സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പോ പണാപഹരണമോ വ്യാജരേഖ ചമയ്ക്കലോ കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ കീഴിലുള്ള പോലീസിനോ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യുറോയ്‌ക്കോ വീണ്ടും അന്വേഷണം നടത്താന്‍ ചുമതല നല്‍കുന്നത് ഉചിതമാണോ? പ്രത്യേകിച്ചും വിജിലന്‍സ് ഓഫീസര്‍ സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രത്തിലുള്ളപ്പോള്‍.
മേല്‍നോട്ടവും
പരിശോധനയും
സഹകരണസംഘങ്ങളുടെ മേല്‍നോട്ടവും പരിശോധനയുമായി ബന്ധപ്പെട്ട 66 -ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ രജിസ്ട്രാര്‍ക്ക് ആവശ്യമെന്നു സ്വയം തോന്നുമ്പോഴെല്ലാം ഏതൊരു സഹകരണസംഘത്തിന്റെയും പ്രവര്‍ത്തനം സംബന്ധിച്ച് പരിശോധന നടത്തുകയോ അല്ലെങ്കില്‍ ആയതിനുവേണ്ടി രേഖാമൂലം പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവുപ്രകാരം അധികാരപ്പെടുത്തിയ ആള്‍ മുഖേനയോ പരിശോധന നടത്തിക്കുകയോ ചെയ്യേണ്ടതാണെന്നും ഈ വകുപ്പുപ്രകാരമുള്ള മേല്‍നോട്ടത്തില്‍ സംഘത്തിന്റെ ബുക്കുകളുടെ പരിശോധനയും ഉള്‍പ്പെടുത്താവുന്നതാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥക്കു രണ്ടു പ്രൊവിസോകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപെക്‌സ്, സെന്‍ട്രല്‍, ഫെഡറല്‍ സഹകരണസംഘങ്ങളുടെയും മറ്റെല്ലാ പ്രാഥമിക സഹകരണസംഘങ്ങളുടെയും പരിശോധനയ്ക്കായി നിര്‍ണയിക്കപ്പെടാവുന്ന പ്രകാരം രജിസ്ട്രാര്‍ക്കു തന്റെ നിയന്ത്രണത്തിലുള്ള ഓഫീസര്‍മാരുടെ പ്രത്യേകസംഘത്തെ അധികാരപ്പെടുത്താവുന്നതാണെന്നു ഒന്നാമത്തെ പ്രൊവിസോയില്‍ നിര്‍ദേശിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള പരിശോധനകളുടെ റിപ്പോര്‍ട്ട് ബന്ധപ്പെട്ട അപെക്‌സ്, സെന്‍ട്രല്‍, ഫെഡറല്‍ സംഘങ്ങള്‍ക്കും ബന്ധപ്പെട്ട എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും പതിനഞ്ചു ദിവസത്തിനകം നല്‍കേണ്ടതും അറിയിപ്പു ലഭിച്ച തീയതിമുതല്‍ മുപ്പതു ദിവസത്തിനുള്ളില്‍ രജിസ്ട്രാര്‍ മുമ്പാകെ ഖണ്ഡിക തിരിച്ചു തൃപ്തികരമായി പാലിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ഫയലാക്കാന്‍ ഡയറക്ടര്‍ബോര്‍ഡംഗങ്ങളും പ്രധാന നിര്‍വഹണോദ്യോഗസ്ഥനും ബാധ്യസ്ഥരായിരിക്കുമെന്നുകൂടി കൂട്ടിച്ചേര്‍ക്കാന്‍ രണ്ടാമത്തെ പ്രൊവിസോയായി വ്യവസ്ഥ ചെയ്തിരിക്കുന്നു.
വകുപ്പിന്റെ ആറാം ഉപവകുപ്പില്‍ സര്‍ക്കിള്‍ സഹകരണയൂണിയനു രണ്ടാം വകുപ്പുപ്രകാരമുള്ള പരിശോധനയില്‍ അതിന്റെ ഒരു അനുദ്യോഗസ്ഥാംഗത്തെ സന്നിഹിതനായിരിക്കാന്‍ നിര്‍ദേശിക്കാവുന്നതാണെന്ന വ്യവസ്ഥയും അങ്ങനെയുള്ള അനുദ്യോഗസ്ഥാംഗത്തിനു സ്വയം പരിശോധന നടത്താന്‍ അധികാരമുണ്ടായിരിക്കുന്നതല്ലെന്ന പ്രൊവിസോയും നീക്കാന്‍ ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നിര്‍ദേശങ്ങള്‍ നല്‍കുന്നതിനു രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥയാണു വകുപ്പ് 66 ( എ ) യില്‍ നിലവിലുള്ളത്. കേരള സഹകരണസംഘം നിയമത്തിലെയും അതിനു കീഴിലുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്കനുസൃതമായി ഈ നിയമത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടിയോ അംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും നേട്ടത്തിനുവേണ്ടിയോ അല്ലെങ്കില്‍ സര്‍ക്കാര്‍നയങ്ങള്‍ നടപ്പാക്കുന്നതിനുവേണ്ടിയോ രജിസ്ട്രാര്‍ക്കു പൊതുവായ നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഏതെങ്കിലും ഒരു സഹകരണസംഘത്തിനോ അല്ലെങ്കില്‍ എല്ലാ സഹകരണസംഘങ്ങള്‍ക്കുമായോ നല്‍കാവുന്നതാണെന്ന വ്യവസ്ഥയാണു വകുപ്പ് 66 ( എ ) യില്‍ നിലവിലുള്ളത്. ഈ നിയമവ്യവസ്ഥയ്ക്കു ഒരു പ്രൊവിസോ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ശരിയായി പ്രവര്‍ത്തിക്കാത്ത സഹകരണസംഘങ്ങളുടെ പുനരുദ്ധാരണത്തിനോ പുന: സംഘടനയ്‌ക്കോ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഒരു സ്‌കീം തയാറാക്കേണ്ടതും സര്‍ക്കാര്‍നയങ്ങള്‍ നടപ്പാക്കുന്നതു സുഗമമാക്കാനും സേവനങ്ങളില്‍ സുതാര്യതയും തുല്യതയും ഉറപ്പാക്കാനായി സംഘത്തിന്റെ സേവനം പ്രദാനം ചെയ്യല്‍ മെച്ചപ്പെടുത്താനുമാവശ്യമായ നിര്‍ദേശങ്ങള്‍ എല്ലാ സഹകരണസംഘങ്ങള്‍ക്കും നല്‍കേണ്ടതാണെന്ന പ്രൊവിസോയാണു വകുപ്പ് 66 എ. യുടെ അവസാനം കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഉദ്യോഗസ്ഥരുടെ
സസ്‌പെന്‍ഷന്‍
ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പ്രതിപാദിക്കുന്ന വകുപ്പ് 66 ബി.യില്‍ 65 -ാം വകുപ്പുപ്രകാരമുള്ള അന്വേഷണം നടത്തുമ്പോഴോ അല്ലെങ്കില്‍ 66 -ാം വകുപ്പനുസരിച്ചുള്ള പരിശോധന നടത്തുന്ന സന്ദര്‍ഭത്തിലോ അല്ലെങ്കില്‍ 64 -ാം വകുപ്പുപ്രകാരമുള്ള ഓഡിറ്റ് നടത്തുമ്പോഴോ അല്ലെങ്കില്‍ 68 എ പ്രകാരം നിയമിക്കപ്പെട്ട വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടിന്മേലോ ഒരു സംഘത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, കമ്മിറ്റിയംഗങ്ങള്‍ എന്നിവരൊഴികെയുള്ള ഏതെങ്കിലും ഓഫീസര്‍സംഘത്തിന്റെയോ അതിലെ അംഗങ്ങളുടെയോ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നോ കണക്കുകളില്‍ കൃത്രിമം കാട്ടുകയോ രേഖകള്‍ നശിപ്പിക്കുകയോ ചെയ്‌തെന്നോ രജിസ്ട്രാര്‍ക്കു ബോധ്യപ്പെട്ടാല്‍ കുറ്റക്കാരനെന്നു കാണുന്ന ഓഫീസറെ സസ്‌പെന്റ് ചെയ്യാന്‍ കാരണസഹിതം രേഖാമൂലം കമ്മിറ്റിയോട് ആവശ്യപ്പെടാവുന്നതാണ്. നിലവിലെ ഈ വ്യവസ്ഥയില്‍ ‘ വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടിന്മേലോ ‘ എന്ന വാക്കുകള്‍ക്കുശേഷം ‘ അഥവാ 65 എ പ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്മേലോ ‘ എന്ന വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്. കൂടാതെ, 66 ബി യ്ക്കു രണ്ടു പ്രൊവിസോകൂടി കൂട്ടിച്ചേര്‍ക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
രജിസ്ട്രാര്‍ നല്‍കിയ നിര്‍ദേശം, അത്തരം നിര്‍ദേശം നല്‍കി മുപ്പതു ദിവസത്തിനുള്ളില്‍, പ്രാവര്‍ത്തികമാക്കാന്‍ കമ്മിറ്റി പരാജയപ്പെടുകയാണെങ്കില്‍ രജിസ്ട്രാര്‍ ഒരുത്തരവിലൂടെ അത്തരം ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യേണ്ടതാണെന്നതാണ് അതില്‍ ആദ്യത്തെ പ്രൊവിസോ. പോലീസിന്റെയോ വിജിലന്‍സിന്റെയോ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കേണ്ടതാണെന്നതാണു രണ്ടാമത്തെ പ്രൊവിസോ.
ജീവനക്കാരെ സസ്‌പെന്റ് ചെയ്യാന്‍ നിയമനമേധാവിയായ ഭരണസമിതിക്കു മാത്രമേ അധികാരമുള്ളുവെന്നും ഭരണസമിതി ബാഹ്യഏജന്‍സിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ സസ്‌പെന്റ് ചെയ്തുകൂടെന്നും കോടതിവിധികളുള്ള സാഹചര്യത്തില്‍ സംഘംജീവനക്കാരെ രജിസ്ട്രാര്‍ സസ്‌പെന്റ് ചെയ്യുന്നതു വ്യവഹാരങ്ങള്‍ക്കു കാരണമാവാം.
റിട്ടേണുകള്‍
സമര്‍പ്പിക്കല്‍
ഓരോ സംഘവും സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം ഇനി പറയുന്ന വിശദാംശങ്ങളടങ്ങിയ റിട്ടേണുകള്‍ രജിസ്ട്രാര്‍ മുമ്പാകെ ഫയല്‍ ചെയ്യേണ്ടതാണ്.
എ) പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരങ്ങളടങ്ങിയ വാര്‍ഷികറിപ്പോര്‍ട്ട്. ബി ) ഓഡിറ്റ് ചെയ്ത സംഘക്കണക്കുകള്‍. സി ) സംഘത്തിന്റെ പൊതുയോഗം അംഗീകരിച്ച ലാഭവിഭജനപദ്ധതി. ഡി ) സംഘത്തിന്റെ നിയമാവലിഭേദഗതികളുടെ പട്ടികയുണ്ടെങ്കില്‍ അത്. ഇ ) പൊതുയോഗം നടത്തിയ തീയതിയുടെ പ്രസ്താവനയും കാലാവധിയാകുമ്പോള്‍ തിരഞ്ഞെടുപ്പുനടത്തിപ്പും സംബന്ധിച്ചുള്ളത്. എഫ് ) സഹകരണനിയമത്തിലെയോ ചട്ടങ്ങളിലെയോ വ്യവസ്ഥകള്‍ക്കനുസൃതമായി രജിസ്ട്രാര്‍ ആവശ്യപ്പെടുന്ന മറ്റേതൊരു വിഷയവും.
നിയമത്തിലെ നിലവിലുള്ള വ്യവസ്ഥകള്‍പ്രകാരം മേല്‍സൂചിപ്പിച്ച വിവരങ്ങളോടൊപ്പം ഓഡിറ്റ് റിപ്പോര്‍ട്ടിന്മേല്‍ ഡയറക്ടര്‍ബോര്‍ഡ് അംഗീകരിച്ച തിരുത്തല്‍റിപ്പോര്‍ട്ടുകളും സംഘംപൊതുയോഗത്തിന്റെ പ്രമേയവും എന്ന ഇനം അവസാനത്തെ നിബന്ധന ( എഫ് ) എന്നതിനു മുമ്പായും നിലവിലുള്ള വ്യവസ്ഥ ( എഫ് ) ഖണ്ഡമായി ചേര്‍ത്തു ഖണ്ഡം എഫിനെ ഖണ്ഡം ജി യായി പുനര്‍ക്രമീകരിക്കാന്‍ ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്. അങ്ങനെ ഉള്‍പ്പെടുത്തുന്ന ഖണ്ഡം ജി ക്കുശേഷം ഖണ്ഡം എച്ച് ആയി ഇനി പറയുന്ന ഖണ്ഡം കൂട്ടിച്ചേര്‍ക്കാനും നിര്‍ദേശിക്കുന്നു: എച്ച് ) ഓരോ സഹകരണസംഘവും സംഘത്തിന്റെ പ്രധാന നിര്‍വഹണോദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ക്രെഡിറ്റ് പ്രവര്‍ത്തനങ്ങളിന്മേലുള്ള ത്രൈമാസ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതും അതു രജിസ്ട്രാര്‍ ശരിയായി അവലോകനം നടത്തേണ്ടതും ഓരോ ത്രൈമാസം കഴിയുമ്പോഴും രജിസ്ട്രാര്‍ അവലോകനം നടത്തിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍റിപ്പോര്‍ട്ട് തയാറാക്കേണ്ടതുമാണ്.
ഏതെങ്കിലും സംഘം യഥാസമയം റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ പരാജയപ്പെടുകയാണെങ്കില്‍ നിര്‍ണയിക്കപ്പെടുന്നപ്രകാരമുള്ള പിഴ ചുമത്താന്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടായിരിക്കും.
നഷ്ടോത്തരവാദിത്തം
ചെയ്യല്‍ ( സര്‍ച്ചാര്‍ജ് )
ഒരു സംഘം ഓഡിറ്റ് ചെയ്യുകയോ അന്വേഷണവിചാരണ നടത്തുകയോ പരിശോധിക്കുകയോ അല്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്യുന്നതിനിടയില്‍ എന്ന നിലവിലെ വാക്കുകള്‍ക്കുശേഷം അല്ലെങ്കില്‍ 68 എ വകുപ്പില്‍ വ്യവസ്ഥ ചെയ്യുന്നപ്രകാരം അതതു സംഗതിപോലെ പോലീസിന്റെയോ വിജിലന്‍സിന്റെയോ റിപ്പോര്‍ട്ടിലും 65 എ വകുപ്പുപ്രകാരം സര്‍ക്കാരിന്റെ പരിശോധനയിലും എന്നീ വാക്കുകള്‍കൂടി വകുപ്പ് 68 ല്‍ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
68 -ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പില്‍ അപ്രകാരം പണം, മുതല്‍, പലിശ, ചെലവ് അല്ലെങ്കില്‍ നഷ്ടപരിഹാരമോ നല്‍കുന്നില്ലെങ്കിലോ അല്ലെങ്കില്‍ ഉപവകുപ്പു ( രണ്ട് ) പ്രകാരം തിരികെ സ്വരൂപിക്കപ്പെടാതിരിക്കുകയോ ചെയ്താല്‍ നിയമത്തിലെ വകുപ്പു 79 പ്രകാരമുള്ള ഭൂനികുതി ഈടാക്കുന്നവിധമുള്ള നടപടികള്‍ അപ്രകാരമുള്ള തുകകള്‍ ബന്ധപ്പെട്ട വ്യക്തികളില്‍നിന്നു ഈടാക്കുന്നതിനു രജിസ്ട്രാര്‍ അടിയന്തരനടപടികള്‍ എടുക്കേണ്ടതാണെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രസ്തുത വ്യവസ്ഥയിലെ പണം, മുതല്‍, പലിശ, ചെലവ് അല്ലെങ്കില്‍ നഷ്ടപരിഹാരമോ എന്നതിനുശേഷം അറുപതുദിവസ കാലാവധി എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
68 -ാം വകുപ്പില്‍ ഉപവകുപ്പു മൂന്നിനുശേഷം ഇനി പറയുന്ന പ്രൊവിസോ കൂട്ടിച്ചേര്‍ക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്: എന്നാല്‍ അത്തരം കാലയളവ് രജിസ്ട്രാറുടെ വിവേചനാധികാരപ്രകാരം സമയാസമയങ്ങളില്‍ എഴുതി രേഖപ്പെടുത്തിയ കാരണത്താല്‍ നീട്ടാവുന്നതും എങ്ങനെയായാലും നീട്ടുന്ന കാലയളവ് അറുപതു ദിവസത്തില്‍ അധികരിക്കാന്‍ പാടില്ലാത്തതുമാകുന്നു എന്ന പ്രൊവിസോയാണു കൂട്ടിച്ചേര്‍ക്കേണ്ടത്.
വിജിലന്‍സ്
ഓഫീസര്‍
വകുപ്പു 68 എ യുടെ ഒന്നാം ഉപവകുപ്പ് പ്രകാരം സര്‍ക്കാരിനു ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എന്ന റാങ്കില്‍ കുറയാത്ത ഒരു ഓഫീസറെ വിജിലന്‍സ് ഓഫീസറായി അന്വേഷണവിചാരണ, തിരിമറികളുടെ അന്വേഷണം, അഴിമതി, മറ്റു ഗുരുതരമായ ക്രമക്കേടുകള്‍ തുടങ്ങിയവ സംഘങ്ങളില്‍ നടക്കുന്നതുസംബന്ധിച്ചു രജിസ്ട്രാര്‍ ആവശ്യപ്പെടുന്നവ അന്വേഷിക്കാനുള്ള അധികാരങ്ങളോടെ നിയമിക്കാവുന്നതാണ്. ഉപവകുപ്പു രണ്ടില്‍ നിര്‍ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള രീതിയില്‍ വിജിലന്‍സ് ഓഫീസര്‍ അന്വേഷണവിചാരണയും അന്വേഷണവും നടത്തേണ്ടതാണ്.
മേല്‍വിവരിച്ച 68 -3ം വകുപ്പിന്റെ ഉപവകുപ്പുകള്‍ ഒന്നും രണ്ടും നീക്കം ചെയ്യാനും പകരം ഇനി പറയുന്ന ഉപവകുപ്പു ചേര്‍ക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. 1860 ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലോ 1988 ലെ അഴിമതിനിരോധന നിയമത്തിലോ ഉള്ള വ്യവസ്ഥകള്‍ പ്രകാരം സംഘത്തില്‍ കണ്ടെത്തിയ പണാപഹരണമോ ക്രമക്കേടുകളോ അഴിമതിയോ സംബന്ധിച്ച സംഗതികള്‍ സര്‍ക്കാരിനോ രജിസ്ട്രാര്‍ക്കോ അതതു സംഗതിപോലെ പോലീസിനോ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയ്‌ക്കോ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി അയച്ചുകൊടുക്കാവുന്നതാണ്.
മേല്‍സൂചിപ്പിച്ച പുതിയ വ്യവസ്ഥാനിര്‍ദേശത്തിലുള്ള പോലീസ് അന്വേഷണത്തെ സഹകാരിസമൂഹം കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുവേ എതിര്‍ക്കുന്ന കാര്യമാണ്. ഒരു സഹകരണസ്ഥാപനത്തില്‍ പോലീസ് അന്വേഷണം നടത്തുമ്പോള്‍ ആ സംഘത്തിന്റെ അംഗങ്ങളിലും പൊതുസമൂഹത്തിലും സ്ഥാപനത്തെയും ഭരണസമിതിയെയും ജീവനക്കാരെയുംകുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുമെന്നും അന്വേഷണത്തിനുശേഷം നിരപരാധികളായി തെളിയിക്കപ്പെട്ടാലും അവരെക്കുറിച്ച് അംഗങ്ങളിലും പൊതുജനത്തിലുമുള്ള കളങ്കം മാറുകയില്ലെന്നുമാണു സഹകാരികള്‍ ഭയപ്പെടുന്നത്.
നിയമത്തിലെ വകുപ്പു 69 ല്‍ തര്‍ക്കങ്ങള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി സഹകരണത്തര്‍ക്ക പരിഹാരക്കോടതിയും രജിസ്ട്രാറും എന്നതിലെ ഒന്നാം ഉപവകുപ്പിന്റെ ഖണ്ഡം എച്ചിനുശേഷം സഹകരണസംഘങ്ങളുടെ സബ്‌സിഡറി സ്ഥാപനങ്ങളും തമ്മിലോ സഹകരണസംഘങ്ങളുടെ പങ്കാളിത്തസ്ഥാപനങ്ങളിലെ പങ്കാളികള്‍ തമ്മിലോ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍കൂടി 69 -ാം വകുപ്പിനുകീഴില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സഹകരണ
ഓംബുഡ്‌സ്മാന്‍
നിയമത്തിലെ വകുപ്പ് 69 എ സഹകരണ ഓംബുഡ്‌സ്മാനുമായി ബന്ധപ്പെട്ട വകുപ്പാണ്. ബാങ്കിങ് ഇടപാടുകള്‍ നടത്തുന്ന സംഘങ്ങളിലെ ബാങ്കിങ് സംബന്ധമായ കുറവുകള്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കാനും അല്ലെങ്കില്‍ ഒരു സഹകരണസംഘം ബാങ്കിങ് ഇടപാടു സംബന്ധിച്ചു നല്‍കുന്ന മറ്റു സേവനങ്ങളെക്കുറിച്ചുള്ള പരാതി പരിഹരിക്കാനും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് സര്‍ക്കാരിനു കേരള സഹകരണ ഓംബുഡ്‌സ്മാന്‍ സ്‌കീം എന്ന പേരില്‍ ആവശ്യമായ പദ്ധതിച്ചട്ടങ്ങള്‍ ഉണ്ടാക്കാവുന്നതാണെന്നു ഈ വകുപ്പില്‍ ( 69 എ ) വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വകുപ്പിലെ ‘ ബാങ്കിങ് ഇടപാടുകള്‍ നടത്തുന്ന ‘ എന്ന വാക്കുകള്‍ നീക്കണമെന്നാണു ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
2021 നവംബര്‍ 12 നു സംയോജിത ഓംബുഡ്‌സ്മാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്ക് വിജ്ഞാപനം വന്നു. 2006 ലെ ബാങ്കിങ് ഓംബുഡ്‌സ്മാന്‍ പദ്ധതിയും 2018 ലെ ബാങ്കിങ്ങിതര ധനകാര്യക്കമ്പനികള്‍ക്കുള്ള ഓംബുഡ്‌സ്മാന്‍ സ്‌കീമും 2019 ലെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ പദ്ധതിയും സംയോജിപ്പിച്ചുകൊണ്ടാണു 2021 ലെ റിസര്‍വ് ബാങ്കിന്റെ സംയോജിത ഓംബുഡ്‌സ്മാന്‍ സ്‌കീം പ്രാബല്യത്തില്‍ വന്നത്. ഈ പദ്ധതിയിന്‍കീഴില്‍ വാണിജ്യബാങ്കുകളെയും റീജ്യണല്‍ റൂറല്‍ ബാങ്കുകളെയും ഷെഡ്യൂള്‍ഡ് പ്രൈമറി ( അര്‍ബന്‍ ) ബാങ്കുകളെയും 50 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുള്ള നോണ്‍ ഷെഡ്യൂള്‍ഡ് അര്‍ബന്‍ സഹകരണബാങ്കുകളെയുമാണു റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന ബാങ്കിങ്സ്ഥാപനങ്ങളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ സംസ്ഥാന സഹകരണബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും 50 കോടി രൂപയില്‍ത്താഴെ നിക്ഷേപമുള്ള അര്‍ബന്‍ ബാങ്കുകളും റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്മാന്റെ പരിധിയില്‍ വരുന്നില്ല. ഈ വിഭാഗം സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്കു ലഭിക്കുന്ന ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ബോധിപ്പിക്കാനും അതു പരിഹരിക്കാനും ദേശീയതലത്തില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ സംവിധാനമില്ല. കേരള സഹകരണസംഘം നിയമത്തിലെ വകുപ്പ് 69 എ പ്രകാരമുള്ള സഹകരണ ഓംബുഡ്‌സ്മാനിലും നിയമഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ മേല്‍സൂചിപ്പിച്ച വിഭാഗം സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്കു സേവനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ബോധിപ്പിക്കാന്‍ സംവിധാനമില്ലാതാവും. രാജ്യത്തെ 50 കോടി രൂപ നിക്ഷേപമുള്ള അര്‍ബന്‍ സഹകരണ ബാങ്കുകള്‍ സംയോജിത ഓംബുഡ്‌സ്മാന്‍ പദ്ധതിയിന്‍കീഴില്‍ വരുമ്പോള്‍ 70,000 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുള്ള കേരള സംസ്ഥാന സഹകരണ ബാങ്കോ രാജ്യത്തെ മറ്റു ഷെഡ്യൂള്‍ഡ് സംസ്ഥാന സഹകരണ ബാങ്കുകളോ ഓംബുഡ്‌സ്മാന്റെ കീഴില്‍ വരുന്നില്ല എന്നതു വിരോധാഭാസമാണ്. ( തുടരും ).
[mbzshare]