സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് പലിശ സബ്സിഡി നല്‍കണം – വി.ഡി.സതീശന്‍
കോവിഡ് കാലഘട്ടത്തില്‍ ദുരിതമനുഭവിക്കുന്ന സാധാരണജനങ്ങള്‍ക്ക് സഹായകരമാകും വിധം സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സഹകാരികള്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പലിശ സബ് സിഡി അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സഹകരണ ദിനത്തില്‍ കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുനു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വണ്‍ ടൈം സെറ്റില്‍മെന്റ് വഴി സംഘങ്ങള്‍ക്കുണ്ടാ കുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ നല്‍കുകയും കര്‍ഷകര്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കി കാര്‍ഷിക മേഖലയില്‍ ആവശ്യമായ പണം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കണം. കാര്‍ഷിക മേഖലയില്‍ ഇതുവഴി ഉത്പാദനം വര്‍ദ്ധിക്കുകയും വിപണന മേഖല സജീവമാകുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
കോവിഡ് കാലഘട്ടത്തില്‍ ഗ്രാമീണ മേഖലയിലെ ജനവിഭാഗങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ നല്‍കിവരുന്ന സഹായങ്ങള്‍ ആശ്വാസകരമാണ്. ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന സഹകരണ ജീവനക്കാര്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും സാധാരണ ജനവിഭാഗത്തിന് കൈത്താങ്ങായി നില കൊള്ളാന്‍ നേരായ ദിശയിലുള്ള സംഘടനാ പ്രവര്‍ത്തനം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വഴി നടത്തപ്പെട്ട വെബിനാറില്‍ ആയിരത്തോളം സഹകരണ ജീവനക്കാരും നിരവധി സഹകാരികളും പങ്കെടുത്തു.
തിരുവനന്തപുരം ഐ.സി. എം.ആര്‍. സീനിയര്‍ ഫാക്കല്‍റ്റി ഡോ.സക്കീര്‍ ഹുസൈന്‍ വിഷയം അവതരിപ്പിച്ച് മുഖ്യ പ്രഭാഷണം നടത്തി. കെ..സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഇ.ഡി. സാബു , എന്‍. സുബാഷ് കുമാര്‍, കെ.രാധ, എന്നിവര്‍ വെബിനാറിന്റെ കോ- ഓഡിനേറ്റര്‍മാരായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പിള്ളി സ്വാഗതവും ട്രഷറാര്‍ പി.കെ. വിനയകുമാര്‍ നന്ദിയും പറഞ്ഞു.