സഹകരണ സ്ഥാപനങ്ങളിലെ യോഗങ്ങളും ചടങ്ങുകളും ഓണ്‍ലൈനായി മാത്രംനടത്താന്‍ നിര്‍ദേശം

Deepthi Vipin lal

സഹകരണ സ്ഥാപനങ്ങളിലെ യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനായി മാത്രമേ നടത്താവൂ എന്നു സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാനത്തു കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിര്‍ദേശമുള്ളത്.

സഹകരണ സ്ഥാപനങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്കു വര്‍ക്ക് ഫ്രം ഹോം സംവിധാനം അതതു വകുപ്പു മേധാവികള്‍ക്ക് അനുവദിക്കാമെന്നു ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ഉടനെ ആ സ്ഥാപനം അടച്ചിടാന്‍ പ്രിന്‍സിപ്പലിനോ ഹെഡ് മാസ്റ്റര്‍ക്കോ അധികാരമുണ്ടായിരിക്കും. ഒമ്പതു വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈനായി മാത്രം നടത്താനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതില്‍ കൂടുതലുള്ള ജില്ലകളില്‍ എല്ലാത്തരം സാമൂഹിക, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികളിലും പങ്കെടുക്കുന്നവരുടെ എണ്ണം വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയുടേതുപോലെ അമ്പതു പേരായി പരിമിതപ്പെടുത്തണമെന്നതാണു മറ്റൊരു നിര്‍ദേശം. എല്ലാ കടകളും ഓണ്‍ലൈന്‍ ബുക്കിങ്ങും വില്‍പ്പനയും പ്രോത്സാഹിപ്പിക്കണമെന്നും മാളുകളില്‍ ജനത്തിരക്ക് നിയന്ത്രിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Leave a Reply

Your email address will not be published.