സഹകരണ സ്ഥാപനങ്ങളിലും ജീവനക്കാരുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണം

Deepthi Vipin lal

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 നാരംഭിക്കുന്ന ‘ ഹര്‍ ഘര്‍ തിരംഗ ‘ യുടെ ഭാഗമായി നടത്തുന്ന ദേശീയ പതാകയുയര്‍ത്തലില്‍ സര്‍ക്കാര്‍ – പൊതുമേഖലാ- സ്വകാര്യ മേഖലാ-സ്വയംഭരണ സ്ഥാപനങ്ങളോടും ജീവനക്കാരോടുമൊപ്പം എല്ലാ സഹകരണ സ്ഥാപനങ്ങളും സഹകരണ ജീവനക്കാരും പങ്കെടുക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ആഗസ്റ്റ് 13 മുതല്‍ 15 വരെയാണു ദേശീയ പതാക നാട്ടി ആഘോഷത്തില്‍ പങ്കെടുക്കേണ്ടത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളിലും സഹകരണ ജീവനക്കാരുടെ വീടുകളിലും പതാക ഉയര്‍ത്തണം.

സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള മറ്റു നിര്‍ദേശങ്ങള്‍ ഇനി പറയുന്നു :

ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയപതാക രാത്രി താഴ്‌ത്തേണ്ടതില്ല. ഫ്‌ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ദേശീയപതാക ദീര്‍ഘചതുരാകൃതിയിലുള്ളതാവണം. ഏതു വലിപ്പവുമാകാം. പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. ഖാദി, കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക് തുണിത്തരങ്ങളില്‍ നിര്‍മിച്ച പതാക ഉപയോഗിക്കാം. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയര്‍ത്തരുത്. ഒരു കൊടിമരത്തില്‍ മറ്റേതെങ്കിലും പതാകക്കൊപ്പം ഒരേസമയം ദേശീയപതാക ഉയര്‍ത്തരുത്. ദേശീയപതാക തലതിരിഞ്ഞ രീതിയില്‍ പ്രദര്‍ശിപ്പിക്കരുത്. തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാരരൂപത്തില്‍ ഉപയോഗിക്കരുത്. പതാക നിലത്തു തൊടരുത്. പതാകയില്‍ എഴുത്തുകള്‍ പാടില്ല. ദേശീയപതാകയ്ക്കു മുകളിലായോ അരികിലോ മറ്റു പതാകകള്‍ സ്ഥാപിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News