സഹകരണ സംഘങ്ങള്‍ പണം പിന്‍വലിക്കുന്നതിന് അധിക നികുതി :കേരളം നിയമനടപടിക്ക്
സഹകരണ സംഘങ്ങള്‍ പണം പിന്‍വലിക്കുന്നതിന് അധിക നികുതി ഏര്‍പ്പെടുത്തുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അഡ്വക്കറ്റ് ജനറലിനോട് ഇതുസംബന്ധിച്ച് നിയമോപദേശം തേടിയതായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. ആദായ നികുതി നിയമത്തില്‍ കൂട്ടിച്ചേര്‍ത്ത 194 എന്‍ വകുപ്പിന്റെപരിധിയില്‍ നിന്നു പ്രാഥമിക സഹകരണ സംഘങ്ങളെ ഒഴിവാക്കണം എന്നാണ് പ്രധാന ആവശ്യം.
194 എന്‍ വകുപ്പ് പ്രകാരം ഒരു സാമ്പത്തിക വര്‍ഷം ഒരു കോടിയിലധികം രൂപ കറന്‍സിയായി ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചാല്‍ രണ്ടു ശതമാനം സ്രോതസ്സില്‍ നികുതി (ടി.ഡി.എസ്) ഈടാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ബാങ്കിങ് ബിസിനസ് നടത്തുന്ന സഹകരണ സംഘങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍, സംസ്ഥാനത്തെ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്കിങ് ബിസിനസ്
അല്ല നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കി.പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ അടക്കമുള്ളവ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നടക്കം ഒരു കോടിയിലധികം തുക ഒരു വര്‍ഷം പിന്‍വലിക്കുമ്പോള്‍ ടി.ഡി.എസ.് ഈടാക്കണമെന്ന്
ആദായ നികുതി വകുപ്പ് നിര്‍ദ്ദേശിക്കുന്നു. കേരള സഹകരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രവര്‍ത്തന മൂലധനത്തെയും വായ്‌പേതര സംഘങ്ങളുടെ ദൈനംദിന ഇടപാടുകളെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നടപടിയെന്ന് സംഘങ്ങള്‍ പറയുന്നു.
പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ബാങ്കുകള്‍ക്ക് തുല്യമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ നടത്തി ലാഭമുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി
വലിയ തോതില്‍ നികുതി ചുമത്തുന്നുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തരകാലംമുതല്‍ ലഭിച്ചുവരുന്ന ആദായ നികുതി ആനുകൂല്യം എടുത്തുകളഞ്ഞതും സംഘങ്ങള്‍ക്ക്
ആദായ നികുതി നിയമപ്രകാരം അനുവദനീയമായ 80 (പി ) ആനുകൂല്യം നിഷേധിക്കുന്നതും കേരളത്തിലെ സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണ് എന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ നിയമസഭ ഐകകണ്‌ഠ്യേന പ്രമേയവും പാസാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നു
അനുകൂലമായ നടപടികള്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് നിയമനടപടികളിലേക്ക് കേരളം നീങ്ങുന്നത്.