സഹകരണ സംഘങ്ങള്‍ കേന്ദ്രത്തിന് നാമമാത്ര അംഗങ്ങളുടെ വിവരം നല്‍കണം

[email protected]

സഹകരണ സംഘങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തേടുന്ന വിവരങ്ങളില്‍ നാമമാത്ര അംഗങ്ങളുടെ വിശദാംശങ്ങളും സംഘം സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ കണക്കും ഉള്‍പ്പെടും. കേന്ദ്രവുമായി തര്‍ക്കത്തിലുള്ള എല്ലാവിഷയങ്ങളിലുമുള്ള വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറേണ്ടതുണ്ട്. ഓരോ സംഘവും നടത്തുന്ന കേസുകള്‍, ഏതൊക്കെ വിഷയങ്ങളിലാണ് കേസുകളുള്ളത്, ഏതൊക്കെ കോടതിയിലാണ് കേസ് നിലനില്‍ക്കുന്നത് എന്നതും കൈമാറണം. സംസ്ഥാനത്തിന് കേന്ദ്രസഹകരണ മന്ത്രാലയം നല്‍കിയ കത്തില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ട്.

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന് പേരിനൊപ്പം ചേര്‍ക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ കേരളവുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ കുഴയക്കുന്ന ഒരു ചോദ്യം കേന്ദ്രം തേടുന്ന വിവരങ്ങളിലുണ്ട്. സഹകരണ സംഘം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നാണ് ചോദ്യം. സഹകരണ ബാങ്ക്, വായ്പ സംഘങ്ങള്‍, വായ്‌പേതര സംഘങ്ങള്‍, മള്‍ട്ടിപര്‍പ്പസ് സംഘങ്ങള്‍ എന്നിവയാണ് വിഭാഗങ്ങളായി കൊടുത്തിട്ടുള്ളത്.

സഹകരണ ബാങ്കുകള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് ഏതൊക്കെയാണെന്നും കേന്ദ്ര ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ കൊടുത്തിട്ടുണ്ട്. സംസ്ഥാന ജില്ലാസഹകരണ ബാങ്കുഖല്‍, സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയാണിത്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇതിലൊന്നിലും ഉള്‍പ്പെടുന്നതല്ല. അതിനാല്‍, സഹകരണ ബാങ്കുകളല്ലെന്ന് രേഖപാരമായി തന്നെ കേന്ദ്ര ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വിവരം നല്‍കേണ്ടിവരും.

അംഗങ്ങളെ സംബന്ധിച്ചുള്ളതാണ് കേന്ദ്രത്തിന് നല്‍കേണ്ട മറ്റൊരുപ്രധാനപ്പെട്ട വിവരം. സംഘത്തിലെ മൊത്തം അംഗങ്ങള്‍, അതില്‍ എത്ര നോമിനല്‍-അസോസിയേറ്റ് അംഗങ്ങള്‍, ജാതി- ലിംഗ വ്യത്യാസത്തില്‍ എന്നിങ്ങനെയാണ് സംഘങ്ങള്‍ നല്‍കേണ്ടത്. സംഘത്തിന്റെ ലാഭ-നഷ്ട കണക്കുകള്‍, നികുതി അടയ്ക്കുന്നതിന്റെ വിശദാംശങ്ങള്‍, പാന്‍ നമ്പര്‍, ജി.എസ്.ടി. നമ്പര്‍, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ എന്നിവയും നല്‍കണം. സംഘത്തിന് വരുമാനം ലഭിക്കുന്ന രീതികള്‍, നിക്ഷേപം സ്വീകരിക്കുന്ന വ്യവസ്ഥ, കടം വാങ്ങിയതിന്റെ കണക്ക്, വിപണിയില്‍ ഇറക്കിയ ഉല്‍പന്നങ്ങള്‍, നല്‍കുന്ന സേവനങ്ങള്‍, സംഘം സെക്രട്ടറിയുടെ വിദ്യാഭ്യാസ യോഗ്യത, പ്രായം, തിരഞ്ഞെടുക്കപ്പെട്ട രീതി, പ്രസിഡന്റിന്റെ യോഗ്യത, പ്രായം, ഭരണസമതി അംഗങ്ങളുടെ യോഗ്യത എന്നിവയെല്ലാം കേന്ദ്രത്തിന് നല്‍കേണ്ട വിവരങ്ങളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News