സഹകരണ സംഘങ്ങള്‍ക്കായി നബാര്‍ഡിന് കേന്ദ്രം കൂടുതല്‍ പണം നല്‍കും
ഭക്ഷ്യോല്‍പന്ന മേഖലയില്‍ രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാന്‍ കേന്ദ്രബജറ്റില്‍ കൂടുതല്‍ പണം നീക്കിവെച്ചേക്കും. ഗ്രാമീണ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നാണ് നബാര്‍ഡിന്റെ കാഴ്ചപ്പാട്. അതിനാല്‍, സഹകരണ സംഘങ്ങളിലൂടെ കാര്‍ഷിക പദ്ധതി നടപ്പാക്കുകയെന്ന നിലപാടായിരിക്കും നബാര്‍ഡ് സ്വീകരിക്കുക. ഇതിനായി പുതിയ സ്‌കീം തയ്യാറാക്കും. കേന്ദ്ര ബജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് കൂടുതല്‍ തുക നീക്കിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
19ലക്ഷം കോടിരൂപ കാര്‍ഷിക വായ്പയ്ക്കും അനുബന്ധ സഹായങ്ങള്‍ക്കുമായി വകയിരുത്തുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞതവണ 15ലക്ഷം കോടിരൂപയാണ് മാറ്റിവെച്ചത്. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളും, കാര്‍ഷിക പദ്ധതികളും വേണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന് മുമ്പില്‍വെച്ച നിര്‍ദ്ദേശം. ഇതനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷക പ്രക്ഷോഭം നിലനില്‍ക്കുന്നതിനാല്‍, കര്‍ഷരെ പ്രീതിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുള്‍പ്പെടുത്തേണ്ടത് രാഷ്ട്രീയമായും കേന്ദ്രസര്‍ക്കാരിന് അനിവാര്യമാണ്.
2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയാണ്. ഇതിനാണ് സഹകരണ സംഘങ്ങള്‍ക്ക് കൂടുതല്‍ സഹായമെത്തിക്കുന്നത്. കാര്‍ഷികമേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് നബാര്‍ഡ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. യന്ത്രവല്‍ക്കരണം, വിപണന ശൃംഖല ഒരുക്കല്‍, വിളകളുടെ കടത്ത് സൗകര്യമുണ്ടാക്കല്‍ എന്നിവയൊക്കെയാണ് ഇതില്‍ പ്രധാനം. ഇതിലേക്ക് കൂടുതല്‍ പണം നല്‍കുക എന്നതായിരിക്കും നബാര്‍ഡ് വഴിയുള്ള പുതിയ സഹകരണ പദ്ധതി. കാര്‍ഷിക വായ്പയ്ക്ക് പലിശ സബ്സിഡി അനുവദിക്കുകയെന്നതാണ് മറ്റൊന്ന്. റീഫിനാന്‍സ് സ്‌കീം മെച്ചപ്പെടുത്തും. അതുണ്ടായാല്‍ കേരളബാങ്കുവഴി സംസ്ഥാനത്തിന് കൂടുതല്‍ കാര്‍ഷിക വായ്പ സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ലക്ഷ്യമിട്ടതിലും കൂടുതല്‍ കാര്‍ഷിക വായ്പ വിതരണം ചെയ്യാനാകുന്നുണ്ടെന്നാണ് സമീപകാല കണക്കുകള്‍ കാണിക്കുന്നത്. ദേശീയതലത്തിലെ കണക്ക് അനുസരിച്ച് നോണ്‍ബാങ്കിങ് ഫിനാന്‍സ് കമ്പനികളും സഹകരണ സംഘങ്ങളുമാണ് ചെറുകിട വായ്പകള്‍ ഏറെയും നല്‍കുന്നത്. 2017-18 ല്‍ 11.68 ലക്ഷം കോടി രൂപയാണ് കര്‍ഷകര്‍ക്ക് കൃഷിയാവശ്യങ്ങള്‍ക്കായി നല്‍കിയ വായ്പ. പത്തുലക്ഷം കോടിരൂപ നല്‍കണമെന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. 2016-17 ല്‍ ലക്ഷ്യം ഒമ്പത് ലക്ഷം കോടിയും വിതരണം ചെയ്തത് 10.66 ലക്ഷം കോടി രൂപയുമായിരുന്നു.
പ്രാദേശികതയിലേക്ക് മാറേണ്ട ഘട്ടമാണിതെന്നാണ് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചത്. അതിനൊപ്പം, അടുത്തവര്‍ഷത്തോടെ കര്‍ഷക വരുമാനം ഇരട്ടിയാക്കുന്ന പദ്ധതി പൂര്‍ത്തിയാക്കുകയും വേണം. ഇതുരണ്ടും പരിഗണിച്ചാണ് ബജറ്റില്‍ കൂടുതല്‍ നീക്കിയിരിപ്പും, സഹകരണ സംഘങ്ങള്‍ക്ക് നബാര്‍ഡ് വഴി കൂടുതല്‍ സഹായവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ കാരണം.
[mbzshare]