സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി’ഫാര്‍മേഴ്സ് പ്രൊഡക്ട്’വിപണന ശൃംഖല
കാര്‍ഷിക ഉല്‍പാദന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കര്‍ഷക ഉല്‍പാദകക്കമ്പനികള്‍ക്ക് കഴിയുന്നു. അഞ്ഞൂറിലധികം കമ്പനികളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. രണ്ടു വര്‍ഷത്തിനുള്ളിലാണ് ഈ മുന്നേറ്റമുണ്ടായത്. കാര്‍ഷികോല്‍പാദന മേഖലയിലുണ്ടാക്കിയ മുന്നേറ്റം വിപണന രീതിയിലേക്കും കൊണ്ടുവരാനാണ് ശ്രമം. കര്‍ഷക ഉല്‍പാദകക്കമ്പനികള്‍ മാത്രമല്ല, കാര്‍ഷിക മേഖലയിലെ സഹകരണ സംഘങ്ങളെക്കൂടി പങ്കാളിയാക്കി ജനകീയ വിപണന ശൃംഖല തീര്‍ക്കാനാണ് നീക്കം.
കേരള എഫ്.പി.ഒ. കണ്‍സോര്‍ഷ്യമാണ് ഇത്തരമൊരു ഉദ്യമത്തിന് ശ്രമിക്കുന്നത്. വിപണനശൃംഖല, മൊത്തവിപണി, ഓണ്‍ലൈന്‍ വിപണനം എന്നീ മൂന്നു രീതിയില്‍ കര്‍ഷകക്കൂട്ടായ്മകളുടെ ഉല്‍പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ ജില്ലകളിലും എഫ്.പി.ഒ. ഉല്‍പന്നങ്ങള്‍ക്ക് മാത്രമായി ഔട്ട്ലെറ്റുകളും റൂറല്‍ മാര്‍ട്ടുകളും അഗ്രി ബിസിനസ് ഹബ്ബുകളും സഞ്ചരിക്കുന്ന റൂറല്‍ ഹട്ടുകളും ഉടനുണ്ടാക്കും. സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളും ഇവിടെ നല്‍കാനാകും.
നബാര്‍ഡാണ് കര്‍ഷക കൂട്ടായ്മകള്‍ക്ക് തുടക്കമിട്ടത്. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് കൃഷിക്കാരുടെ തന്നെ കൂട്ടായ്മയില്‍ വിത്തു മുതല്‍ വിപണി വരെയുള്ള കാര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഇതിന്റെ കാഴ്ചപ്പാട്. ഇപ്പോള്‍ സഹകരണ സംഘങ്ങള്‍ക്ക് കീഴിലും ഇത്തരം കൂട്ടായ്മകളുണ്ടാക്കാമെന്ന് എന്‍.സി.ഡി.സി. മുന്നോട്ടുവെക്കുന്നുണ്ട്. അതിനുള്ള സാമ്പത്തിക സഹായം നല്‍കുന്ന സ്‌കീമുകളും എന്‍.സി.ഡി.സി.ക്കുണ്ട്. രണ്ടാം നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 500 ഏക്കറില്‍ കാര്‍ഷിക ഫാം തീര്‍ക്കാര്‍ സഹകരണ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതും സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ കര്‍ഷക കൂട്ടായ്മകളുണ്ടാക്കിയാണ്.
2020-ല്‍ 250 കര്‍ഷക ഉല്‍പാദകക്കമ്പനികളാണ് കേരളത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ 500 കടന്നു. ഒരു വര്‍ഷത്തിനിടെയാണ് ഇരട്ടിയായത്. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണി സാധ്യതകളും സര്‍ക്കാരിന്റെയും ഏജന്‍സികളുടെയും വലിയ സഹായങ്ങളുമാണ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളുടെ (എഫ്.പി.ഒ.) കുതിപ്പിന് കാരണം. മുമ്പ് കാര്‍ഷികമേഖലയില്‍ മാത്രം തുടങ്ങിയ എഫ്.പി.ഒ.കള്‍ ഇപ്പോള്‍ കോഴി-ക്ഷീര-മൃഗസംരക്ഷണ-ഫിഷറീസ് മേഖലകളിലേക്കും വ്യാപിച്ചു. പതിനായിരം എഫ്.പി.ഒ.കളെ വരെ സാമ്പത്തികസഹായം നല്‍കി പ്രോത്സാഹിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് കര്‍ഷകരെ കൂടുതലായും ഈ രംഗത്തേക്ക് എത്തിക്കുന്നത്.
കേരളത്തില്‍ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കമ്പനികളുള്ളത്. അമ്പതില്‍ കൂടുതല്‍. തിരുവനന്തപുരത്താണ് കുറവ്. പത്തില്‍ത്താഴെമാത്രം. ആദ്യഘട്ടത്തില്‍ നബാര്‍ഡ് മാത്രമായിരുന്നു സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം, ക്ഷീര-മൃഗസംരക്ഷണ-ഫിഷറീസ് വകുപ്പുകള്‍ എന്നിവയും സാമ്പത്തിക, സാങ്കേതിക സഹായം നല്‍കുന്നുണ്ട്. ഇങ്ങനെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷികാനുബന്ധ മേഖലകളിലെ കൂട്ടായ്മകളും സഹകരണ സംഘങ്ങളും മൂല്യവര്‍ധിത ഉല്‍പാദന യൂണിറ്റുകളും ഒന്നിച്ച് ഒരു വിപണന ശൃംഖല തീര്‍ക്കാനായാല്‍ അത് വലിയ നേട്ടമാകും.