സഹകരണ സംഘങ്ങളുടെ പൊതുയോഗം – 2021 സെപ്റ്റംബർ 30 വരെ സമയം അനുവദിക്കണമെന്ന് കേരള സഹകരണ ഫെഡറേഷൻ.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വാർഷിക പൊതുയോഗം നടത്തുന്നതിന് ഉള്ള സമയപരിധി 2021 സെപ്റ്റംബർ 30 വരെ ദീർഘിപ്പിക്കണമെന്ന് കേരള സഹകരണ ഫെഡറേഷൻ ആവശ്യപ്പെട്ടു. സാധാരണഗതിയിൽ സാമ്പത്തികവർഷം അവസാനിച്ച് ആറുമാസത്തിനകം നടത്തേണ്ടതാണ്. എന്നാൽ കേരളത്തിൽ കോവിഡ് രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളിച്ച് സഹകരണ സംഘങ്ങളുടെ വാർഷിക പൊതുയോഗം കൂടുന്നത് പ്രായോഗികമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നും ഇത് രോഗവ്യാപനം കൂടുന്നതിന് ഇടവരുത്തുമെന്നും ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.

ഈ സാഹചര്യത്തിൽ സഹകരണ സംഘങ്ങളുടെ പൊതുയോഗം സാമ്പത്തികവർഷം അവസാനിച്ച് ആറുമാസത്തിനകം കൂടണം എന്ന നിയമ വ്യവസ്ഥയ്ക്ക് ഇളവു നൽകികൊണ്ട് ഈ കാലാവധി ഒരു വർഷവും ആറുമാസവുമാക്കി(2021 സെപ്റ്റംബർ 30) ദീർഘിപ്പിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് സർക്കാരിനോടും സഹകരണ സംഘം രജിസ്ട്രാറോടും ഫെഡറേഷൻ ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ചുകൊണ്ട് നിവേദനം നൽകിയിട്ടുണ്ടെന്ന് സി.എൻ.വിജയകൃഷ്ണൻ പറഞ്ഞു. ഇപ്രകാരമുള്ള ഇളവ് നൂറ് അംഗങ്ങളിൽ കൂടുതലുള്ള സഹകരണസംഘങ്ങൾക്ക് ബാധകം ആക്കിയാൽ മതി എന്നും ബഡ്ജറ്റും കണക്കും കമ്മറ്റി അംഗീകരിക്കണമെന്നും അടുത്തു കൂടുന്ന പൊതുയോഗത്തിൽ മേൽ കണക്കുകളും ബഡ്ജറ്റും അംഗീകരിക്കുന്നതിനുള്ള അനുവാദം വിജ്ഞാപനത്തിൽ ഉൾക്കൊള്ളിക്കണം എന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News