സഹകരണ സംഘങ്ങളുടെ പരാതി പരിശോധിക്കാന്‍ പ്രത്യേക സമിതി
സഹകരണ സംഘങ്ങള്‍ വിവിധ കേസുകളില്‍ നല്‍കിയ അപ്പീലുകള്‍ പരിശോധിക്കാന്‍ സഹകരണ വകുപ്പ് പ്രത്യേക സമിതിക്ക് രൂപം നല്‍കി. എറണാകുളം ജില്ലയിലെ സംഘങ്ങളുടെ അപ്പീല്‍ പ്രത്യേക സിറ്റിങ് നടത്തി പരിശോധിക്കുന്നതിനാണ് സമിതി. എറണാകുളം കാക്കനാടുള്ള കേരളബാങ്ക് ഓഡിറ്റോറിയത്തില്‍ ഇതിനുള്ള സിറ്റിങ് നടത്താനും സഹകരണ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
സഹകരണ വകുപ്പ് ജോയിന്റെ സെക്രട്ടറി പി.കെ.ഗോപകുമാര്‍, സെക്ഷന്‍ ഓഫീസര്‍ ബി.കെ.ജിതേഷ്, അസിസ്റ്റന്റുമാരായ കെ.സി. വിഷ്ണു, പി.പി. ഫ്‌ളമിന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഇവരാണ് സിറ്റിങ്ങില്‍ പങ്കെടുക്കുന്നത്. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംഘങ്ങളുടെ അപ്പീല്‍ കേസുകളേറെയും പി.കെ.ഗോപകുമാറാണ് സഹകരണ വകുപ്പിനായി ഹിയറിങ് നടത്തുന്നത്. വകുപ്പ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത അടക്കം ഉത്തരവില്‍ വിശദീകരിക്കുന്ന ഗോപകുമാറിന്റെ വിധിന്യായ ഉത്തരവ് ഇതിനകം തന്നെ സഹകരണ മേഖലയില്‍ ശ്രദ്ധപിടിച്ചുപറ്റിയതാണ്.
സംഘങ്ങള്‍ക്കെതിരെയുള്ള വകുപ്പുതല നടപടി, ഓഡിറ്റിലെ പ്രശ്ങ്ങള്‍, നിയമനം എന്നിവ സംബന്ധിച്ചെല്ലാം നിരവിധി കേസുകളുണ്ട്. ഇതിലെല്ലാം പരാതിക്കാരെ കേട്ട് തീര്‍പ്പുണ്ടാക്കണമെന്ന് സഹകരണ വകുപ്പിന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചേന്ദമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റേത് ഉള്‍പ്പടെയുള്ള കേസുകള്‍ ഇക്കൂട്ടത്തിലുണ്ട്. എറണാകുളം ജില്ലയിലുള്ള ഇത്തരം കേസുകളെല്ലാം ഒരുമിച്ച് പരിഗണിക്കാനാണ് പ്രത്യേക സിറ്റിങ് നടത്താന്‍ സഹകരണ വകുപ്പ് തീരുമാനിച്ചത്.