സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിനുള്ളപരമാവധി പലിശ എട്ടര ശതമാനമാക്കണം -കേരള സഹകരണ ഫെഡറേഷന്‍

Deepthi Vipin lal

സഹകരണ മേഖലയിലെ വിവിധ വിഷയങ്ങളില്‍ തീരുമാനമെടുക്കാനായി സഹകരണ വകുപ്പുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി സഹകരണ മന്ത്രി ചെയര്‍മാനായി രൂപവത്കരിച്ചിട്ടുള്ള ഉന്നതതല പലിശ നിര്‍ണയ ഉപസമിതി നിക്ഷേപങ്ങള്‍ക്കു പലിശനിരക്കു നിശ്ചയിക്കുമ്പോള്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ നിലവിലെ അവസ്ഥ പ്രത്യേകം പരിഗണിക്കണമെന്നു കേരള സഹകരണ ഫെഡറേഷന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. സഹകരണ മേഖലയ്ക്കു കൈത്താങ്ങാവാന്‍ സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിനുള്ള പരമാവധി പലിശനിരക്കു എട്ടര ശതമാനവും മുതിര്‍ന്ന പൗരന്‍മാര്‍ക്കു ഒമ്പതു ശതമാനവുമാക്കി അടുത്ത നാലു വര്‍ഷം നിലനിര്‍ത്തണമെന്നു കത്തില്‍ ആവശ്യപ്പെട്ടു.

 

ഉയര്‍ന്ന നിക്ഷേപമുള്ള സംഘങ്ങള്‍ക്കു പരമാവധി പലിശനിരക്കായ എട്ടര ശതമാനത്തില്‍ കുറച്ച് നിക്ഷേപം സ്വീകരിക്കാനും നിക്ഷേപം കുറവുള്ള സംഘങ്ങള്‍ക്കു പരമാവധി പലിശ നിരക്കില്‍ നിക്ഷേപം വാങ്ങാനും കഴിയുന്ന രീതി അവലംബിക്കാവുന്നതാണ്. ഇതു പെന്‍ഷന്‍കാരായ ഇടപാടുകാരെയും മറ്റു സ്ഥിരവരുമാനമില്ലാത്ത ജനങ്ങളെയും സഹകരണ മേഖലയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കും. അതിലൂടെ സഹകരണ മേഖലയില്‍ വര്‍ധിച്ചുവരുന്ന നിക്ഷേപം സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ക്കു വിനിയോഗിക്കാവുന്നതാണ് – ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അയച്ച കത്തില്‍ നിര്‍ദേശിച്ചു.

വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും തമ്മില്‍ നിക്ഷേപപ്പലിശ നിരക്കില്‍ ചുരുങ്ങിയ വ്യത്യാസം മാത്രമേ നിലവിലുള്ളു എന്നു കത്തില്‍ വിജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വാണിജ്യ ബാങ്കുകള്‍ സഹകരണ സംഘങ്ങള്‍ക്കു നല്‍കാന്‍ പറ്റാത്ത മറ്റു പല സേവനങ്ങളും ഇടപാടുകാര്‍ക്കു നല്‍കുന്നുണ്ട്. നിധി ലിമിറ്റഡ്, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍, ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ ഒമ്പതര മുതല്‍ പന്ത്രണ്ടര ശതമാനം വരെ നിക്ഷേപങ്ങള്‍ക്കു പലിശ നല്‍കുന്നു. സഹകരണ സ്ഥാപനങ്ങളേക്കാള്‍ അധികം പലിശയാണിവ നിക്ഷേപങ്ങള്‍ക്കു നല്‍കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ മിക്കവാറും സഹകരണ സ്ഥാപനങ്ങളുടെ മുന്നിലാണു പ്രവര്‍ത്തിക്കുന്നത്. ഇതു നമ്മുടെ സംസ്ഥാനത്ത് ഉപയോഗിക്കാവുന്ന സഹകരണ മേഖലയിലെ ഫണ്ട് കുറയാനിടയാക്കുന്നുണ്ട്. കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍.ഐ.സി, യു.ടി.ഐ. തുടങ്ങിയവ സ്വകാര്യ സ്ഥാപനങ്ങളുടെ മ്യൂച്ചല്‍ ഫണ്ടുകള്‍ക്കു പത്തു ശതമാനംവരെ പലിശ ഉറപ്പുള്ള വരുമാനമായും നല്‍കുന്നുണ്ട്. ഇതു എളുപ്പം പണമാക്കി മാറ്റാന്‍ കഴിയുന്നവയാണ്. മാത്രമല്ല, കേരള ബാങ്കിന്റെ ചുവടു പിടിച്ചു പ്രാഥമിക സംഘങ്ങള്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്കു പലിശ കുറയ്ക്കുന്നതും സഹകരണ മേഖലയിലെ പ്രത്യേക സ്ഥിതിവിശേഷവും സംഘങ്ങളുടെ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കാന്‍ കാരണമായിട്ടുണ്ട് – കത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News