സഹകരണ സംഘങ്ങളില്‍ ഖാദി കോര്‍ണര്‍ തുടങ്ങാന്‍ പദ്ധതിയുമായി ഖാദി ബോര്‍ഡ്
സഹകരണ സംഘങ്ങളുമായി സഹകരിച്ച് ഖാദി വിപണന ശൃംഖല ഒരുക്കാന്‍ ഖാദി ബോര്‍ഡിന്റെ തീരുമാനം. സഹകരണ സംഘങ്ങളിലോ, സംഘങ്ങളുടെ വിപണന കേന്ദ്രളിലോ സ്ഥല സൗകര്യമുണ്ടെങ്കില്‍ ഖാദി കോര്‍ണര്‍ എന്ന പേരില്‍ പ്രത്യേക ഇടം ഒരുക്കാനാണ് തീരുമാനം. ഇവിടെ ഖാദി വസ്ത്രവും വസ്‌ത്രേതര ഉല്‍പന്നങ്ങളും വില്‍പന നടത്താനാകും. ഇതിനൊപ്പം, തന്നെ നാട്ടുല്‍പന്നങ്ങളുടെ നിര്‍മ്മാണം ശക്തിപ്പെടുത്തുന്നതിനായി സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതും സഹകരണ ബാങ്കുകളുടെ സഹായത്തോടെയാണ് ചെയ്യുക.
ഖാദി വ്യവസായ മേഖലയില്‍ സഹകരണ പങ്കാളിത്തത്തോടെ വൈവിധ്യം വല്‍ക്കരണം നടത്തുകയെന്നാണ് ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നത്. എന്റെ ഗ്രാമം, പി.എം.ഇ.ജി.പി. എന്നീ പദ്ധതികള്‍ മുഖേന ആയിരത്തിലധികം സംരംഭങ്ങള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതിനായി എല്ലാ ജില്ലകളിലും സംരംഭകര്‍ക്കായി പരിശീലനവും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും കൂട്ടിയോചിപ്പിച്ച് ഒരു സംയുക്തമുന്നേറ്റമെന്ന രീതിയിലാണ് ഖാദി ബോര്‍ഡ് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന തൊഴില്‍ സഭകളില്‍ ഖാദി ബോര്‍ഡ് വഴി സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സഹായം 40 ശതമാനം സബ്‌സിഡിയോടെ നല്‍കാനാണ് തീരുമാനം. ഇതിനുള്ള വായ്പകള്‍ സഹകരണ ബാങ്കുകള്‍ വഴി ലഭ്യമാക്കും. തലശ്ശേരിയില്‍ എന്റെ ഗ്രാമം പദ്ധതിക്കുള്ള വായ്പ അനുവദിക്കുന്ന ഏജന്‍സി തലശ്ശേരി സര്‍വീസ് സഹകരണ ബാങ്കാണ്. ഈ രീതി മറ്റ് ബാങ്കുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം.
സംരഭങ്ങള്‍ക്ക് 25മുതല്‍ 40 ശതമാനം വരെ മാര്‍ജിന്‍മണി ഗ്രാന്റ് നല്‍കിയാണ് ബോര്‍ഡ് വായ്പ അനുവദിക്കുന്നത്. തേനീച്ച വളര്‍ത്തല്‍, തേന്‍ അധിഷ്ഠിത ഉല്‍പന്ന നിര്‍മ്മാണം, ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണം, കുട, ബാഗ്, ചെരുപ്പ്, സോപ്പ്, ഫര്‍ണീച്ചര്‍ എന്നിങ്ങനെയുള്ള നിര്‍മ്മാണങ്ങള്‍ക്കെല്ലാം ബോര്‍ഡിന്റെ സാമ്പത്തിക സഹായം ലഭ്യമാകും. ഇവയ്‌ക്കെല്ലാം ജനകീയ വിപണന ശൃംഖല ഒരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സഹകരണ സംഘങ്ങളിലെ ഖാദി കോര്‍ണര്‍ എന്ന ആശയം. ഇതിന്റെ ഭാഗമായി ഉല്‍പന്നങ്ങളിലും പുതുമ കൊണ്ടുവരുന്നുണ്ട്. ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കുമുള്ള യൂണിഫോം, ഡ്രൈവര്‍മാര്‍ക്കുള്ള കാക്കി യൂണിഫോം എന്നിവയെല്ലാം വിപണിയില്‍ ഇറക്കിയിട്ടുണ്ട്.