സഹകരണ സംഘങ്ങളിലെ സ്റ്റോക്കെടുപ്പ് മാർച്ച് 31നകം പൂർത്തിയാക്കണമെന്ന് സർക്കുലർ: പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ച് ഉദ്യോഗസ്ഥർ: തീയതി നീട്ടണമെന്ന് ആവശ്യം.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ സ്റ്റോക്കെടുപ്പ് മാർച്ച് 31നകം പൂർത്തിയാക്കണമെന്ന സർക്കാർ നിർദ്ദേശം പ്രായോഗികമായി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ട് ഉണ്ടെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സഹകാരികളും ജീവനക്കാരും പറയുന്നു. സ്റ്റോക്കെടുപ്പ് സംബന്ധിച്ച തീയതി ദീർഘിപ്പിച്ച് നൽകണമെന്നാണ് ഉദ്യോഗസ്ഥരുടെയും സഹകരണമേഖലയിൽ ഉള്ളവരുടെയും ആവശ്യം. ലോക് ഡൗൺ വരുന്നതിന് മുൻപ് ഈ മാസം 18നാണു സഹകരണ വകുപ്പ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് രജിസ്ട്രാർമാർ അതത് ജില്ലകളിൽ ഇത് സംബന്ധിച്ച് നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ പുതിയ സാഹചര്യത്തിൽ ഇത് നടപ്പാക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സഹകാരികളും സഹകരണ ജീവനക്കാരും പറയുന്നു.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്നത്. കോവിഡ് – 19 വ്യാപനം തടയുന്നതിനായി സർക്കാർ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിൽ ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. നാളെ മുതൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം സഹകരണ സംഘങ്ങൾ വഴി ആരംഭിക്കുകയാണ്. ഇതുമൂലം ഉദ്യോഗസ്ഥരുടെ എണ്ണം വീണ്ടും കുറയും. പല സഹകരണ സംഘങ്ങളും ഇന്നുമുതൽ പെൻഷൻ വിതരണം ആരംഭിച്ചുകഴിഞ്ഞു. തന്നെയുമല്ല സ്റ്റോക്ക് എടുപ്പിന് നിയോഗിച്ചിട്ടുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പലരും മറ്റു ജില്ലകളിൽ താമസിക്കുന്നവരാണ്. ഇവരെല്ലാം തന്നെ നിലവിൽ വീടുകളിലാണ്. ഒപ്പം ഇത്തരം ഉദ്യോഗസ്ഥരുടെ മക്കൾ പഠനത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിൽ നിന്നും പുതിയ സാഹചര്യത്തിൽ വീട്ടിൽ കോറെന്റയിൻ ൽ കഴിയുന്നവരാണ്. അതുകൊണ്ടുതന്നെ ജോലി ഏറ്റെടുത്തു സ്റ്റോക്കെടുപ്പ് പൂർത്തീകരിക്കാൻ സാധിക്കില്ല. ഒപ്പം സൊസൈറ്റികളുടെ നീതി മെഡിക്കൽ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ ഇപ്പോഴത്തെ സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. സ്റ്റോക്കെടുപ്പ് പൂർത്തീകരിക്കണമെങ്കിൽ അടച്ചിടണം. ഇതും പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കും. ഈ സാഹചര്യത്തിൽ സ്റ്റോക്കെടുപ്പ് സംബന്ധിച്ച് തീയതി നീട്ടി കൊണ്ടുള്ള ഉത്തരവ് ഉണ്ടാകണമെന്നാണ് സഹകരണ മേഖലയിലുള്ള മുഴുവൻ പേരുടെയും ആവശ്യം. ഇതിൽ അനുകൂല നിലപാട് ഉണ്ടാകുമെന്നും ഇവർ കാത്തിരിക്കുന്നു. സ്റ്റോക്കെടുപ്പ് തീയതി രണ്ടോ മൂന്നോ മാസം വൈകിയാലും കാര്യമായ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് സഹകരണ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ തന്നെ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ സഹകരണ സംഘം രജിസ്ട്രാറുടെ ഔദ്യോഗികമായ സർക്കുലർ വരേണ്ടതുണ്ട്. വൈകാതെ ഇതു സംബന്ധിച്ച സർക്കുലർ വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഫിനാൻഷ്യൽ ഇയർ സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റിന്റെ പുതിയ നിർദ്ദേശം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥരും വകുപ്പും കരുതുന്നു. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ സ്റ്റോക്കെടുപ്പ് ഉദ്യോഗസ്ഥരിൽ കൂടുതൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

സ്റ്റോക്കെടുപ്പ് സംബന്ധിച്ച് പല ജോയിന്റ് രജിസ്ട്രാർമാരും താഴെ പറയുന്ന രീതിയിൽ നിർദ്ദേശങ്ങൾ ഇതിനകം നൽകി കഴിഞ്ഞു.

2020 മാർച്ച് 31ന് സംഘങ്ങളുടെ വാർഷിക സ്റ്റോക്ക് പരിശോധന നടത്തുന്നത് സംബന്ധിച്ച് താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കാവുന്നതാണ്
സംഘങ്ങളും /ബാങ്കുകളും നിലവിലുള്ള സ്റ്റോക്ക് പരിശോധനാ മാനദണ്ഡങ്ങൾക്കനുസൃതമായി 31.03.2020 ലെ നീക്കിയിരിപ്പ് സ്റ്റോക്ക് സ്റ്റേറ്റ്മെന്റ് തയ്യാറാക്കേണ്ടതാണ്. സംഘം പ്രസിഡൻ്റ്, ചുമതലപ്പെടുത്തിയ ഭരണസമിതിയംഗങ്ങളുടെ സാന്നിദ്ധ്യത്തിലാവണം സ്റ്റോക്കെടുപ്പ് .

ഇപ്രകാരം സ്റ്റോക്ക് സ്റ്റേറ്റ് മെന്റ് തയ്യാറാക്കുമ്പോൾ ആവശ്യ സർവ്വീസുകളായ കൺസ്യൂമർ സ്റ്റോറുകൾ, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, പാൽ വിതരണം തുടങ്ങിയ സ്ഥാപനങ്ങൾ അടച്ചിടുന്നസാഹചര്യം ഉണ്ടാകരുത്. അതെ സമയം കമ്പ്യൂട്ടർ സ്റ്റോക്കെടുക്കുകയാണെങ്കിലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഭരണ സമിതിയംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തുക. ഡാമേജ്ഡ്, എക്സ്പെയറി സ്റ്റോക്കുകൾ പ്രത്യേകമായി എടുക്കേണ്ടതാണ്.

സഹകരണ വകുപ്പിലെ സ്റ്റോക്ക് പരിശോധന ചുമതലയുള്ള ഉദ്യോഗസ്ഥർ അവശ്യ സർവ്വീസ് ഒഴികെയുള്ള സംഘങ്ങൾ/ബാങ്കുകൾ എന്നിവയുടെ നീക്കിയിരിപ്പ് തുക, സ്വർണ്ണം, മറ്റ് നീക്കിയിരിപ്പ് സ്റ്റോക്ക് എന്നിവയുടെ പരിശോധന 31.03.2020, 01.04.2020 എന്നീ ദിവസങ്ങളിലായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. പൊതുഗതാഗതം തടസ്സപ്പെട്ടത് കാരണമായി വരാൻ പ്രയാസമുള്ള ഉദ്യോഗസ്ഥർ സ്റ്റോക്കെടുപ്പ് സംഘത്തിൽ നടന്നുവെന്ന് ഉറപ്പ് വരുത്തുകയും സംഘത്തിൽ സ്റ്റോക്ക് പരിശോധനക്കെത്തുന്ന ദിവസം 3l.03.2020 ൻ്റെ സ്റ്റോക്ക് നിജപ്പെടുത്തേണ്ടതാണ്.

ആവശ്യ സർവ്വീസ് നടത്തുന്ന സംഘങ്ങൾ, ഏതെങ്കിലും കാരണവശാൽ നിശ്ചിത തീയതിയിൽ സ്റ്റോക്ക് പരിശോധന നടത്താൻ കഴിയാത്ത സംഘങ്ങൾ/ബാങ്കുകൾ എന്നിവയുടെ കാര്യത്തിൽ 01.04.2020 ന് ശേഷം സാദ്ധ്യമായ തീയതികളിൽ 31.03.2020 ലെ സ്റ്റോക് അടിസ്ഥാനമാക്കി അതിനു ശേഷം നടത്തിട്ടുള്ള ഇടപാടുകൾ 31.03.2020 ലെ സ്റ്റോക്കുമായി അഡ്ജസ്റ്റ് ചെയ്ത് ഭൗതിക സ്റ്റോക്ക് കണക്കാക്കി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്

ഇപ്രകാരം സ്റ്റോക്ക് പരാശോധന പൂർത്തീകരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട ജില്ലയിലെ ജോയിന്റ് രജിസ്ട്രാർ (ജനറൽ) മാരും, ജോയിന്റ് ഡയറക്ടർ (ആഡിറ്റ്) മാരും തമ്മിൽ കൂടിയാലോചിച്ച് സ്വീകരിക്കുന്നതാണ്. പരിശോധനാ ഉത്തരവുകൾ ഉടൻ പുറപ്പെടുവിക്കുന്നതാണ്.

സ്റ്റോക്ക് പരിശോധനക്കായി സ്ഥാപനങ്ങളൾ അടച്ചിടുന്ന സാഹചര്യവും, ഇടപാടുകാർക്കും, സംഘം പ്രവർത്തനത്തിനും തടസ്സം വരാത്ത രീതിയിലും മേൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്.

സ്റ്റോക്ക് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതും, സർക്കാർ, രജിസ്ട്രാർ, ജില്ലാ ഭരണകൂടം, പോലീസ് എന്നിവർ യഥാസമയം നൽകുന്ന ഉത്തരവുകളും, നിർദ്ദേശങ്ങളും പാലിക്കേണ്ടതും, പ്രാദേശികമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് സ്റ്റോക്ക് പരിശോധന സംബന്ധിച്ച് ക്രമീകരണങ്ങൾ നടത്തേണ്ടതുമാണ്.

ഇത്തരത്തിൽ വിശദമായ നിർദ്ദേശങ്ങൾ ജോയിന്റ് രജിസ്ട്രാർമാർ ഉദ്യോഗസ്ഥർക് നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ സ്റ്റോക്കെടുപ്പ് നീട്ടി കൊണ്ടുള്ള പുതിയ ഉത്തരവിനായി കാത്തിരിക്കുകയാണ് സഹകരണ സമൂഹം.

Leave a Reply

Your email address will not be published. Required fields are marked *

Latest News