സഹകരണ വിവരശേഖരണം: കേന്ദ്രത്തിനെതിരെ നിയമ-ജനകീയ പോരാട്ടത്തിന് കേരളം
സഹകരണ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ നിയമപോരാട്ടത്തിനും ജനകീയ പ്രതിഷേധത്തിനും ഒരുങ്ങാന്‍ തീരുമാനം. സഹകരണ മന്ത്രി വി.എന്‍.വാസവന്റെ സാനിധ്യത്തില്‍ ചേര്‍ന്ന സഹകാരികളുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സഹകരണ സംഘങ്ങളില്‍നിന്ന് നേരിട്ട് കേന്ദ്ര സഹകരണ ഏജന്‍സികള്‍ വിവരം തേടുന്നത് സംസ്ഥാന സര്‍ക്കാരുമായോ സഹകരണ വകുപ്പ് മന്ത്രിയുമായോ ചര്‍ച്ചയോ അഭിപ്രായങ്ങളോ തേടാതെയാണെന്ന് മന്ത്രി വിശദീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ സഹകരണ മേഖലയില്‍ അടിച്ചേല്‍പ്പിക്കുന്നതിനുമാണ് കേന്ദ്രത്തിന്റെ നീക്കം. ഫെഡറല്‍ തത്വങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നഗ്‌നമായ ലംഘനമാണ്. മുമ്പ് ഇത്തരം നടപടികള്‍ ഉണ്ടായപ്പോള്‍ കോടതിയെ സമീപിക്കുകയും ജനാധിപത്യപരമായ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കടന്നു കയറുന്നതിനും ലക്ഷ്യം വെച്ചുള്ള കേന്ദ്രത്തിന്റെ നടപടികളെ നിയമപരമായും ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെയും സഹകാരിസമൂഹം പ്രതിരോധിക്കുമെന്ന് മന്ത്രി സഹകരണ സംഘം പ്രസിഡന്റുമാരുടെ സംസ്ഥാന തല യോഗത്തില്‍ വ്യക്തമാക്കി.
കേന്ദ്ര വിഷയമായ ബാങ്കിംഗ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന് നിയമനിര്‍മാണം സാധ്യമാണ്. എന്നാല്‍ ഈ അധികാരം ഉപയോഗിച്ച് ബി ആര്‍ ആക്ടില്‍ 2020 ല്‍കൊണ്ടുവന്ന ഭേദഗതിയിലൂടെ സഹകരണ സംഘങ്ങളുടെ ഭരണപരമായ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുകയാണ്. അര്‍ബന്‍ ബാങ്ക് ഭരണസമിതിയുടെ ഘടന, കാലാവധി, അംഗത്വ യോഗ്യത, സി.ഇ.ഒ നിയമനം, ഓഹരികള്‍ സംബന്ധിച്ച വ്യവസ്ഥ, ഭരണസമിതിയെ പിരിച്ചുവിടുന്നതിനുള്ള അധികാരം തുടങ്ങിയവ ആര്‍.ബി. ഐ.യില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. സഹകരണ നിയമ പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്റിന് പകരം സി.എ. ഓഡിറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തു.
സഹകരണ നിയമ പ്രകാരവും സഹകരണ തത്വങ്ങള്‍ പ്രകാരവും സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഒരു അംഗത്തിന് ഒരു വോട്ട് എന്ന ജനാധിപത്യ വ്യവസ്ഥയില്‍ ഊന്നിനിന്നുകൊണ്ടാണ്. ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ട് സഹകരണ അര്‍ബന്‍ ബാങ്കുകളുടെ ഷെയറുകള്‍ ബാങ്ക് കമ്പനി വ്യവസ്ഥ പ്രകാരം പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്നതിന് ലിസ്റ്റ് ചെയ്യുന്നതിനും ബി.ആര്‍. ആക്ട് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തു. ഇന്‍കം ടാക്‌സിന്റെ 80 (പി), 194 ( എന്‍)തുടങ്ങിയ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ക്ക് നിലവില്‍ ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും പുതിയ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിക്കുകയും സഹകരണ സംഘങ്ങളുടെ പൂര്‍ണമായ നിയന്ത്രണം കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കുന്നതിന് നിരന്തരമായ നടപടികള്‍ സ്വീകരിച്ചു വരികയുമാണ്. ഈ പ്രകാരമുള്ള നടപടികളുടെ ഭാഗമായി ദേശീയതലത്തില്‍ മൂന്ന് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിന് തീരുമാനിച്ചു. ഈ സംഘങ്ങളില്‍ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ അംഗത്വമെടുക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സംഘങ്ങള്‍ മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങളില്‍ അംഗത്വം എടുക്കുന്നതിലൂടെ അത്തരം സംഘങ്ങളെ നിയന്ത്രണത്തില്‍ ആക്കുന്നതിനുള്ള സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു.
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ കേന്ദ്രതലത്തില്‍ തയ്യാറാക്കി നല്‍കുമെന്നും സംസ്ഥാനങ്ങള്‍ ഇത് ഉപയോഗിക്കണമെന്നതുമാണ് മറ്റൊരു നിര്‍ദ്ദേശം. സംഘങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ ഡാറ്റായും, വ്യക്തി വിവരങ്ങള്‍അടക്കം കേന്ദ്രം സര്‍വറിലാണ് സൂക്ഷിക്കപ്പെടുക. ഈ വിവരങ്ങള്‍ വിവിധ ഏജന്‍സികളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തി വിവരങ്ങള്‍ അടക്കം ഇതിലൂടെ കേന്ദ്ര സര്‍ക്കാരിന് ലഭ്യമാക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗപ്പെടുത്തുന്നതിനുമായിട്ടാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനസര്‍ക്കാര്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് ഏകീകൃത സോഫ്‌റ്റ്വെയര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു അത് അന്തിമഘട്ടത്തിലുമാണ്.
രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍, ഡയറി സംഘങ്ങള്‍, മത്സ്യ സംഘങ്ങള്‍ എന്നിവയുടെ അടിസ്ഥാന വിവരങ്ങള്‍ കേന്ദ്രം തയ്യാറാക്കുന്ന ഡേറ്റാ ബേസിലേക്ക് നല്‍കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സഹകരണ മന്ത്രാലയം നല്‍കിയിരുന്നു. രാജ്യത്തെ ഇത്തരം സംഘങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ഡേറ്റാബേസ് തയ്യാറാക്കുന്നത് എന്നാണ് അറിയിച്ചിരുന്നത്. അതനുസരിച്ച് രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും സംഘങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ പ്രസ്തുത ഡാറ്റാബേസിലേക്ക് നല്‍കുകയും ചെയ്തു.
ആ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കേന്ദ്ര നിയമപ്രകാരം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഡാറ്റാ ബേസിലെവിവരങ്ങള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ സംഘങ്ങളുടെമേല്‍ നേരിട്ട് നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനാണ് കേന്ദ്രം നീക്കം നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളുടെയും പ്രസിഡന്റുമാര്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി.സുഭാഷ്, ഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍ തുടങ്ങിയവരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.