സഹകരണ വായ്പാനയം തിരുത്തി കേരളബാങ്ക്; ഇനി പലിശയ്ക്കും പലിശ ചുമത്തും

Deepthi Vipin lal

 

സഹകരണ വായ്പ നയത്തില്‍നിന്ന് പിന്മാറി പലിശയ്ക്ക് പലിശ ചുമത്തുന്ന രീതി സ്വീകരിക്കാന്‍ കേരളബാങ്ക് തീരുമാനിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ നല്‍കുന്ന കാര്‍ഷികേതര വായ്പകള്‍ക്ക് ‘കോമ്പൗണ്ടിങ് ഇന്ററസ്റ്റ്’ ചുമത്തുന്ന രീതി സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ഓരോമാസം അടിസ്ഥാനമാക്കി പലിശ കണക്കാക്കണം. അതിന്റെ തിരിച്ചടവില്‍ വീഴ്ചവന്നാല്‍, കുടിശ്ശികയായ പലിശ മുതലിനത്തില്‍ ചേര്‍ത്ത് അതിന് വീണ്ടും പലിശ കണക്കാക്കും. സഹകരണ ബാങ്കുകളില്‍ ഒരിക്കലും സ്വീകരിക്കാതിരുന്നതും പാവങ്ങള്‍ക്ക് തിരിച്ചടിയാകുന്നതുമായി രീതിയാണ് കേരളബാങ്ക് നടപ്പാക്കുന്നത്.

2021 മാര്‍ച്ച് നാലിന് ചേര്‍ന്ന ബോര്‍ഡ് ഓഫ് മാനേജ്‌മെന്റാണ് ഈ തീരുമാനമെടുത്തിട്ടുള്ളതെന്നാണ് കേരളബാങ്കിന്റെ ആഭ്യന്തര സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് പുതിയ വായ്പരേഖകളില്‍ മാറ്റം വരുത്തണമെന്നാണ് ശാഖകളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും നല്‍കുന്ന വായ്പയ്ക്ക് കോമ്പൗണ്ടിങ് രീതിയാണോ തുടരുകയെന്നത് വ്യക്തമാക്കിയിട്ടില്ല. സഹകരണ സംഘങ്ങളോടും ഇതേ സമീപനമാണെങ്കിൽ  അത് സഹകരണ മേഖലയ്ക്കുതന്നെ തിരിച്ചടിയാകുന്ന നടപടിയാകും. സഹകരണ പലിശ രീതിയില്‍ മാറ്റം വരുത്തുകയെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. എന്നാല്‍, അത്തരമൊരു തീരുമാനം ഇനി വേണ്ടതില്ലെന്നാണ് കേരളബാങ്കിന്റെ നടപടിയിലൂടെ ബോധ്യപ്പെടുന്നത്. കേരളബാങ്കിന്റെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് തീരുമാനം സഹകരണ വായ്പമേഖലയെ മൊത്തം ബാധിക്കുന്നതായി മാറുന്നുവെന്ന പ്രത്യേകതയും ഇതിലുണ്ട്.

വാണിജ്യബാങ്കുകളില്‍ പലിശയ്ക്കും പലിശ കണക്കാക്കുന്ന രീതി നിലവിലുണ്ട്. എന്നാല്‍, സാധാരണക്കാരായ ഇടപാടുകരാണ് സഹകണ ബാങ്കുകളെ ആശ്രയിക്കുന്നത്. അതിനാല്‍, സഹകരണ ബാങ്കുകളില്‍ ഒരിടത്തും കോമ്പൗണ്ടിങ് പലിശ നിര്‍ണയ രീതി സ്വീകരിച്ചിരുന്നില്ല. അതാണ് ഇപ്പോള്‍ കേരളബാങ്ക് തിരുത്തിയത്. 8മുതല്‍ 12 ശതമാനം പലിശയാണ് കേരളബാങ്കിന്റെ വായ്പകള്‍ക്കുള്ളത്. എല്ലാമാസവും കൃത്യമായി തിരിച്ചടക്കുന്നവരല്ല, നേരത്തെ ജില്ലാബാങ്കിന്റെ ഭാഗമായുണ്ടായിരുന്ന  സാധാരണ ഇടപാടുകാരാണ്.    കേരളബാങ്കിന്റെ പുതിയ നയമനുസരിച്ച് ഇവര്‍ ഇനി മറ്റൊരുബാങ്കിലുമില്ലാത്ത ഉയര്‍ന്ന പലിശ തിരിച്ചടക്കേണ്ടിവരും. പലിശ മുതലിനോട് ചേര്‍ത്ത് വീണ്ടും പലിശ കൂട്ടുന്ന രീതിയുണ്ടായാല്‍, കുടിശ്ശികയായ വായ്പയ്ക്ക് പലിശയിളവ് നല്‍കിയാലും അതിന്റെ ഗുണം ഇടപാടുകാര്‍ക്ക് ലഭിക്കാതെ വരും.

അമിത ചാര്‍ജുകളില്ലാതെയും കുറഞ്ഞ നിരക്കിലും ബാങ്കിങ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന വാഗ്ധാനമാണ് ‘കേരളമാകെ കേരളബാങ്കിലേക്ക്’ എന്ന ക്യാമ്പയിനില്‍ സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, സാധാരണക്കാരില്‍നിന്ന് ഉയര്‍ന്ന പലിശ ഈടാക്കി ലാഭം കൂട്ടാന്‍ ലക്ഷ്യമിടുന്ന ബാങ്കായി കേരളബാങ്ക് മാറുന്നുവെന്നാണ് അവരുടെ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുന്നത്. പ്രാഥമിക ബാങ്കുകളുടെ നിക്ഷേപത്തിന് പലിശ കുറയ്ക്കുകയും വായ്പയ്ക്ക് പലിശ കൂട്ടുകയും ചെയ്യുന്ന കേരളബാങ്കിന്റെ സമീപനം പ്രാഥമിക സഹകരണ മേഖലയ്ക്കും തിരിച്ചടിയാണെന്ന പരാതി സഹകാരികളില്‍നിന്ന് തന്നെ ഉയര്‍ന്നിരുന്നു.

കേരളബാങ്കിന്റെ പുതിയ നയങ്ങള്‍ സാധാരണക്കാരെ ബാങ്കില്‍നിന്ന് അകറ്റി എന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. കേരളബാങ്കില്‍നിന്ന് വായ്പ ലഭിക്കണമെങ്കില്‍ മൂന്നുവര്‍ഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ച രേഖ നല്‍കണമെന്നാണ് ഒരുവ്യവസ്ഥ. കര്‍ഷകരും കൂലിപ്പണിക്കാരുമെല്ലാം വായ്പകള്‍ക്ക്  ആശ്രയിച്ചിരുന്ന ജില്ലാബാങ്കുകളിലാണ്, ഇപ്പോള്‍ ഇവര്‍ ആദായ നികുതി രേഖകളുമായി വരേണ്ടത്. ജില്ലബാങ്കുകള്‍ കേരളബാങ്കായപ്പോള്‍ ഇടപാടുകാര്‍ സാധാരണക്കാരില്‍നിന്ന് എക്‌സിക്യുട്ടീവുകളായി മാറുന്ന നയമാണ് സ്വീകരിച്ചത്. കുടിശ്ശികയായ വായ്പ തീര്‍പ്പാക്കുന്നതിന് പോലും ഒരു ഇളവും ജില്ലാതലത്തില്‍ ഇപ്പോള്‍ നല്‍കാന്‍ അനുമതിയില്ല. അതിന് ഫയൽ ഹെഡ് ഓഫീസിലേക്ക് അയക്കണം. ഫയല്‍ മാത്രം കാണുന്ന ഹെഡ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ വായ്പയെടുത്ത സാധാരണക്കാരന്റെ ദുരവസ്ഥ കാണുന്നില്ല. അതിനാല്‍, എല്ലാ ഇളവിനുള്ള അപേക്ഷയും നിരസിക്കുകയാണ് പൊതുരീതിയെന്നാണ് ജില്ലാ ഓഫീസുകളിലെ ജീവനക്കാര്‍തന്നെ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News