സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മിനിമം ബോണസ് 7000 രൂപ.
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മിനിമം ബോണസ് 7000 രൂപ വെച്ച് നൽകാൻ തീരുമാനമായി.എല്ലാ സഹകരണസംഘങ്ങളും ലാഭ നഷ്ടം നോക്കാതെ ജീവനക്കാർക്ക് 2018-19 വർഷത്തെ മൊത്തം വാർഷിക വേതനത്തിന്റെ 8.33% മാസവേതനം പരമാവധി 7000 രൂപ എന്ന തോതിൽ കണക്കാക്കി ബോണസ് നൽകാൻ സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ടു.
2018-19 വർഷത്തെ കണക്കനുസരിച്ച് ബോണസ് ആക്ടിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം മതിയായ സംഖ്യ അലോക്കബിൾ സർപ്ലസ് ഉള്ള സംഘങ്ങൾ 7000 രൂപ വരെ മാസവേതനം ഉള്ള ജീവനക്കാർക്ക് വാർഷിക വേതനത്തിന്റെ 20 ശതമാനത്തിൽ അധികരിക്കാത്ത സംഖ്യ ബോണസായി നൽകണം.
അലോക്കബിൾ സർപ്ലസ് ഉള്ള സംഘങ്ങൾ 7000 രൂപയ്ക്ക് മേൽ മാസവേതനം ഉള്ള ജീവനക്കാർക്ക്, മാസവേതനം 7000 രൂപ എന്ന് കണക്കാക്കി ആയതിന്റെ 20 ശതമാനത്തിൽ അധികരിക്കാത്ത സംഖ്യ ബോണസായി നൽകാം.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്ന അപ്രൈസർ മാർക്ക് പ്രതിമാസ ശമ്പളപരിധി 3000 രൂപയായി നിശ്ചയിച്ചു കൊണ്ട് ആയതിന് ആനുപാതികമായി ബോണസ് അനുവദിക്കാം.
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ/ വായ്പാ കളക്ഷൻ ജീവനക്കാർക്ക് ടി യാളുടെ കമ്മീഷനിൽ നിന്നും പ്രതിമാസ ശമ്പളപരിധി യായി 4000 രൂപ നിശ്ചയിച്ചുകൊണ്ട് ആയതിന് ആനുപാതികമായി ബോണസ് അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു.