സഹകരണ മേഖല ഹോംനഴ്സിംഗ് രംഗത്തേക്ക്‌.

adminmoonam

അനാരോഗ്യവും പ്രായാധികവും അപകടവും മൂലം ശയ്യാവലംബരായവരെ പ്രതീക്ഷയുടെ ലോകത്തേക്ക് നയിക്കാൻ ഇനി സഹകരണമേഖലയുടെ കരസ്പർശം. കാസർകോട് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ആൻഡ് പ്രോസസിംഗ് സൊസൈറ്റിയാണ് വേറിട്ട വഴിയിലൂടെ ആതുര സേവന മേഖലയ്ക്ക് ഇറങ്ങുന്നത്. സ്വകാര്യമേഖലയുടെ കുത്തകയായിരുന്ന ഈ രംഗം ഇനി സഹകരണ മേഖലയുടെ കര സ്പർശത്തിലൂടെ പുതിയ തലത്തിലേക്ക് ഉയരും. ഈ രംഗത്തേക്ക് പ്രവർത്തിക്കുന്നത് സംബന്ധിച്ച നിയമാവലി ഭേദഗതിക്‌ കഴിഞ്ഞദിവസം കാസർകോട് സഹകരണസംഘം രജിസ്ട്രാർ വി.മുഹമ്മദ് നൗഷാദ് അംഗീകാരം നൽകി. ഇതോടെ സഹകരണമേഖലയിൽ പുതിയ ദിശാബോധത്തിനും ആതുരസേവന മേഖലയ്ക്കും സഹകരണ രംഗം വഴി തുറക്കുകയാണ്.

ചൂഷണവും കാര്യക്ഷമതകുറവും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഹോം നഴ്സിങ് മേഖലയിൽ സഹകരണ സ്പർശം ഏറെ ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കാം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണ സ്ഥാപനം ശയ്യാവലംബരായവർക്ക് അവരുടെ കിടക്കയ്ക്കരികിൽ ആശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കൈകളുമായി സേവനത്തിന് എത്തുന്നത്. സേവന മനോഭാവം ഉള്ളവരും അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് ആവശ്യമായ പരിശീലനം നൽകി ഹോം നേഴ്സിംഗ് ജോലിയിലേക്ക് അവരെ ആകർഷിക്കുമെന്ന് സംഘം പ്രസിഡണ്ട് കെ.വി. ഗോപാലൻ പറഞ്ഞു. ആശുപത്രികളിലും വീടുകളിലും കഴിയുന്ന രോഗികൾക്ക് നഴ്സിംഗ് സേവനം ആവശ്യപ്പെട്ടാൽ ഉറപ്പാക്കും. പ്രസവാനന്തര പരിചരണത്തിനും ഹോംനേഴ്സിന്റെ സേവനത്തിനായി വിളിക്കാം എന്ന് പ്രസിഡന്റ് പറഞ്ഞു.

ഹോം നഴ്സിംഗ് സേവന സന്നദ്ധരായവർക്ക് വിദ്യാനഗറിൽ ഉള്ള സംഘം ഓഫീസിൽ വച്ച് ഫെബ്രുവരിയിൽ പരിശീലനം നൽകിയ ശേഷം ആയിരിക്കും സ്നേഹത്തിൻറെയും സേവനത്തിനും മേഖലയിലേക്ക് ഇവരുടെ കൈകൾ നീളുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News