സഹകരണ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി കേന്ദ്രത്തിന്റെ സഹകരണ നിയമങ്ങൾ: കെ. മുരളീധരൻ എം.പി
സഹകരണ മേഖല ഇന്ന് നേരിടുന്നതിൽ പ്രധാന വെല്ലുവിളി കേന്ദ്രം കൊണ്ടുവരാൻ പോകുന്ന സഹകരണ നിയമങ്ങളാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ കല്ലായ് ശാഖയുടെ സ്വന്തം കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയ്ക്ക് ഏറെ വെല്ലുവിളിയാകാൻ പോകുന്ന നിയമത്തെ സംബന്ധിച്ചുള്ള ബില്ല് അടുത്ത പാർലമെന്റിൽ തന്നെ കൊണ്ടുവരാനാൻ സാധ്യതയുണ്ട്. ഇന്ത്യൻ മുഴുവൻ ഒരു നിയമം വരുമ്പോൾ സഹകരണ മേഖല ശക്തിപ്പെടാത്ത സംസ്ഥാനങ്ങൾക്കും ശക്തമായ കേരളത്തിനും ഒരേ നിയമം വരും. കൂടുതൽ കേന്ദ്രീകൃത നിയമം വരുമ്പോൾ കൂടുതൽ നിയന്ത്രണങ്ങൾ വരും ഇതിനെ കേരളം ഒരുമിച്ച് നേരിടണം – അദ്ദേഹം പറഞ്ഞു.
തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഭദ്രദീപം തെളിയിച്ചു. 20 വർഷം കൊണ്ട് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് കൈവരിച്ച നേട്ടം അസൂയാവഹമാണെന്നും ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ നേട്ടം കൈവരിച്ച സഹകരണ ബാങ്ക് ഇല്ലെന്നുംഅദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ എം.സി. മായിന്‍ഹാജി ലോക്കര്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ് അധ്യക്ഷയായി. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ബി.സുധ ആദ്യ നിക്ഷേപം സ്വീകരിച്ചു. ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എം.പി. രജിത് കുമാര്‍, കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ടി.പി. ദാസന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) വാസന്തി കെ.ആര, റിട്ട.ജോയിന്റ് രജിസ്റ്റര്‍ പി. ജയരാജന്‍, കോഴിക്കോട് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.പി. സുധീര്‍കുമാര്‍ എന്നിവര്‍ ആശംസ നേർന്നു. ബാങ്ക് വൈസ് ചെയര്‍മാന്‍ കെ.ശ്രീനിവാസന്‍ സ്വാഗതവും ബാങ്ക് ഡയറക്ടര്‍ സി.എന്‍.വിജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.