സഹകരണ മേഖലയെ തൊട്ടുകളിക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല: മുഖ്യമന്ത്രി
സഹകരണ മേഖലയെ തൊട്ടുകളിക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളും സർക്കാരും അതിനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കാലിക്കറ്റ് ടൗൺ സർവീസ് സഹകരണബാങ്ക് രജതജൂബിലി ആഘോഷം അദ്ദേഹം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് മാറി മാറി അധികാരത്തിൽ വന്ന സർക്കാരുകൾ കേരളത്തിലെ സഹകരണ മേഖലയുടെ സംരക്ഷണത്തിനായി ഒപ്പംനിന്നു. സഹകരണ മേഖലയ്ക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ നടന്നത് കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കാലത്താണ്. എന്നാൽ കേന്ദ്രം അന്ന് അത്തരമൊരു സമീപനമെടുത്തപ്പോഴും ഇവിടുത്തെ യുഡിഎഫ് സർക്കാർ അതിനൊപ്പം നിന്നില്ല. സഹകരണ മേഖലയുടെ സംരക്ഷണത്തിന് കക്ഷി രാഷ്ട്രീയ വ്യത്യാസമുണ്ടായിരുന്നില്ല. ഇതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ സഹകരണമേഖലയ്ക്കെതിരെ പലരീതിയിലുള്ള പ്രവർത്തനങ്ങൾ വളർന്നുവരികയാണ്. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് നേരത്തെയുള്ള കാര്യമാണ്. എന്നാൽ കേരളത്തിലെ ബാങ്കിങ് രംഗം ജനകീയമാക്കിയത് സഹകരണ മേഖലയാണ്. ഗ്രാമങ്ങൾതോറും സഹകരണസംഘങ്ങളുണ്ട്. ഇപ്പോൾ കാണുന്ന വാണിജ്യബാങ്കുകളുടെ ഗ്രമീണ ശാഖകളുടെ അടിസ്ഥാനം സഹകരണ മേഖലയാണ്.
ആർക്കും ഈ സഹകരണ മേഖലയെ തകർത്ത് കളയാമെന്ന വ്യമോഹം വേണ്ട. അത് ജനങ്ങളുടേതാണ്. ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി നിലനിൽക്കുന്ന ഒന്നാണ്. ഏതെങ്കിലും തരത്തിൽ ഈ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾ ഉണ്ടായാലും അതിനെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നിലുണ്ടാകും. അതിന്റെ മുൻപന്തിയിൽ കേരള സർക്കാരുമുണ്ടാകും. ഒരു ശക്തിയേയും സഹകരണമേഖലയെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്വാഗതസംഘം ചെയർമാനും കോഴിക്കോട് ഡെപ്യൂട്ടി മേയറുമായ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു.ടൗൺ ബാങ്ക് ചെയർമാൻ ടി.വി. നിർമലൻ, ജനറൽ മാനേജർ സുനിൽകുമാർ, ബാങ്ക് വൈസ് ചെയർമാൻ എം. ഭരദ്വാജ്എന്നിവർ സംസാരിച്ചു.
എം.ഭാസ്കരൻ മെമ്മോറിയൽ സഹകാരി പ്രതിഭാ പുരസ്കാരം കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബിന് പിണറായി വിജയൻ സമ്മാനിച്ചു.
രജത ജൂബിലി സ്മരണിക മന്ത്രി അഹമ്മദ് ദേവർകോവിൽ യു.എൽ.സി.സി ചെയർമാൻ രമേശൻ പാലേരിക്ക് നൽകി പ്രകാശനം ചെയ്തു.
ബാങ്ക് ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും പാടുകാരുടെയും അവയവദാന സമ്മതപത്രം മുഖ്യമന്ത്രി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എൻ.അശോകന് കൈമാറി.
ബാങ്കിൻ്റെ കനകധാരാ സ്വർണ വായ്പാ പദ്ധതി മേയർ ബിന ഫിലിപ്പ്, ക്യാഷ് ഇൻഷുറൻസ് സ്കീം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സ്റ്റുഡന്റ്സേവിങ് അക്കൗണ്ട് & സ്കീം കേരള ബാങ്ക് ഡയറക്ടർ ഇ. രമേഷ് ബാബു, മുറ്റത്തെ മുല്ല വായ്പ പദ്ധതി ജോയിന്റ് രജിസ്ട്രാർ ബി. സുധ എന്നിവർ ഉദ്ഘാടനം ചെയ്തു.
[mbzshare]