സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമങ്ങൾ ചെറുക്കണം : മുഖ്യമന്ത്രി 

[mbzauthor]

സഹകരണ മേഖലയെ എങ്ങനെയൊക്കെ തകർക്കാം എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ പരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ സമീപനങ്ങൾ കാരണം സഹകരണ മേഖലയുടെ ഭാവിയിൽ ആശങ്കയുണ്ട്. സഹകരണ മേഖലയ്ക്കെതിരായ സംഘടിതമായ നീക്കം നമ്മൾ ചെറുത്തു തോൽപ്പിക്കണം മുഖ്യമന്ത്രി പറഞ്ഞു.

69 -ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കേരളത്തിലെ പരിപാടികൾ പാലക്കാട് പിരായിരി ഹൈടെക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി വർഷങ്ങളെടുത്ത് പടുത്തുയർത്തിയതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. അതുകൊണ്ട് കൂടുതൽ ജനകീയ ബന്ധം ഇവിടെ സഹകരണ മേഖലയ്ക്ക് ഉണ്ടായിട്ടുണ്ട്. ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം എന്ന നിലയിൽ പടിപടിയായാണ് കേരളത്തിലെ സഹകരണ മേഖല വളർന്നു വന്നത്. കേരളത്തിലെ വായ്പാ മേഖലയുടെ വളർച്ച അസൂയാവഹമാണ്. ബാങ്കിംഗ് സംസ്കാരം കേരളത്തിൻറെ എല്ലാഭാഗത്തും വളർത്തിയെടുത്തത് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളാണ്. കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സർക്കാരിനൊപ്പം സഹകരണ മേഖലയും പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ കേന്ദ്രസർക്കാറിന്റെ നിലപാട് വ്യത്യസ്തമാണ്. കേന്ദ്ര സർക്കാർ നേരിട്ടും റിസർവ് ബാങ്ക് വഴിയും സഹകരണ മേഖലയിൽ ഇടപെട്ടു വരികയാണ്. ഇത് സഹകരണ മേഖലയ്ക്ക് ഒട്ടും ഗുണകരമല്ല. സഹകരണ മേഖലയെ സാധാരണക്കാരിൽ നിന്ന് അകറ്റാനാണ് ഇത്തരം നടപടികൾ കൊണ്ട് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.

സഹകരണ മേഖലയെ ദുർബലപ്പെടുത്താനാണ് അവരുടെ ശ്രമം. ഇപ്പോൾ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ പെരുകി വരുകയാണ്. ഇവർക്ക് തോന്നിയപോലെ പ്രവർത്തനം നടത്താം എന്ന അവസ്ഥയാണ് ഉള്ളത്. ഇവയുടെ പ്രവർത്തനത്തിൽ ഒരു നിയന്ത്രണവുമില്ല. സഹകരണ മേഖലയെ കളങ്കപ്പെടുത്തുന്ന ഇത്തരം നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ല.ലാഭമല്ല ജനങ്ങളാണ് സഹകരണ മേഖലയുടെ കേന്ദ്ര സ്ഥാനത്ത് നിൽക്കേണ്ടത്. അപ്പോൾ സഹകരണ മേഖലയുടെ വിശ്വാസ്യതക്ക് കോട്ടംതട്ടാതെ നമ്മൾ സൂക്ഷിക്കണം. കാരണം ബഹുമുഖമായ ഇടപെടലാണ് സഹകരണ മേഖല കേരളത്തിൽ നടത്തുന്നത്. വരും കാലം മുന്നിൽ കണ്ടുള്ള പ്രവർത്തനം സഹകരണ മേഖല ഏറ്റെടുക്കണം – മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സഹകരണ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. സഹകരണ സംഘങ്ങൾക്ക് തയ്യാറാക്കിയ സമഗ്രമായ സഹകരണ നിയമ ഭേദഗതി ബില്ല് അടുത്ത നിയമ സഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ഒരു ഏകീകൃത ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.

മൾട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ശാഖകൾ വന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത് തടയിടുന്നതിനും സഹകരണ മേഖലയുടെ വിശ്വാസത ഊട്ടിയുറപ്പിക്കുന്നതിനുമായി എല്ലാ സഹകരണ സ്ഥാപനങ്ങളും സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള നിയമപരമായി അംഗീകാരമുള്ള സഹകരണ സ്ഥാപനങ്ങളിലെല്ലാം ഈ ലോഗോ പ്രദർശിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.റിസ്ക് ഫണ്ട് ആനുകൂല്യം രണ്ടു ലക്ഷം രൂപയിൽ നിന്നും മൂന്നു ലക്ഷം രൂപയായി വർദ്ധിപ്പിച്ചുവെന്നും നിക്ഷേപക ഗ്യാരണ്ടി സ്കീം മൂന്നു ലക്ഷം രൂപയിൽ നിന്നും അഞ്ചു ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ടെന്നു. ഏതെങ്കിലും ഒരു സഹകാരിക്ക് കഷ്ടപ്പാടോ ബുദ്ധിമുട്ടോ ഉണ്ടായാൽ അതിനെ നേരിടാൻ അവർക്ക് ആശ്വാസം എന്നോളം 50000 രുപ ധനസഹായം നൽകുന്ന സഹകാരിക്ക് ഒരു സാന്ത്വനം എന്ന പദ്ധതി നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ സഹകരണ മേഖല നേരിടുന്ന ഏതൊരു വെല്ലുവിളിയെയും മറികടക്കാൻ സാധിക്കുമെന്നും സഹകരണ മേഖലയെ ആരു വിചാരിച്ചാലും തളർത്താനോ തകർക്കാനോ കഴിയില്ലെന്നുമാണ് ഈ കാലഘട്ടം സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ സംഘം രജിസ്ട്രാർ അലക്സ് വർഗീസ്, പാലക്കാട് ജില്ലാ കളക്ടര്‍ മ്യൂണ്‍മയി ജോഷി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി. ഉദയന്‍, സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ ബിജു ജേക്കബ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ എം. പുരുഷോത്തമന്‍, പി. ജയദാസ്, കെ. സുരേഷ്, കെ. സുരേന്ദ്രന്‍, കെ.ജി. ബാബു,പി.മമ്മിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സ്വാഗതവും അഡീഷണല്‍ രജിസ്ട്രാര്‍ ഗ്ലാഡി ജോണ്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.