സഹകരണ ഭീമന്മാരില്‍ ഇഫ്‌കോ മുന്നില്‍
ലോകത്തെ മുന്‍നിരയിലുള്ള 300 സഹകരണ സ്ഥാപനങ്ങളില്‍ ഇന്ത്യയിലെ ഇഫ്‌കോ ഒന്നാം സ്ഥാനത്തെത്തി. മൊത്തം വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ഇഫ്‌കോ ഒന്നാമതെത്തിയത്.
അന്താരാഷ്ട്ര സഹകരണ സഖ്യ ( ഐ.സി.എ. ) ത്തിന്റെ 2020 ലെ വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിട്ടര്‍ ( WCM ) റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.
36,000 സഹകരണ സ്ഥാപനങ്ങള്‍ അംഗങ്ങളായിട്ടുള്ള ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡി ( IFFCO ) ന്റെ മൊത്തം വിറ്റുവരവ് 700 കോടി ഡോളറാണ്. വിറ്റുവരവില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇഫ്‌കോ 125 -ാം സ്ഥാനത്തായിരുന്നു. ഇത്തവണ അത് മെച്ചപ്പെട്ട് 65 -ാം സ്ഥാനത്തെത്തി.
രാജ്യത്തിന്റെ മൊത്തം ദേശീയോല്‍പ്പാദനത്തിലും സാമ്പത്തിക വളര്‍ച്ചയിലും ഇഫ്‌കോയുടെ സംഭാവന നിര്‍ണായകമാണെന്നാണ് ഈ സ്ഥാനലബ്ധി തെളിയിക്കുന്നതെന്നു ഇഫ്‌കോയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ഇഫ്‌കോയ്ക്കും സഹകരണ മേഖലയ്ക്കും ഇത് അഭിമാന മുഹൂര്‍ത്തമാണെന്നു ഇഫ്‌കോ മാനേജിങ് ഡയരക്ടര്‍ ഡോ. യു.എസ്. അവസ്തി അഭിപ്രായപ്പെട്ടു. രാജ്യത്തെങ്ങുമുള്ള കര്‍ഷകരുടെയും സഹകരണ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയ്ക്ക് പ്രതിജ്ഞാബദ്ധമാണ് ഇഫ്‌കോ – അദ്ദേഹം പറഞ്ഞു.
1967 നവംബര്‍ മൂന്നിനു മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഇഫ്‌കോയുടെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്. രാസവളങ്ങള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍, ഉപോല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണം ഏറ്റെടുത്തും അവയുടെ പരിവര്‍ത്തനം, സംഭരണം, വിപണനം എന്നിവ നടത്തിയും അംഗസംഘങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുക എന്നതാണ് ഇഫ്‌കോ ലക്ഷ്യമിടുന്നത്. ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തന മേഖലയായുള്ള ഇഫ്‌കോയില്‍ ദേശീയതലത്തിലുള്ള എല്ലാ കാര്‍ഷിക വായ്പാ, വിപണന, സംസ്‌കരണ, വിതരണ സംഘങ്ങളുടെയും ഫെഡറേഷനുകള്‍ അംഗങ്ങളാണ്.