സഹകരണ ബാങ്ക്: അംഗത്വം റദ്ദാക്കിയ അഡ്മിനിസ്ട്രേറ്ററുടെ നടപടിക്ക് സംപ്രീംകോടതി സ്റ്റേ
സഹകരണ ബാങ്കില്‍ അംഗങ്ങളായി ചേര്‍ന്നവരുടെ അംഗത്വം റദ്ദാക്കിയ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് ശരി വെച്ചുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തൃശ്ശൂരിലെ അടാട്ട് സര്‍വീസ് സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിച്ച നടപടിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചത്. 2017 ല്‍ ചുമതലയേറ്റ അഡ്മിനിസ്ട്രേറ്ററാണ് 4464 പേരുടെ അംഗത്വം റദ്ദാക്കിയത്.
ഇത് ചോദ്യം ചെയ്ത ചില അംഗങ്ങള്‍ 2020 ല്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്കി. ഇത് പരിഗണിച്ച കോടതി അഡ്മിനിസ്ട്രേറ്ററുടെ നടപടി തെറ്റാണെന്ന് വിധിച്ചു. എന്നാല്‍ ഇതിനെതിരെ അഡ്മിനിസ്ട്രേറ്റര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ പോയി. അംഗത്വം റദ്ദാക്കി കൊണ്ടുള്ള അഡ്മിനിസ്ട്രേറ്ററുടെ നടപടി ഡിവിഷന് ബെഞ്ച് ശരിവെച്ചു. 2022 ഡിസംബര്‍ ഒന്നിന്റെ ഡിവിഷന് ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണ് ചില അംഗങ്ങള്‍ സുപ്രീംകോടതിയുടെ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
ജസ്റ്റിസ്സുമാരായ സഞ്ജീവ് ഖന്ന, എം.എ.സുന്ദരേഷ് എന്നിവരുടെ ബെഞ്ചാണ് സ്റ്റേ നല്‍കിയത്. അടാട്ട് സഹകരണ ബാങ്ക് 2011 ല്‍ സിപിഎം ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അഡ്മിനിസ്ട്രറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. 2014 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബാങ്ക് പിടിച്ചെടുത്തു. തുടര്‍ന്ന് 2017 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്ററുടെ ഭരണ ഏര്‍പ്പെടുത്തി. ഇപ്പോഴത്തെ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം തുടരുകയാണ്.